കണ്ണീർമഴയുടെ ഫ്രെയിമിൽ നവാസിന് യാത്രാമൊഴി
text_fieldsനവാസ് ഇസ്മായിൽ
അതിരമ്പുഴ: മഴക്കൊപ്പം നാടിന്റെ കണ്ണീർകൂടി ആർത്തുപെയ്ത പകലിൽ ചലച്ചിത്ര ഛായാഗ്രഹകൻ കൂടിയായ നവാസിന് യാത്രാമൊഴിയേകി നാട്. മലയാളത്തിലും മറ്റ് ഭാഷകളിലുമടക്കം നിരവധി സിനിമകൾക്ക് കാമറ ചലിപ്പിച്ച നവാസ് ഇസ്മായിൽ (48) കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് മരിച്ചത്. അണുബാധയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തിങ്കളാഴ്ച രാത്രി 11നുശേഷം മൃതദേഹം വസതിയിലെത്തിച്ചപ്പോൾ മുതൽ അന്ത്യാഞ്ജലിയർപ്പിക്കാൻ ജനം ഒഴുകിയെത്തി. സൗമ്യത നിറഞ്ഞ ശൈലിയും ചിരി തൂകുന്ന മുഖവുമായി നാട്ടിൽ നിറഞ്ഞുനിന്ന നവാസ്, വിവാഹങ്ങളടക്കമുള്ള ആഘോഷങ്ങളും സന്തോഷ നിമിഷങ്ങളും സുന്ദര ഫ്രെയിമുകളിലാക്കി ഏവരുടെയും ഹൃദയം കവർന്നു.
ശാന്തമായ സ്വഭാവരീതി കൊണ്ടുതന്നെ ഒരിക്കൽ പരിചയപ്പെടുന്നവർ എക്കാലവും സൗഹൃദം കാക്കുമെന്ന സവിശേഷതയുണ്ട്. തിരക്കേറിയ കാമറമാനായിരുന്നു. ഏറെ പ്രിയപ്പെട്ട വിഡിയോഗ്രഫിയുടെ തിരക്കിലമരുമ്പോൾ തന്നെയാണ് അണുബാധയുണ്ടായി തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുന്നത്.
രോഗം മൂർച്ഛിച്ചതോടെയാണ് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. തിരികെ ജീവിതത്തിലേക്ക് വരുമെന്ന പ്രതീക്ഷകൾക്കിടെയായിരുന്നു ഉറ്റവരെയും നാടിനെയും നടുക്കി വിയോഗ വാർത്തയെത്തിയത്.‘യക്ഷിയും ഞാനും’, ‘രഘുവിന്റെ സ്വന്തം റസിയ’ എന്നീ വിനയൻ ചിത്രങ്ങളുടെ ഛായാഗ്രഹകൻ ആയിരുന്നു. പ്രിയ കാമറമാനെ കാണാൻ വിനയനും എത്തി. പ്രതിസന്ധി നിറഞ്ഞ തന്റെ സിനിമ ജീവിതത്തിൽ ഒപ്പംനിന്ന വ്യക്തിയായിരുന്നു നവാസെന്ന് അദ്ദേഹം അനുസ്മരിച്ചു.
നിർമാതാവ് എൻ.എം. ബാദുഷയടക്കം സിനിമാമേഖലയിലെ അണിയറ പ്രവർത്തകരും അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തി. കാമറമാനെന്നതിലപ്പുറം ജീവകാരുണ്യരംഗത്തും നവാസ് സജീവമായിരുന്നു.അലിവ് ചാരിറ്റബ്ൾ സൊസൈറ്റിയുടെ ഭരണ സമിതി അംഗമായിരുന്നു. കഴിഞ്ഞ ബലി പെരുന്നാളിനുശേഷം അതിരമ്പുഴ ജുമാമസ്ജിദിൽ നടന്ന ബലികർമങ്ങളിലും സജീവ സാന്നിധ്യമായിരുന്നതായി നാട്ടിലെ സുഹൃത്തുക്കൾ ഓർക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

