Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഗോത്രതാളവും കാടിന്റെ...

ഗോത്രതാളവും കാടിന്റെ ഗന്ധവും

text_fields
bookmark_border
ഗോത്രതാളവും കാടിന്റെ ഗന്ധവും
cancel
camera_alt

സു​നീ​ഷ് വ​ട​ക്കു​മ്പാ​ട​ൻ

അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ശ്ര​ദ്ധ​നേ​ടു​ക​യാ​ണ് സു​നീ​ഷ് വ​ട​ക്കു​മ്പാ​ട​ന്‍റെ ‘കാ​ടു’ എ​ന്ന, പ​ണി​യ​ഭാ​ഷ​യി​ല്‍ നി​ർ​മി​ച്ച സി​നി​മ

കാട് മനുഷ്യന്‍റെ ആവാസവ്യവസ്ഥയുടെ ഭാഗമാണ്. കാടും കാട്ടുമൃഗങ്ങളും ജീവശ്വാസമായി മാറിയ ആദിവാസി പണിയ വിഭാഗത്തിന്‍റെ ജീവിതത്തിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോവുന്ന ചലച്ചിത്ര ആവിഷ്കാരമാണ് ‘കാടു’ എന്ന, പണിയഭാഷയില്‍ നിർമിച്ച സിനിമ. ലോകമെമ്പാടുമുള്ള ആദിവാസി ജനത നേരിടുന്ന കുടിയൊഴിപ്പിക്കലിന്‍റെയും അതിജീവനത്തിന്‍റെയും കഥ പറയുകയാണ് ‘കാടു’. 17ാമത് ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്ത്യൻ കോമ്പറ്റീഷൻ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ ഈ ചിത്രം കാടിനെ പ്രാണനായി കാണുന്ന ഒരു ജനതയുടെ ആത്മബന്ധത്തെയാണ് തിരശ്ശീലയിൽ എത്തിക്കുന്നത്. കലാസംവിധായകനും നാടക പ്രവർത്തകനുമായ സുനീഷ് വടക്കുമ്പാടൻ ആദ്യമായി രചനയും സംവിധാനവും നിർവഹിച്ച ചിത്രംകൂടിയാണ് ‘കാടു’. അവർ സിനിമയും ജീവിതവും പറയുന്നു...

കാടിന്റെ രാഷ്ട്രീയം

കേരള സർക്കാർ പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ചലച്ചിത്ര പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ആവിഷ്കരിച്ച പ്രത്യേക പദ്ധതിയിലൂടെയാണ് ‘കാടു’ നിർമിച്ചത്. കെ.എസ്.എഫ്.ഡി.സി വഴി ലഭ്യമായ ഫണ്ടിങ്ങിലൂടെയാണ് ചിത്രം പൂർത്തിയാക്കിയത്. മനുഷ്യനും കാടും തമ്മിലുള്ള ബന്ധം യുഗങ്ങള്‍ക്കുമുമ്പേ തുടങ്ങിയതാണ്. പരിഷ്‍കാരത്തിന്‍റെ പച്ചക്കൊടികള്‍ മനുഷ്യസമൂഹത്തിലേക്ക് കടന്നുവന്നപ്പോള്‍ കാട് മനുഷ്യന് അന്യമായിത്തീര്‍ന്നു. അവിടെയുള്ളവർ അവഗണന അനുഭവിക്കാന്‍ മാത്രം വിധിക്കപ്പെട്ട ഒരു സമൂഹമായി മാറ്റിനിര്‍ത്തപ്പെട്ടു. പിറന്ന മണ്ണിന്‍റെ ചൂടും ചൂരും നീരും വിട്ടകന്ന് വേരുറക്കാൻ കഴിയാതെ വിങ്ങുന്ന ലോകമെമ്പാടുമുള്ള മുഴുവൻ ജീവജാലങ്ങൾക്കുമായാണ് ഈ സിനിമ സമര്‍പ്പിക്കുന്നത്. സ്വന്തം മണ്ണിൽനിന്നും വിട്ടുപോകേണ്ടിവരുന്ന ലോകത്തെ എല്ലാ ജീവജാലങ്ങൾക്കും വേണ്ടിയാണ് ഈ സിനിമയുടെ രാഷ്ട്രീയം നിലകൊള്ളുന്നത്.

