ഉദയഭാനുവും സരോജ്‌കുമാറും വീണ്ടുമെത്തുന്നു; 'ഉദയനാണ് താരം' റീ റിലീസിലേക്ക്
text_fieldsമലയാളത്തിൽ വീണ്ടുമൊരു റീ റിലീസ് ട്രെൻഡ്. മോഹൻലാൽ-റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിലിറങ്ങിയ ഹിറ്റ് ചിത്രം ഉദയനാണ് താരമാണ് റീ റിലീസിന് ഒരുങ്ങുന്നത്. ജൂണ്‍ 20ന് ചിത്രം വീണ്ടും തിയറ്ററിലെത്തും. 20 വര്‍ഷത്തിനുശേഷം 4K ദൃശ്യ മികവോടെയാണ് ചിത്രം എത്തുന്നത്.
പ്രേക്ഷകനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഉദയനാണ് താരം സിനിമക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ പടമാണ്. കാൾട്ടൺ ഫിലിംസിന്‍റെ ബാനറിൽ സി.കരുണാകരനാണ് ചിത്രം നിർമിച്ചത്. ഉദയഭാനുവായി മോഹൻലാലും സരോജ്‌കുമാർ എന്ന രാജപ്പനായി ശ്രീനിവാസനും തകർത്തഭിനയിച്ച ചിത്രത്തിൽ മീനയായിരുന്നു നായിക. റിലീസ് വേളയിൽ ബോക്സ് ഓഫിസിൽ മികച്ച വിജയം നേടിയ ചിത്രം വീണ്ടും റിലീസിന് എത്തുമ്പോൾ ആരാധകരും ആവേശത്തിലാണ്.
2005 ജനുവരി 21നാണ് ചിത്രം പുറത്തിറങ്ങിയത്. ദീപക് ദേവിന്റെ സംഗീതത്തില്‍ വിനീത് ശ്രീനിവാസന്‍ പാടിയ 'കരളേ, കരളിന്റെ കരളേ' എന്ന ഗാനം ഉള്‍പ്പടെ ചിത്രത്തിലെ ഗാനങ്ങളും ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയവയാണ്. മികച്ച നവാഗത സംവിധായകന്‍, മികച്ച നൃത്തസംവിധാനം എന്നിവക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളുമായി മികച്ച പ്രേക്ഷക- നിരൂപക ശ്രദ്ധനേടിയ ചിത്രവുമാണ് ഉദയനാണ് താരം. ശ്രീനിവാസന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

