'ടോക്സിക്' പ്രീ-റിലീസ് പരിപാടിക്കിടെ അപകടം; നാല് പേർക്ക് പരിക്ക്, സംഘാടകർക്കെതിരെ കേസ്
text_fieldsഹൈദരാബാദ്: കന്നഡ സൂപ്പർതാരം യാഷിൻ്റെ ബിഗ് ബജറ്റ് ചിത്രമായ 'ടോക്സിക്' സിനിമയുടെ പ്രീ-റിലീസ് ഇവൻ്റിനിടെ സ്പീക്കർ സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർഥിയടക്കം നാല് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി ഹൈദരാബാദിലെ മല്ല റെഡ്ഡി യൂണിവേഴ്സിറ്റിയിൽ നടന്ന പരിപാടിക്കിടെയാണ് സംഭവം. അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് അനുസരിച്ച്, അപകടത്തെത്തുടർന്ന് യൂണിവേഴ്സിറ്റി മാനേജ്മെൻ്റിനും ഇവൻ്റ് മാനേജർക്കും എതിരെ സൈബരാബാദ് പൊലീസ് കേസെടുത്തിട്ടുണ്ട്.
വേദിയിൽ മികച്ച കാഴ്ച ലഭിക്കുന്നതിനായി കുറച്ചു യുവാക്കൾ സ്പീക്കർ വെച്ചിരുന്ന സ്റ്റാൻഡിലേക്ക് കയറിയതാണ് അപകടത്തിന് കാരണമായത്. ഭാരം താങ്ങാനാവാതെ സ്റ്റാൻഡ് തകരുകയും ഇവർ താഴേക്ക് വീഴുകയുമായിരുന്നു. പരിക്കേറ്റ നാല് പേരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരു വിദ്യാർഥിക്ക് കാലിന് പൊട്ടലേറ്റതായും മറ്റുള്ളവർക്ക് നിസ്സാര പരിക്കുകളാണുള്ളതെന്നും സൈബരാബാദ് പൊലീസ് അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അപകടം നടക്കുമ്പോൾ നടൻ യഷ് വേദിയിൽ സംസാരിക്കുകയായിരുന്നു. സ്പീക്കർ വീഴുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ അദ്ദേഹം പ്രസംഗം നിർത്തി പരിക്കേറ്റവരെ സഹായിക്കാൻ സംഘാടകർക്ക് നിർദേശം നൽകി. മറ്റു ചില ആരാധകർ വേദിയിലെ മറ്റൊരു സ്പീക്കർ സ്റ്റാൻഡിൽ കയറാൻ ശ്രമിക്കുന്നത് കണ്ട യഷ് വീണ്ടും പരിപാടി നിർത്തിവെക്കുകയും അവരോട് സുരക്ഷിതമായി താഴെയിറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു.
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' ആഗസ്റ്റ് 26-നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. കെ.വി.എൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