പച്ച ജീവിതങ്ങൾ

കാട് നിഗൂഢതകളും അത്ഭുതങ്ങളും നിറഞ്ഞ ലോകമാണ്. മനുഷ്യന്‍റെ ഇടപെടലുകള്‍ നിമിത്തം അവയുടെ ഭംഗി നഷ്ടപ്പെടുന്നെന്ന സത്യം യാത്രകളില്‍ തിരിച്ചറിഞ്ഞതാണ്. അത് മനസ്സിനെ വല്ലാതെ സ്വാധീനിച്ചു. പിന്നീടുള്ള വായനയും കാണുന്ന സിനിമകളുമെല്ലാം കാടിനെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള ത്വരയുണ്ടാക്കി. നമ്മെ പോലെ ജീവിക്കാന്‍ അവകാശമുള്ളവരാണ് ഭൂമിയിലെ മറ്റ് ജീവജാലങ്ങളെല്ലാം. കാടിന്‍റെ അവകാശികളാണ് ആദിവാസികള്‍. അവര്‍ക്ക് അവരുടേതായ ഒരു ജീവിത ശൈലിയുണ്ട്. കാടിന്‍റെ മണം ഇല്ലാതെ അവര്‍ക്ക് ജീവിതം സാധ്യമല്ല. കാട്ടിലെ ഓരോ ചലനവും അവര്‍ക്ക് മനഃപാഠമാണ്. അവിടത്തെ കാറ്റും കിളികളും മീനും പുഴയും എല്ലാം അവരുടെ നിത്യജീവിതത്തിന്‍റെ ഭാഗമാണ്. ആദിവാസികളെ വേദനിപ്പിക്കാതെ അവരെ നമുക്ക് എങ്ങനെ പുനരധിവസിപ്പിക്കാം എന്ന പഠനം കൂടിയാണ് സിനിമ. ലോകത്ത് എല്ലായിടത്തും ആദിവാസി വിഭാഗം അഭിമുഖീകരിക്കുന്ന പ്രശ്നം ഒന്നുതന്നെയാണ്. കല്‍ക്കരി, സ്വർണം പോലുള്ള അസംസ്കൃത വസ്തുക്കളുടെ അമൂല്യ ഖനികള്‍ കാടിനകത്താണ്. ഇവരെ ഒഴിപ്പിച്ചാല്‍ മാത്രമേ ഇവ സ്വന്തമാക്കാന്‍ സാധിക്കൂ. അവരെ അടിച്ചമര്‍ത്തി എല്ലാം കൈക്കലാക്കാന്‍ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ആദിവാസി വിഭാഗത്തിലെ ആളുകളുടെ പ്രതീകമായി ഉപയോഗിച്ചുകൊണ്ട് ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് എല്ലായിടത്തും നടക്കുന്ന വിഷയം സിനിമയിലൂടെ പറയുകയാണ് -സുനീഷ് പറയുന്നു.

കഥ തുടരുന്നു

കാടിനെ സ്നേഹിക്കുന്ന ചാച്ചപ്പൻ എന്ന വൃദ്ധനും അദ്ദേഹത്തിന്‍റെ കൊച്ചുമകൻ കുഞ്ഞനും കാടിനോടുള്ള അഗാധമായ ബന്ധമാണ് സിനിമയുടെ പ്രമേയം. കാട്ടിലെ കിളികളുടെ ഭാഷകള്‍പോലും മനഃപാഠമാക്കുന്ന ചാച്ചപ്പന്‍ അവരുടെ കഥനത്തിന്‍റെ ആഴം കൂടി അറിയുന്നു. ചാച്ചപ്പനെ കണ്ടുവളരുന്ന കുഞ്ഞനും കാടിന്‍റെ ആരാധകനാണ്. കിളികളുടെ ഭാഷ പഠിക്കാന്‍ ശ്രമിക്കുന്നതും കാട് അന്യമാവാതിരിക്കാന്‍ തന്നാലാവും വിധം ചെടികള്‍ നട്ട് വളര്‍ത്തുകയും ചെയ്യുന്നു. പുതുതലമുറയിലും നന്മയുടെ വിത്തുകള്‍ പാകുകയാണ് ചാച്ചപ്പന്‍. ഖനനം നടത്തുന്നതിനായി ആദിവാസികളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നതോടെ ചാച്ചപ്പന്‍ അസ്വസ്ഥനാകുന്നു. പട്ടയം വാങ്ങാന്‍ പോകുന്ന ദിവസം, താന്‍ നിത്യവും കുശലങ്ങള്‍ പറഞ്ഞിരുന്ന കിളി പട്ടയം വെച്ചിരിക്കുന്ന പെട്ടിയുടെ മുകളില്‍ അടയിരിക്കുകയും പെട്ടി തുറക്കാന്‍ സാധിക്കാതെ ചാച്ചപ്പന്‍ നിസ്സഹായനായി ഇരിക്കുകയുമാണ്. തുടര്‍ന്ന് മറ്റുള്ളവര്‍ പട്ടയം വാങ്ങുന്നതിനായി പോകുകയും പിന്നീട് കാടിനെ പൂർണമായും ഉപേക്ഷിച്ച് പുതിയ പുനരധിവാസ കേന്ദ്രത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു. ജനിച്ച നാള്‍ മുതല്‍ കാടിന്‍റെ ശ്വാസമറിഞ്ഞ ചാച്ചപ്പന്‍ കാട്ടില്‍തന്നത്ത അലിഞ്ഞുചേരണമെന്ന ലക്ഷ്യത്തോടെ കാടിന്‍റെ നിഗൂഢതകളിലേക്ക് നടന്നകലുകയാണ്. ചാച്ചപ്പനെ കാണാതെ വിഷമിക്കുന്ന കുഞ്ഞന് കിളിക്കുഞ്ഞുങ്ങള്‍ കൂട്ടായി വരുന്നു. വികസനത്തിന്‍റെയും ഖനനത്തിന്‍റെയും പേരിൽ കാടൊഴിയേണ്ടിവരുന്ന ആദിവാസി സമൂഹത്തിന്‍റെ ആകുലതകളും അവരെ പുനരധിവസിപ്പിക്കുമ്പോൾ നഷ്ടമാകുന്ന തനിമയും സിനിമ ചർച്ച ചെയ്യുന്നു.

