നടൻ വിജയ് വിവാഹമോചിതനാകുന്നു; ഭാര്യ വിവാഹമോചന ഹരജി ഫയൽ ചെയ്തു
text_fieldsചെന്നൈ: ടി.വി.കെ അധ്യക്ഷനും തമിഴ്നടനുമായ വിജയിയുടെ ഭാര്യ സംഗീത സ്വർണലിംഗം കോടതിയിൽ വിവാഹമോചന ഹരജി ഫയൽ ചെയ്തു. വിജയിയുമായുള്ള 25 വർഷത്തെ ദാമ്പത്യത്തിനൊടുവിലാണ് അവരുടെ വിവാഹമോചന ഹരജി. 1999 ആഗസ്റ്റിലാണ് ഇരുവരും വിവാഹിതരാവുന്നത്. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് ഹരജി നൽകിയിരിക്കുന്നത്.
വിജയിക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ഹരജിയിൽ സംഗീത ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2021ലാണ് ഇത്തരമൊരു ബന്ധമുള്ളത് താൻ മനസിലാക്കിയതെന്നും ഹരജിയിൽ പറയുന്നു. ഇതേതുടർന്നാണ് നടനുമായി വിവാഹമോചനത്തിലെത്താൻ താൻ തീരുമാനമെടുത്തതെന്നും സംഗീത സ്വർണലിംഗം പറഞ്ഞു. ബന്ധം അവസാനിപ്പിക്കുമെന്ന് ഉറപ്പ് നൽകിയിട്ടും, യാതൊരു പശ്ചാത്താപവുമില്ലാതെ വിജയ് ബന്ധം തുടർന്നുവെന്നും ഹരജിയിൽ പറയുന്നു. ഇത് സ്പെഷ്യൽ മാര്യേജ് ആക്ടിലെ സെക്ഷൻ 27(1)(എ), 27(1)(ഡി) പ്രകാരം വിവാഹമോചനത്തിനുള്ള കാരണമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ ചെങ്കൽപേട്ട് കുടുംബ കോടതിയുടെ പരിഗണനയിലാണ് ഹരജിയുള്ളത്. ഏപ്രിൽ 20ന് കോടതിയിൽ ഹാജരാവാൻ ആവശ്യപ്പെട്ട് കോടതി വിജയിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. കോടതിയിൽ നേരിട്ട് ഹാജരാവണമെന്നാണ് കോടതി നൽകിയിരിക്കുന്ന നിർദേശം. ഏപ്രിൽ 20ന് തന്നെയാണ് ഹരജി വീണ്ടും പരിഗണിക്കുക.
വിജയിയുടെ ഭാര്യയായ സംഗീത ജനിച്ചതും വളർന്നതുമെല്ലാം ലണ്ടനിലാണ്. ശ്രീലങ്ക കേന്ദ്രീകരിച്ച് ബിസിനസ് നടത്തുന്ന സ്വർണലിംഗമാണ് സംഗീതയുടെ പിതാവ്. വിജയയുടെ പൂവെ ഉനക്കാകെ വൻ ഹിറ്റായതിനെ തുടർന്ന് സംഗീത ഇന്ത്യയിലെത്തി താരത്തെ കാണുകയായിരുന്നു. കൂടിക്കാഴ്ചക്കൊടുവിൽ ഇരുവരും പ്രണയത്തിലാവുകയും ബന്ധം വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

