രണ്ട് കട്ടുകൾ നിർദേശിച്ച് സെൻസർ ബോർഡ്, പറ്റില്ലെന്ന് ആമിർ ഖാൻ; 'സിത്താരെ സമീൻ പർ' സർട്ടിഫിക്കേഷൻ വൈകും
text_fieldsആർ. എസ്. പ്രസന്ന സംവിധാനം ചെയ്യുന്ന, ആമിർ ഖാന്റെ വരാനിരിക്കുന്ന ചിത്രമായ 'സിത്താരെ സമീൻ പർ' സർട്ടിഫിക്കേഷനിൽ തടസം നേരിടുന്നതായി റിപ്പോർട്ട്. സർട്ടിഫിക്കറ്റ് നൽകുന്നതിന് മുമ്പ് ചിത്രത്തിൽ രണ്ട് കട്ടുകൾ വരുത്താൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് (സി.ബി.എഫ്.സി) നിർദ്ദേശിച്ചതായാണ് വിവരം. എന്നാൽ, ഇതിന് ആമിറോ പ്രസന്നയോ തയാറാകുന്നില്ലെന്നാണ് റിപ്പോർട്ട്.
'സി.ബി.എഫ്.സി രണ്ട് കട്ടുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, കട്ടുകൾ ഇല്ലാതെ ചിത്രം ഇറക്കണമെന്നാണ് ആമിർ ഖാൻ കരുതുന്നത്. അദ്ദേഹവും സംവിധായകൻ ആർ. എസ്. പ്രസന്നയും വളരെയധികം ചിന്തിച്ചാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അങ്ങനെ കാണുമ്പോൾ ചില രംഗങ്ങളും സംഭാഷണങ്ങളും പൂർണമായും ഉചിതമാണെന്ന് തോന്നുന്നു'-വൃത്തങ്ങൾ അറിയിച്ചു. എന്നാൽ സി.ബി.എഫ്.സി നിർദ്ദേശിച്ച കട്ടുകളുടെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
ആമിർ ഖാൻ സി.ബി.എഫ്.സി നിർദേശം സ്വീകരിക്കാത്തതുകൊണ്ടാണ് സീതാരേ സമീൻ പറിന് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്തതെന്നും തിങ്കളാഴ്ച വീണ്ടും സമിതിയെ കണ്ട് തന്റെ കാഴ്ചപ്പാട് അവതരിപ്പിക്കാൻ ആമിർ പദ്ധതിയിടുന്നതായും പിങ്ക്വില്ല റിപ്പോർട്ട് ചെയ്യുന്നു. ജൂൺ 16നകം സി.ബി.എഫ്.സി ചിത്രത്തിന് അനുമതി നൽകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, പ്രശ്‌നം പരിഹരിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു. സെൻസർ സർട്ടിഫിക്കറ്റ് ഇല്ലാതെ തിയറ്ററുകൾക്ക് ടിക്കറ്റ് വിൽക്കാൻ അനുവാദമില്ലാത്തതിനാൽ, ഇതിന് ശേഷം മാത്രമേ മുൻകൂർ ബുക്കിങ് ആരംഭിക്കുകയുള്ളുവെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
ബ്രിട്ടീഷ് ഫിലിം ക്ലാസിഫിക്കേഷൻ ബോർഡിൽ (ബി.ബി.എഫ്.സി) നിന്ന് 'സിതാരേ സമീൻ പർ' എന്ന ചിത്രത്തിന് 12A റേറ്റിങ് ലഭിച്ചിട്ടുണ്ട്. വിവേചനത്തിന്റെ പ്രമേയങ്ങളും ചില ലൈംഗിക പരാമർശങ്ങളും സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ബി.ബി.എഫ്.സി പറയുന്നു. ചിത്രത്തിന്‍റെ റൺടൈം 2 മണിക്കൂറും 35 മിനിറ്റുമാണെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ആമിറിന് പുറമെ ജെനീലിയ ദേശ്മുഖും പ്രധാന വേഷത്തിൽ അഭിനയിക്കുന്ന 'സീതാരേ സമീൻ പർ' ജൂൺ 20ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. പിങ്ക്വില്ല റിപ്പോർട്ട് അനുസരിച്ച് രാജ്യമെമ്പാടുമുള്ള 3000 മുതൽ 3500 വരെ സ്‌ക്രീനുകളിൽ ചിത്രം പ്രദർശിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

