'തൊണ്ടിമുതലും ദൃക്സാക്ഷിയിലും കള്ളനായി തീരുമാനിച്ചിരുന്നത് ഫഹദിനെ ആയിരുന്നില്ല'; അത് ആ നടൻ, ദിലീഷ് പോത്തൻ പറയുന്നു
text_fieldsദിലീഷ് പോത്തന്‍റെ സംവിധാനത്തിൽ 2017ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും. ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിൽ ഫഹദ് അവതരിപ്പിച്ച കള്ളൻ വേഷം വളരെ അധികം പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ, ചിത്രത്തിൽ കള്ളൻ വേഷം അവതരിപ്പിക്കാൻ ആദ്യം തീരുമാനിച്ചത് ഫഹദിനെ അല്ലെന്ന് പറയുകയാണ് ദിലീഷ് പോത്തൻ. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.
‘തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയുടെ കാസ്റ്റിങ്ങില്‍ ആദ്യമുണ്ടായിരുന്നത് ഫഹദ് ഫാസിലും സൗബിന്‍ ഷാഹിറുമായിരുന്നു. സുരാജിന്റെ റോളില്‍ ഫഹദും കള്ളന്റെ റോളില്‍ സൗബിനുമായിരുന്നു ആദ്യത്തെ കാസ്റ്റിങ്. എന്നാല്‍ ആ സമയത്ത് പറവയുടെയും തൊണ്ടിമുതലിന്റെയും ഡേറ്റ് പ്രശ്‌നങ്ങള്‍ വന്നതുകൊണ്ട് കള്ളന്‍ കഥാപാത്രത്തിലേക്ക് മറ്റൊരാളെ ആലോചിക്കേണ്ടതായി വന്നു. ഫഹദ് ഫാസിലിനെ ആ കഥാപാത്രത്തിലേക്ക് കൊണ്ടുവന്നാലോ എന്ന ചിന്തയുണ്ടായിരുന്നു.
എന്നാല്‍ ചെറിയ വ്യത്യസമുണ്ടെങ്കിലും മഹേഷിന്റെ പ്രതികാരത്തിലെ മഹേഷുമായി സാമ്യമുണ്ടാകുമോ എന്നൊരു തോന്നല്‍ വന്നു. ഫഹദ് കള്ളന്‍ വേഷം ചെയ്യാമെന്ന് തീരുമാനിച്ചപ്പോള്‍ സുരാജിന്റെ റോളിലേക്ക് പിന്നെ വിളിച്ചിരുന്നത് വിനായകനെയായിരുന്നു. എന്നാല്‍ ഡേറ്റ് പ്രശ്‌നം കാരണം വിനായകന് വരന്‍ കഴിഞ്ഞില്ല. അങ്ങനെയാണ് ആ കഥാപാത്രം സുരാജിലേക്കെത്തുന്നത്’ -ദിലീഷ് പോത്തന്‍ വ്യക്തമാക്കി.
മഹേഷിന്റെ പ്രതികാരത്തിന് ശേഷം സംവിധായകന്‍ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒന്നിച്ച ചിത്രമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സജീവ് പാഴൂര്‍ ആണ്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് സംഗീതം നൽകിയത് ബിജിബാലാണ്. സാധാരണക്കാരനായ ഒരാളുടെ പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുടെയും ആവിഷ്‌കാരമാണ് ചിത്രം.
ശ്യാം പുഷ്കരനാണ് ക്രീയേറ്റീവ് ഡയറക്ടർ. ഛായാഗ്രഹണം രാജീവ് രവിയും ചിത്രസംയോജനം കിരൺ ദാസും നിർവഹിച്ചിരിക്കുന്നു. ഉർവശി തീയേറ്റേഴ്സിൻെറ ബാനറിൽ സന്ദീപ് സേനനും അനീഷ് എം തോമസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

