ത്രീ ഇഡിയറ്റ്സ് രണ്ടാം ഭാഗമെത്തുന്നു; ആദ്യ ഭാഗം പോലെ തന്നെ രസകരവും, വൈകാരികവുമാണ് രണ്ടാം ഭാഗവും!
text_fieldsത്രീ ഇഡിയറ്റ്സ് ചിത്രത്തിൽ നിന്നും
ഇന്ത്യയിൽ മാത്രമല്ല ആഗോളതലത്തിൽ ഏറെ ആരാധകരുള്ള ഇന്ത്യൻ സിനിമയാണ് ത്രീ ഇഡിയറ്റ്സ്. ചിത്രം ആഗോളതലത്തിൽ നിരൂപക പ്രശംസ നേടിയിരുന്നു. മിക്ക ഹോളിവുഡ് താരങ്ങളുടെയും പ്രിയപ്പെട്ട ഇന്ത്യൻ സിനിമകളുടെ ലിസ്റ്റിൽ ഇടം നേടിയ ചിത്രം കൂടിയാണ് ഇത്. എന്നാൽ ആമിർ ഖാന്‍റെ ഓൾ ടൈം ഹിറ്റ് ചിത്രമായ ത്രീ ഇഡിയറ്റ്സിന് രണ്ടാം ഭാഗമൊരുങ്ങുന്നു എന്ന വാർത്തയാണിപ്പോൾ പുറത്തുവരുന്നത്. സംവിധായകൻ രാജ്കുമാർ ഹിരാനിയും ആമീർ ഖാനും വീണ്ടുമൊന്നിക്കുന്ന ചിത്രത്തിൽ ഒന്നാം ഭാഗത്തിലെ അഭിനേതാക്കളായ കരീന കപൂർ, ആർ. മാധവൻ, ഷർമൻ ജോഷി, ബോമൻ ഇറാനി എന്നിവരും ഉണ്ടായിരിക്കും.
2026 പകുതിയോടുകൂടി രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം തുടങ്ങുമെന്നാണ് പിങ്ക് വില്ല പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. 'തിരക്കഥ പൂർത്തിയായി. ടീം ചിത്രീകരണത്തിനായുള്ള ആവേശത്തിലാണ്. ആദ്യ ചിത്രത്തിന്റെ മാന്ത്രികത തിരിച്ചെത്തിയതായി അവർ പറഞ്ഞു. ആദ്യ ഭാഗം പോലെ തന്നെ രസകരവും, വൈകാരികവും, അർത്ഥവത്തായതുമാണ് രണ്ടാം ഭാഗവും' റിപ്പോർട്ടിൽ പറയുന്നു.
ത്രീ ഇഡിയറ്റ്സിന്‍റെ സഹ എഴുത്തുകാരൻ അഭിജാത് ജോഷിയുമായി ചേര്‍ന്ന് ചിത്രത്തിനായുള്ള തിരക്കഥ എഴുതുന്ന തിരക്കിലാണ് താനെന്നും മുന്‍ ചിത്രത്തെക്കാള്‍ രണ്ടാം ഭാഗം മികച്ചു നില്‍ക്കണമെന്ന നിര്‍ബന്ധമുണ്ടെന്നും രാജ്കുമാര്‍ ഹിരാനി മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ അറിയിച്ചിരുന്നു.
ത്രീ ഇഡിയറ്റ്സിന്‍റെ ആദ്യ ഭാഗം 55 കോടി മുടക്കിയെടുത്ത ചിത്രമാണ്. ഇത് ഇന്ത്യയിൽ മാത്രം നേടിയത് 202 കോടിയോളം രൂപയാണ്. ആഗോള കലക്ഷൻ 400 കോടിക്കടുത്തും. ചൈനയിൽ ആമിർ ഖാന് ആരാധകരെ സൃഷ്ടിച്ച ചിത്രം കൂടിയായിരുന്നു ത്രീ ഇഡിയറ്റ്സ്. ആദ്യ ഭാഗത്തിന്‍റെ തുടർച്ചയായിരിക്കും രണ്ടാം ഭാഗം. വിജയ് നായകനായി എത്തിയ ത്രീ ഇഡിയറ്റ്സിന്‍റെ തമിഴ് റീമേക്കും ബോക്സ് ഓഫീസിൽ വലിയ കലക്ഷൻ നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