അവർതന്നെ പറയുന്നു, അവരുടെ ജീവിതം

പ്രഫഷനൽ അഭിനേതാക്കൾക്കുപകരം ഗോത്രവിഭാഗത്തിൽപ്പെട്ട 60 പേരെയാണ് ചിത്രത്തിൽ അണിനിരത്തിയിരിക്കുന്നത്. അവരുടെ സിനിമയായതിനാല്‍ അവര്‍തന്നെ അഭിനയിക്കണം എന്ന നിര്‍ബന്ധമായിരുന്നു സംവിധായകന്. ആദിവാസികള്‍ക്കിടയില്‍ കഴിവുതെളിയിച്ച നിരവധിപേരുണ്ട്. ഒരാള്‍ നേരിട്ട് അനുഭവിക്കുന്നതും മറ്റൊരാള്‍ പറഞ്ഞുകൊടുത്ത് അനുഭവിക്കുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്. അവരുടെ ഉള്‍വലിഞ്ഞ പ്രകൃതവും നിഷ്കളങ്കമായ മുഖവും മറ്റൊരിടത്തും കാണാന്‍ കഴിയില്ല എന്നത് തന്നെയാണ് അഭിനേതാക്കളായി അവര്‍ തന്നെ വരണമെന്ന നിര്‍ബന്ധത്തിന് പിറകില്‍. അന്തര്‍മുഖരായ ആദിവാസികളെ അഭിനയിപ്പിക്കുക വെല്ലുവിളി നിറഞ്ഞതായിരുന്നു. കഥാപാത്രങ്ങള്‍ക്കായി നിരന്തരം യാത്രകള്‍ ചെയ്തു. നിരവധി ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ആളുകളെ കണ്ടെത്തൽ ബുദ്ധിമുട്ടുതന്നെയായിരുന്നു. അധ്യാപകന്‍ കൂടിയായതിനാല്‍ ആ രീതിയിലുള്ള അന്വേഷണം കാസ്റ്റിങ്ങിന് സഹായകമായതായും സുനീഷ് പറയുന്നു.

ആദ്യം സ്ത്രീകളും പുരുഷന്മാരുമടക്കം 60 ആളുകളെ തിരഞ്ഞെടുത്തു. അതില്‍ 75 വയസ്സ് മുതല്‍ ആറ് വയസ്സുവരെയുള്ളവര്‍ ഉണ്ടായിരുന്നു. സിനിമയിലെ ഗായകരുടെ കാര്യത്തിലും നിരവധി അഭിപ്രായങ്ങള്‍ വന്നു. ആദിവാസി സമൂഹത്തില്‍ നിന്നുള്ള ഓടപള്ളം ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ നിത്യ ഓടപള്ളമാണ് ‘കാടു’ സിനിമയിലെ പ്രധാന ഗായിക. ബാക്ക് ഗ്രൗണ്ടിൽ പാടിയത് മുത്തങ്ങ എല്‍.പി സ്കൂളിലെ കുട്ടികളാണ്. സിനിമയില്‍ ഗാന രചന നിര്‍വഹിച്ച് ആ മേഖലയും തനിക്ക് വഴങ്ങുമെന്ന് സുനീഷ് തെളിയിച്ചു.

