60 ലക്ഷം രൂപയും ലാഭത്തിന്റെ 25 ശതമാനവും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി; 'റാംജി റാവു സ്പീക്കിങ്' നിർമാതാക്കൾക്കെതിരെ കേസ്
text_fieldsറാംജി റാവു സ്പീക്കിങ് സിനിമ പോസ്റ്റർ
മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ട കോമഡി ചിത്രം റാംജി റാവു സ്പീക്കിങിന്‍റെ ഭാഗമായുള്ള ഒരു കേസാണ് വീണ്ടും ഉയർന്നു വന്നിരിക്കുന്നത്. ചിത്രത്തിന്‍റെ പകർപ്പവകാശവുമായി ബന്ധപ്പെട്ട് പ്രശസ്ത ബോളിവുഡ് ചിത്രം 'ഹേരാ ഫേരി'യുടെ നിർമാതാവ് ഫിറോസ് നദിയാദ്വാല നൽകിയ പരാതിയിൽ അംബോലി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. വഞ്ചന, അപകീർത്തിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ആരോപിച്ച് മലയാളി നിർമാതാക്കളായ ഗോപാല പിള്ള വിജയകുമാർ, എം. പോൾ മൈക്കിൾ എന്നിവർക്കെതിരെയാണ് പരാതി ചുമത്തിയിരിക്കുന്നത്.
1989ൽ എം.സ് സർഗ ചിത്രയുടെ ബാനറിൽ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിങിന്‍റെ നിർമാണത്തിൽ എം. പോൾ മൈക്കിളും സിദ്ദീഖും പങ്കാളികളായിരുന്നു. 1993ൽ ചിത്രത്തിന്റെ റീമേക്ക് അവകാശങ്ങൾ ഇവർ എം.എസ് കോംപാക്റ്റ് ഡിസ്ക് ഇന്ത്യ ലിമിറ്റഡിന് വിൽക്കുകയുണ്ടായി. വർഷങ്ങൾക്ക് ശേഷം 2000 മാർച്ച് 24ന് നിർമാതാവ് നദിയാദ്വാല 4.50 ലക്ഷത്തിന് ദക്ഷിണേന്ത്യൻ ഭാഷകൾ ഒഴികെയുള്ള ഭാഷകളിൽ സിനിമ നിർമിക്കാനുള്ള അവകാശം സ്വന്തമാക്കി.
സംവിധായകൻ പ്രിയദർശനാണ് 1997ൽ ഈ കഥ നാഡിയാഡ്വാലക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. റാംജി റാവു സ്പീക്കിങിന്‍റെ ഹിന്ദി പതിപ്പായ 'ഹേരാ ഫേരി'യുടെ ചിത്രീകരണം പൂർത്തിയാക്കി നദിയാദ്വാല സിനിമ പുറത്തിറക്കി. 2006ൽ ‘ഫിർ ഹെറാ ഫേരി’യും പുറത്തിറങ്ങി. ഇരു ചിത്രങ്ങളും ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയിരുന്നു.
സിനിമ പുറത്തിറങ്ങി 25 വർഷത്തോളം യാതൊരു നിയമപരമായ തടസ്സങ്ങളും ഉണ്ടായിരുന്നില്ലെന്ന് നദിയാദ്വാല പറയുന്നു. എന്നാൽ 2000ൽ ചിത്രം റിലീസ് ചെയ്യുന്ന സമയത്ത് പോൾ മൈക്കിളും സിദ്ദിഖും ചേർന്ന് റിലീസ് തടയാൻ ശ്രമിച്ചതായും, ഇടനിലക്കാർ വഴി പണം ആവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം വെളിപ്പെടുത്തി. ഇതിനെതിരെ അന്ന് മുംബൈ പൊലീസ് കമീഷണർക്ക് അദ്ദേഹം പരാതി നൽകിയിരുന്നു.
വർഷങ്ങൾക്കിപ്പുറം 2024 ഡിസംബറിലാണ് തർക്കം വീണ്ടും പുറത്തുവരുന്നത്. നദിയാദ്വാലക്ക് പകർപ്പവകാശ നോട്ടീസ് ലഭിക്കുകയും, തുടർന്ന് 2025 ഒക്ടോബറിൽ ഗോപാല പിള്ള വിജയകുമാർ മദ്രാസ് ഹൈക്കോടതിയിൽ ഹരജി നൽകുകയും ചെയ്തു. മറ്റൊരു കമ്പനി വഴി പകർപ്പവകാശം ഇപ്പോൾ തങ്ങൾക്കാണെന്നാണ് ഇവരുടെ വാദമെന്ന് അദ്ദേഹം പറയുന്നത്.
എന്നാൽ ഈ അവകാശവാദം വ്യാജമാണെന്നും പ്രതികൾ തന്നോട് 60 ലക്ഷം രൂപയും ലാഭത്തിന്റെ 25 ശതമാനവും ആവശ്യപ്പെട്ടതായും നദിയാദ്വാല ആരോപിക്കുന്നു. കൂടാതെ സിനിമാ താരങ്ങളുടെ പേര് ഉപയോഗിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തന്റെ സൽപ്പേരിനെ കളങ്കപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

