ടൊവിനോ തോമസിന്‍റെ 'നരി വേട്ട' മെയ് 23ന് തിയറ്ററിലെത്തും
text_fieldsടൊവിനോ തോമസ് നായകനായ നരി വേട്ട മെയ് 23ന് തിയറ്ററിലെത്തും. ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമിക്കുന്ന ചിത്രം അനുരാജ് മനോഹറാണ് സംവിധാനം ചെയ്യുന്നത്. മറവികൾക്കെതിരായ ഓർമയുടെ പോരാട്ടം എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം അതിജീവനത്തിന്‍റെ ശക്തമായ പ്രതികരണം കൂടിയാണ്.
പിറന്നുവീണ മണ്ണിൽ ധാരാളം സ്വപ്നങ്ങളുമായി ജീവിക്കാനിറങ്ങിത്തിരിച്ചവരുടെ നൊമ്പരങ്ങൾ നിരവധി ഇമോഷണൽ രംഗങ്ങളായി കോർത്തിണക്കിയിരിക്കുന്നു. നീതി നടപ്പാക്കുന്നവരുടേയും നീതിക്കായി കാത്തിരിക്കുന്നവരുടേയും വ്യക്തി ജീവിതത്തിന്‍റെ നിഴലാട്ടവും ചിത്രം കാട്ടിത്തരുന്നു. വലിയ മുതൽമുടക്കിൽ എല്ലാ വിഭാഗം പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന വിധത്തിലുള്ള ക്ലീൻ എന്‍റർടൈനറായിട്ടാണ് ചിത്രത്തിന്‍റെ അവതരണം.
സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടമുമായ ചേരനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവർ പൊലീസ് വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. വർഗീസ് പീറ്റർ എന്ന സാധാരണക്കാരനായ പൊലീസ് കൊൺസ്റ്റബിളിന്‍റെ ഔദ്യോഗിക ജീവിതത്തിലേയും, വ്യക്തി ജീവിതത്തിലേയും സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.
ആര്യാസലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട് നന്ദു, പ്രശാന്ത് മാധവൻ, അപ്പുണ്ണി ശശി, എൻ.എം. ബാദുഷ, എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിന്‍ ജോസഫാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഗാനങ്ങള്‍ -കൈതപ്രം, സംഗീതം- ജെയ്ക്ക് ബിജോയ്‌സ്, ഛായാഗ്രഹണം-വിജയ്, എഡിറ്റിങ്- ഷമീര്‍ മുഹമ്മദ്. കുട്ടനാട്, ചങ്ങനാശ്ശേരി, കോട്ടയം വയനാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