പരിശീലന ക്യാമ്പ്

സിനിമ എന്താണ് എന്നോ എങ്ങനെയെന്നോ അറിയാത്ത ഒരു ജനതക്ക് സിനിമയുടെ ബാലപാഠങ്ങള്‍ പകര്‍ന്നുനല്‍കാന്‍ ക്യാമ്പുകള്‍ അനിവാര്യമായിരുന്നു. ‘കനവി’ലാണ് ആദ്യ ക്യാമ്പ് നടത്തിയത്. അതില്‍നിന്നും കുറച്ചു ആളുകളെ തിരഞ്ഞെടുത്തു. വയനാട് ഡയറ്റില്‍വെച്ചും രണ്ടുദിവസത്തെ ക്യാമ്പ് നടത്തി. തുടര്‍ന്ന് പടവ് ക്രിയേറ്റിവ് തിയറ്ററിന്‍റെ നേതൃത്വത്തില്‍ ആറളം ഫാമില്‍ നിന്നും കുറെ ആളുകളെ തിരഞ്ഞെടുത്തു. വയനാട്, മുത്തങ്ങ, തിരുവന്നൂര്‍, ചുള്ളിയോട്, ബാവലി, മീന്‍കൊല്ലി എന്നീ കോളനികളില്‍ നിന്നും ആളുകളെ ക്യാമ്പില്‍ എത്തിച്ചു. ആകെ ആറ് ക്യാമ്പുകള്‍ നടത്തി.

ചിത്രങ്ങൾ കഥയാകുന്നു

ഒരു ചിത്രകാരന്‍ കൂടി ആയതിനാല്‍ എല്ലാ കഥാപത്രങ്ങളുടെയും ചിത്രങ്ങള്‍ ആദ്യമേ വരച്ചുവെച്ചിരുന്നു സുനീഷ്. തുടര്‍ന്ന് അതിനു അനുയോജ്യമായ ആളുകളെ കണ്ടെത്തുന്ന രീതിയാണ് പിന്തുടര്‍ന്നത്. പക്ഷേ, അപ്പോഴും പ്രധാന വേഷം ചെയ്യുന്ന കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് നടത്തിയ യാത്രകൾ ആ കുട്ടിക്കായുള്ള അന്വേഷണമായിരുന്നു. യാത്രയില്‍ കാണുന്നവരോടെല്ലാം അതേ മുഖച്ഛായയുള്ള കുട്ടിയെക്കുറിച്ച് അന്വേഷിച്ചു. പിന്നീട് അതേ മുഖച്ഛായയുള്ള ഒരു കുട്ടിയെ കണ്ടെത്തിയെങ്കിലും ഷൂട്ടിങ് തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കേ അവന്‍റെ മുടി മുഴുവന്‍ വെട്ടിക്കളഞ്ഞതോടെ പ്രതീക്ഷ അവസാനിച്ചു. ഷൂട്ടിങ് അവസാനിച്ചു എന്നു കരുതിയപ്പോഴാണ് ആറളം സര്‍ക്കാര്‍ സ്കൂളിലെ ഹിബ ടീച്ചര്‍ മുഖേന നാലാം ക്ലാസുകാരന്‍ ഷര്‍മിതിന കണ്ടെത്തുന്നത്. ആദ്യ കാഴ്ചയിൽത്തന്നെ അവന്‍റെ മുഖം മനസ്സിലുടക്കി. അവന്‍ നന്നായി അഭിനയിച്ചു. തിരഞ്ഞെടുത്ത 30 കുട്ടികള്‍ക്ക് വീണ്ടും ക്യാമ്പ് നടത്തി. ഷര്‍മിതിന്‍റെ അമ്മാമ്മയും രക്ഷിതാക്കളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

