‘പ്രതിനായകന്റെ ഷോ അല്ല, ഇത് ടോക്സിക് മാസ്കുലിനിറ്റി’
text_fieldsപ്രതീകാത്മക ചിത്രം
എല്ലാം തച്ചുതകർക്കുന്നവനും ഏതു വയലൻസും വികാരരഹിതമായി ചെയ്യുന്നവനും ശക്തിയാണ് എല്ലാമെന്ന് കരുതുന്നവനുമായ സിനിമയിലെ പുരുഷ കഥാപാത്രങ്ങൾ യുവതലമുറയിൽ മോശം സ്വാധീനം ചെലുത്തുന്നുവെന്ന് ബോളിവുഡ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ഫർഹാൻ അക്തർ.ഇത്തരം ടോക്സിക് മാസ്കുലിനിറ്റി സിനിമകൾ സ്ത്രീകൾക്കെതിരായ മോശം സമീപനത്തെകൂടിയാണ് മഹത്വവത്കരിക്കുന്നതെന്നും ഫർഹാൻ അഭിപ്രായപ്പെടുന്നു.
‘‘നായികയോട് മോശമായി പെരുമാറുന്ന, മോശം ഉദ്ദേശ്യത്തിൽ നോക്കുന്ന, സ്ത്രീകളെ കുറിച്ച് മോശം മാത്രം സംസാരിക്കുന്ന കഥാപാത്രങ്ങൾ നമ്മുടെ സിനിമകളിൽ നേരത്തെയുണ്ടായിരുന്നു. അവരെ പക്ഷെ ഹീറോ വന്ന് അടിച്ച് താഴെ ഇടുമായിരുന്നു. അതിലൂടെ അവരുടെ ചെയ്തികളെ തള്ളിപ്പറയുകയാണ് സിനിമയും പ്രേക്ഷകനും. എന്നാലിന്ന്, പ്രതിനായക വേഷങ്ങൾ വന്ന് ഇതേ അതിക്രമങ്ങൾ ചെയ്യുമ്പോൾ അവരെയാരും തിരുത്താത്ത അവസ്ഥ വ്യാപകമാകുന്നു. അങ്ങനെ അവരുടെ ചെയ്തികൾ ശരിയെന്ന് വരുന്നു. അങ്ങനെ വരുന്നത് പ്രശ്നമാണെന്ന് ഞാൻ പറയും’’ -ഫർഹാൻ ഒരു അഭിമുഖത്തിൽ പറയുന്നു. സിനിമകൾ വിനോദത്തിനുവേണ്ടി മാത്രമാണെന്ന വാദം ശരിയല്ലെന്നും ചിലരെങ്കിലും അതിൽ ആകൃഷ്ടരാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
‘‘അക്രമം കരുത്താണെന്ന് പ്രഖ്യാപിക്കുന്ന, നിർവികാരതയെ ‘കൂൾ’ ആണെന്ന് പറയുന്ന, അധീശത്വം ഹീറോയിസമായി അവതരിപ്പിക്കുന്ന ദൃശ്യങ്ങൾ നിരന്തരം കാണുന്ന ഒരു ആൺകുട്ടി ആ കഥാപാത്രത്തെ മാത്രമല്ല കാണുന്നത്. അതിനൊപ്പം, ടോക്സിക് മാസ്കുലിനിറ്റിയെ മഹത്വവത്കരിക്കുന്ന ഒരു കൈപ്പുസ്തകം പഠിക്കുക കൂടിയാണ്’’ -ഡൽഹിയിൽ നിന്നുള്ള മനഃശാസ്ത്ര വിദഗ്ധ പ്രിയങ്ക ഭോസ്ലെ പറയുന്നു.
‘നിരീക്ഷണ പഠനം’ എന്ന് മനഃശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്ന രീതിയിൽ ആ കുട്ടി അതപ്പാടെ അവനിലേക്ക് ആവാഹിക്കുകയാണെന്നും ഭോസ്ലെ വിശദീകരിക്കുന്നു.
മനുഷ്യമൂല്യങ്ങൾക്ക് നിരക്കുന്നതല്ലെന്ന് അംഗീകരിക്കപ്പെട്ട കാര്യങ്ങൾ ചെയ്യുന്നത് സാമാന്യവത്കരിക്കപ്പെടുമ്പോൾ അവ സമൂഹത്തിൽ പരക്കുന്നത് വളരെ നിശ്ശബ്ദമായിട്ടായിരിക്കും. അക്രമവും സങ്കോചമില്ലായ്മയുമെല്ലാം ഇങ്ങനെ നിശ്ശബ്ദമായി പരിചിതമാകുകയും പിന്നെയത് സ്വീകാര്യമാകുകയും ചെയ്യും. ‘‘മോശമെന്ന് കരുതിപ്പോന്ന പുരുഷ അതിക്രമങ്ങളെ തമാശയായും കൗശലമായും പ്രണയസാഫല്യത്തിനായുള്ള ട്രിക്കുകളായുമെല്ലാം യുവതലമുറ മനസ്സിലാക്കുകയും അംഗീകരിക്കുകയുമായിരിക്കും ഇതിന്റെ ഫലം’’ -ഭോസ്ലെ കൂട്ടിച്ചേർക്കുന്നു.
സിനിമയടക്കമുള്ള മീഡിയ അംഗീകരിച്ചാലുമില്ലെങ്കിലും പറയട്ടെ, അവർക്ക് വലിയ ഉത്തരവാദിത്തമുണ്ട്. വികാരമില്ലാത്ത വെറും കണ്ണാടിയല്ല മീഡിയ. നമ്മുടെ സംസ്കാരത്തിന്റെ ശിൽപികളിലൊന്നാണത്. ഓരോ കഥാപാത്രവും ഒരു രൂപരേഖയാണ്, തിയറ്ററിലെ ഓരോ കരഘോഷവും ഓരോ അനുവാദമാണ്.
അതിക്രമകാരിയായ പുരുഷന്റെ പെരുമാറ്റത്തിന് സ്ക്രീനിൽ തന്നെ ഒരു പ്രത്യാഘാതം നേരിടേണ്ടി വരുന്നില്ലെങ്കിൽ, ആരുമതിനെ വിമർശിക്കുന്നില്ലെങ്കിൽ അതൊരു ശൈലിയായി മാറും’’ -ഡോ. പ്രിയങ്ക മുന്നറിയിപ്പു നൽകുന്നു.
പുരുഷ അതിക്രമം കാണിക്കുന്ന സിനിമകൾക്ക് സമൂഹത്തോട് ഇനി പറയുന്ന ഉത്തരവാദിത്തങ്ങളുണ്ടെന്നും അവർ പറയുന്നു:
അക്രമിയായ ആ പുരുഷന്റെ മാനസിക തകർച്ചയും വൈകാരിക തോൽവിയും കാണിക്കുക.
ആ അക്രമങ്ങൾ സ്ത്രീയുടെ മനസ്സിൽ സൃഷ്ടിക്കുന്ന ആഘാതവും മുറിപ്പാടുകളും പ്രതിപാദിക്കുക.
ശക്തി എന്നത് ക്രൂരതയല്ല, ഉത്തരവാദിത്തമാണെന്ന് തെളിയിക്കുക.
നിസ്സഹായത ദൗർബല്യമല്ലെന്നും ധൈര്യത്തിന്റെ മറ്റൊരു രൂപമാണെന്നും സമർഥിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

