പ്രശസ്ത കന്നഡ താരം ഡാലി ദഞ്ജയ, സുദേവ് നായർ, രാഹുൽ മാധവ്, ദുർഗ കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ട്വന്റി വൺ ഹവേഴ്സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. കന്നഡയിലെയും മലയാളത്തിലെയും താരങ്ങൾ ഒന്നിക്കുന്ന ഈ ചിത്രം അഹാം കൺസെപ്റ്റം പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ കഴിഞ്ഞ 20 വർഷങ്ങളായി സൗത്ത് ഇന്ത്യൻ പരസ്യ മേഖലയിൽ ശ്രദ്ധേയനായ ജയശങ്കർ പണ്ഡിറ്റാണ് സംവിധാനം ചെയ്യുന്നത്. മലയാളത്തിലും കന്നഡയിലുമായി ഒരുങ്ങുന്ന ഈ ചിത്രം ബെംഗളൂരു നഗരത്തിൽ വെച്ച് കാണാതായ കേരളത്തിലെ ഒരു പെൺകുട്ടിയെക്കുറിച്ചും അടുത്ത 21 മണിക്കൂറിനുള്ളിൽ എന്ത് സംഭവിക്കുമെന്നതിനെ കുറിച്ചുമാണ്.
രാജീവൻ നമ്പ്യാർ പ്രൊഡക്ഷൻ ഡിസൈനറായി എത്തുന്ന ഈ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് പ്രശസ്ത ഛായാഗ്രാഹകന്‍ തിരു ആണ്. കോവിഡ് -19 കാരണം പരിമിതമായ ക്രൂ ഉൾപ്പെടുത്തി 21 ദിവസങ്ങളിലായി ബാംഗ്ലൂരിൽ ആയിരുന്നു പൂർണ്ണമായും ചിത്രം ഷൂട്ട് ചെയ്തത്.ഒരു യഥാർത്ഥ സംഭവത്തിൽ നിന്നാണ് ഈ ആശയം മുളച്ചതെന്ന് സംവിധായകൻ പറയുമ്പോളും, കഥ തികച്ചും സാങ്കൽപ്പികമാണ്.സംവിധായകൻ ജയശങ്കർ പണ്ഡിറ്റും വിനോദ് സുധീറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.അഹാം കൺസെപ്റ്റം പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ബാലകൃഷ്ണ എൻ എസ്, അഭിഷേക് ടി രുദ്രമൂർത്തി, സുനിൽ ആർ ഗൗഡ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.