തമിഴ് ഗാനരചയിതാവ് കബിലന്റെ മകളും ഫാഷൻ ഡിസൈനറുമായ തൂരിഗൈ മരിച്ച നിലയിൽ
text_fieldsപ്രമുഖ തമിഴ് ഗാനരചയിതാവ് കബിലന്റെ മകളും ഫാഷന്‍ ഡിസൈനറുമായ തൂരിഗൈയെ മരിച്ച നിലയില്‍ കണ്ടെത്തി. അരുമ്പാക്കം എം.എം.ഡി.എ കോളനിയിലെ വീട്ടിലാണ് ജീവനൊടുക്കിയ നിലയില്‍ തൂരിഗൈയെ കണ്ടെത്തിയത്.
എഴുത്തുകാരികൂടിയായ അവർ നിരവധി തമിഴ് സിനിമകളില്‍ കോസ്റ്റ്യൂം ഡിസൈനറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കായി 2020ല്‍ 'ബീങ് വുമന്‍' എന്ന ഡിജിറ്റല്‍ മാഗസിന്‍ തുടങ്ങിയിരുന്നു. മാറ്റത്തിനായി ആഗ്രഹിക്കുന്ന സ്ത്രീകളുമായുള്ള അഭിമുഖങ്ങളും അതിൽ പ്രസിദ്ധീകരിച്ചുവരുന്നുണ്ട്.
മാഗസിന്റെ രണ്ട് വർഷം തികയുന്നതിന്റെ ഭാഗമായി ചെന്നൈ ഐ.ഐ.ടി കാമ്പസിൽ 'ഫ്രണ്ട്ഷിപ്പ് ഐക്കൺ അവാർഡ്' എന്ന പേരിൽ ഒരു അവാർഡ് ഷോ സംഘടിപ്പിക്കാന്‍ തൂരിഗൈ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ആഴ്ചകളില്‍ അതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയായിരുന്നു. അതിനിടയിലാണ് തൂരിഗൈ ജീവനൊടുക്കിയതിന്‍റെ നടുക്കത്തിലാണ് പ്രിയപ്പെട്ടവര്‍.
നടിയും സുഹൃത്തുമായ ശരണ്യ തൂരിഗൈയ്ക്ക് വിഷാദരോഗം ബാധിച്ചിരുന്നുവെന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു- "അവള്‍ ധീരയായ പെണ്‍കുട്ടിയായിരുന്നു. വിഷാദമാണ് അവളെ കൊന്നത്. അവള്‍ക്ക് ആവശ്യമായിരുന്ന സ്നേഹം വേണ്ട സമയത്ത് പ്രിയപ്പെട്ടവര്‍ നല്‍കിയില്ല. ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? അവള്‍ ദൈവത്തിനു സമീപമെത്തി". ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് തൂരിഗൈ 2020ല്‍ എഴുതിയ കുറിപ്പും ശരണ്യ പങ്കുവെച്ചു. പെണ്‍കുട്ടികളോട് കരുത്തരാവാന്‍ ആഹ്വാനം ചെയ്യുന്ന കുറിപ്പായിരുന്നു അത്. 2001 മുതല്‍ തമിഴില്‍ അറിയപ്പെടുന്ന ഗാനരചയിതാവാണ് കബിലന്‍. കാര്‍ത്തിക് രാജ സംഗീതം നിര്‍വഹിച്ച പിശാശ് 2 എന്ന ചിത്രത്തിനാണ് ഒടുവില്‍ ഗാനരചന നിര്‍വഹിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.