സ്പൈഡർമാൻ മുംബൈയിലെത്തി; 'ദി ഒഡീസി' പ്രീമിയർ ചരിത്രമാക്കാൻ ക്രിസ്റ്റഫർ നോളനും ടോം ഹോളണ്ടും ഇന്ത്യയിൽ
text_fieldsഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ ഏറ്റവും പുതിയ ചിത്രമായ 'ദി ഒഡീസി'യുടെ ഇന്ത്യൻ പ്രീമിയറിനായി വിഖ്യാത സംവിധായകനും നടൻ ടോം ഹോളണ്ടും മുംബൈയിലെത്തി. ക്രിസ്റ്റഫർ നോളന്റെ ഒരു സിനിമയുടെ ഔദ്യോഗിക പ്രീമിയർ ആദ്യമായാണ് ഇന്ത്യയിൽ നടക്കുന്നത് എന്നത് ഈ സന്ദർശനത്തെ സിനിമാപ്രേമികൾക്കിടയിൽ ഏറെ പ്രത്യേകതയുള്ളതാക്കുന്നു. ജൂലൈ 10, 11 തീയതികളിലായി മുംബൈയിൽ വെച്ചാണ് ഈ ചരിത്രപരമായ പ്രീമിയർ നടക്കുന്നത്. ലോകമെമ്പാടുമുള്ള ചിത്രത്തിന്റെ പ്രൊമോഷണൽ ടൂറിന്റെ ഭാഗമായാണ് ഇവർ ഇന്ത്യയിലെത്തിയത്.
മുംബൈയിലെത്തിയ ടോം ഹോളണ്ട് വിമാനത്താവളത്തിൽ വെച്ച് തന്നെ ആരാധകരെ അഭിവാദ്യം ചെയ്യുകയും അവർക്ക് നേരെ കൈവീശുകയും ചെയ്തു. തുടർന്ന് താമസസ്ഥലമായ താജ് മഹൽ പാലസ് ഹോട്ടലിലേക്ക് അദ്ദേഹം തിരിച്ചു. സംവിധായകൻ ക്രിസ്റ്റഫർ നോളനും ഭാര്യയും ചിത്രത്തിന്റെ നിർമാതാവുമായ എമ്മ തോമസും ഒപ്പമുണ്ട്. മാറ്റ് ഡാമൺ ഉൾപ്പെടെയുള്ള മറ്റ് താരങ്ങളും ഉടൻ തന്നെ ഇവരോടൊപ്പം ചേരുമെന്നാണ് റിപ്പോർട്ടുകൾ.
ഹോമറിന്റെ ഇതിഹാസ കാവ്യത്തെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രം, ട്രോജൻ യുദ്ധത്തിന് ശേഷം ഒഡീസിയസ് തന്റെ നാട്ടിലേക്ക് മടങ്ങാൻ നടത്തുന്ന സാഹസിക യാത്രയെയാണ് പ്രമേയമാക്കുന്നത്. മാറ്റ് ഡാമൺ നായകനാകുന്ന ചിത്രത്തിൽ ടോം ഹോളണ്ട് ഒഡീസിയസിന്റെ മകനായ ടെലിമാക്കസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജൂലൈ 17-ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. ഇന്ത്യൻ പ്രേക്ഷകർ വലിയ ആവേശത്തോടെയാണ് ഈ ചിത്രത്തെ കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