എഴുത്തും വായനയും അറിയാത്ത മീൻകൊല്ലി കോളനിയിലെ കാളമൂപ്പൻ ചാച്ചപ്പനായി വേഷമിട്ടു. സംഭാഷണം പറഞ്ഞുകൊടുക്കാന്‍ വളരെ പ്രയാസമായിരുന്നു. ഓണ്‍ റെക്കോഡ് ആയതിനാല്‍ ഭാഷയായിരുന്നു പ്രധാന വില്ലന്‍. ആദിവാസികളുടെ നിത്യ ജീവിതത്തില്‍ കാണുന്ന സംഭാഷണ രീതിയല്ല നമ്മള്‍ സിനിമയില്‍ കാണുന്നത്. അവർ സ്വതസിദ്ധമായ ശൈലിയില്‍ സംസാരിച്ചു. അവരുടെ ശരീരഭാഷയും വികാരങ്ങളും പച്ചയായി കാമറക്കണ്ണുകള്‍ ഒപ്പിയെടുത്തു. അവരുടെ ജീവിതത്തിന്‍റെ ഒരു പരിച്ഛേദമായിരിക്കണം സിനിമ എന്നതിനാല്‍ അവരുടെ രീതികള്‍ മനസ്സിലാക്കാന്‍ മാത്രമായി മൂപ്പന്‍റെ വീട്ടില്‍ രണ്ടാഴ്ചയോളം താമസിച്ചു. വയനാട്ടിലെ ഏറ്റവും പ്രായം ചെന്ന കാങ്കിയമ്മ, കുങ്കിയമ്മ തുടങ്ങി കുറെ ആളുകളെക്കൂടി അഭിനയിപ്പിക്കാന്‍ സാധിച്ചു.

‘കാടു’വിന് പിന്നിൽ

കൂട്ടായ ഒരു പ്രവര്‍ത്തനത്തിന്‍റെ ഭാഗമാണ് കാടു. വിനു കളച്ചുട, നാടക പ്രവര്‍ത്തകരായ സന്തോഷ് കീഴാറ്റൂര്‍, സിജി പ്രദീപ്, സുജാത മേലൊടുക്കം എന്നീ നാടകപ്രവര്‍ത്തകരും പ്രകാശന്‍ ചെങ്ങല്‍, ഒ.മോഹനന്‍, ഗണേശന്‍ മാങ്ങാട്, ഡോ. ഷഹനാസ്,രോഷിണി, പ്രീത, പ്രീതി എന്നിവരും ലൈബ്രറി പ്രവര്‍ത്തകരരും സിനിമയുടെ പിന്നിലുണ്ട്. എറണാകുളത്തുനിന്നുള്ള നാടക പ്രവര്‍ത്തകനാണ് കലക്ടര്‍ ആയി അഭിനയിച്ചത്.

ഓരോ ഘട്ടത്തിലും സിനിമ നിന്നുപോകുമോ എന്ന ഉള്‍ഭയം ഉണ്ടായിരുന്നു. ഭക്ഷണം ഒരു വെല്ലുവിളി. അതിനുള്ള സൗകര്യം പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവ് സനൂപ് ചങ്ങനാശ്ശേരി ഭംഗിയായി ഏറ്റെടുത്തു. കാമറ: ജലീല്‍ ബാദുഷ, എഡിറ്റിങ്: മനോജ് കണ്ണോത്ത്, സൗണ്ട് ഡിസൈന്‍: രാധാകൃഷന്‍ എസ്, സ്മിജിത്ത്. സംഗീതം: സുനില്‍ കുമാര്‍ പി.കെ, കലാസംവിധാനം: അജയ് മാങ്ങാട്, മേക്കപ്പ്: വിനേഷ് ചെറുകാനം, കളറിസ്റ്റ്: ലിജു പ്രഭാകരന്‍, ഗ്രാഫിക്സ്: അര്‍ജുന്‍ എന്‍.എം, നിർമാണ നിർവഹണം: ബാദുഷ, സനൂപ് ചങ്ങനാശ്ശേരി. ആറളം ഫാം, കണ്ണവം വനം, മുത്തങ്ങ തുടങ്ങിയ ഇടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.

കോഴിക്കോട് ചേലേമ്പ്ര സ്വദേശിയായ സുനീഷ് 16 വര്‍ഷമായി കണ്ണൂരിലാണ് താമസം. അച്ഛന്‍ പരേതനായ പേരവന്‍.‍ അമ്മ ലീല, സഹോദരന്‍ ‍സുധീഷ്, സഹോദരി സരിത എന്നിവരടങ്ങിയ കുടുംബം കലാകാരന് വലിയ പിന്തുണ നല്‍കുന്നു. ചെറുപ്പം മുതലേ കലാരംഗത്ത് സജീവമായ സുനീഷ് നാടകത്തെ ഏറെ ഇഷ്ടപ്പെടുന്നു. ഇലക്ട്രിക്കൽ ജോലി ഉപേക്ഷിച്ച് നാടകരംഗത്തേക്ക് കടന്ന അദ്ദേഹത്തിന്‍റെ ആദ്യത്തെ സംവിധാന സംരംഭമാണ് ‘കാടു’.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tribalsMovie NewsNew MovieEntertainment News
News Summary - Tribal rhythm and the scent of the forest
Next Story