സിനിമ പ്രേമികൾക്കിത് റിലീസ് വാരം; ഈ ആഴ്ച തിയറ്ററിൽ എത്തുന്ന മലയാള ചിത്രങ്ങൾ...
text_fieldsഅവധിക്കാലം ആരംഭിച്ച മുതൽ നിരവധി ചിത്രങ്ങളാണ് റിലീസിന് എത്തുന്നത്. വിഷു ദിനത്തിൽ തന്നെ തിയറ്ററുകളിൽ എത്തുന്നത് രണ്ട് സൂപ്പർ സ്റ്റാർ ചിത്രങ്ങളാണ്. ടൊവിനോ തോമസ് നായകനായ പള്ളിച്ചട്ടമ്പിയും കുഞ്ചാക്കോ ബോബൻ പ്രധാന കഥാപാത്രത്തിൽ എത്തുന്ന ഒരു ദുരുഹ സാഹചര്യത്തിലുമാണ് പരസ്പരം കൊമ്പു കോർക്കാൻ എത്തുന്നത്. തൊട്ടുപിന്നാലെ ഷറഫുദ്ദീൻ നായകനായെത്തുന്ന മധുവിധുവും റിലീസിന് എത്തുന്നുണ്ട്.
1. പള്ളിച്ചട്ടമ്പി
ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായെത്തുന്ന പള്ളിച്ചട്ടമ്പി വിഷു ദിനത്തിൽ റിലീസിനെത്തും. ഏപ്രില്‍ 10ന് തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രമായിരുന്നു പള്ളിച്ചട്ടമ്പി. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാല്‍ ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചില്ല. പിന്നാലെ റിലീസ് തീയതി മാറ്റുകയായിരുന്നു. ഇപ്പോൾ പ്രതിസന്ധികൾ നീങ്ങി സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ഏപ്രില്‍ 15ന് പ്രദർശനത്തിനെത്തും.
1957,58 കാലഘട്ടങ്ങളിലെ ഇടുക്കി ജില്ലയിലെ ഒരു മലയോര കാർഷിക ഗ്രാമത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ വലിയ താരനിരയുടെ അകമ്പടിയോടെയാണ് ചിത്രമെത്തുന്നത്. മലയാള സിനിമ കുറച്ച് നാളായി മിസ് ചെയ്യുന്ന, ഗ്രൗണ്ടഡ് ആയ മാസ് ആക്ഷന്‍ ചിത്രമായിരിക്കും പള്ളിച്ചട്ടമ്പിയെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. വന്‍ താരനിര അണിനിരക്കുന്ന ചിത്രം കൂടിയാണ് പള്ളിച്ചട്ടമ്പി.
2. മധുവിധു
ഷറഫുദ്ദീൻ നായകനായ ഏറ്റവും പുതിയ ചിത്രമായ 'മധുവിധു' ഏപ്രിൽ 17ന് തിയറ്ററിൽ എത്തും. ചിത്രം ഫെബ്രുവരി ആറിന് തിയറ്ററുകളിൽ എത്തുമെന്നായിരുന്നു ആദ്യം അറിയിച്ചത്. ഏറ്റവും അടുത്ത നല്ല മുഹൂർത്തം നോക്കി മധുവിധു നേരം കുറിക്കും എന്നാണ് നിർമാണക്കമ്പനി അറിയിച്ചത്. എന്നാൽ ജയറാമും കാളിദാസ് ജയറാമും ഒന്നിക്കുന്ന ചിത്രമായ ആശകൾ ആയിരം, ഭാവനയുടെ അനോമി എന്നിവ അന്നു പുറത്തിറങ്ങുന്നതിനാൽ തിയറ്റർ മത്സരം ഒഴിവാക്കാനാണ് മധുവിധുവിന്‍റെ റിലീസ് മാറ്റിയതെന്നാണ് വിവരം.
വിഷ്ണു അരുണിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ ബിന്ദു പണിക്കരുടെ മകൾ കല്ല്യാണിയാണ് നായിക. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിതാണ് ചിത്രം നിർമിക്കുന്നത്. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ, മാളവിക കൃഷ്ണദാസ് എന്നിവർ ആണ് ചിത്രത്തിന്‍റെ സഹനിർമാണം നിർവഹിക്കുന്നത്. ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്‍കുമാർ, ശ്രീജയ, അമൽ ജോസ്, സഞ്ജു മധു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
3. ഒരു ദുരുഹ സാഹചര്യത്തിൽ
രതീഷ് ബാലകൃഷ്ണപ്പൊതുവാൾ സംവിധാനം ചെയ്യുന്ന 'ഒരു ദുരുഹ സാഹചര്യത്തിൽ' എന്ന ചിത്രം വിഷു ദിനത്തിൽ റിലീസിനെത്തും. ഏപ്രിൽ 15ന് പള്ളിച്ചട്ടമ്പിക്കൊപ്പമാണ് ചിത്രം തിയറ്ററുകളിൽ എത്തുക. ഗൃഹാതുര പശ്ചാത്തലത്തിൽ സ്നേഹത്തിനും സൗഹൃദത്തിനും ഏറെ പ്രാധാന്യം നൽകിയാണ് ഈ ഗാനം ദൃശ്യവൽക്കരിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ, സജിൻ ഗോപു എന്നിവരാണ് ഗാനത്തിലെ അഭിനേതാക്കൾ. ഗാനത്തിന് നവ മാധ്യങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അടുത്തുതന്നെ പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായിട്ടാണ് ഗാനരംഗം പുറത്തുവിട്ടിരിക്കുന്നത്.
വലിയ മുതൽമുടക്കിൽ നൂതനമായ സാങ്കേതികമികവോടെ അവതരിപ്പിക്കുന്ന ഈ ചിത്രം മാജിക്ക് ഫ്രെയിംസ് ആന്‍റ് ഉദയാ പിക്ച്ചേർസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും, കുഞ്ചാക്കോ ബോബനും ചേർന്നു നിർമിക്കുന്നു. സുധീഷ്, രാജേഷ് മാധവൻ, ചിദംബരം, ശരണ്യ, ദിവ്യ വിശ്വനാഥ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നുണ്ട്. ഡോൺ വിൻസന്‍റ് ആണ് സംഗീതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

