ദിൽവാലെ ദുൽഹനിയ ലേ ജായേംഗേയിൽ നായകനായി ആദ്യം തീരുമാനിച്ചത് ഈ ഹോളിവുഡ് സൂപ്പർ താരത്തെ; പിന്നീട് നടന്നത് ചരിത്രം...
text_fields1995ൽ റിലീസായ ബോളിവുഡ് സൂപ്പർഹിറ്റ് ചിത്രമാണ് ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ. ഈ ചിത്രം ബോളിവുഡിന്റെ വിജയചരിത്രങ്ങളിലെ നാഴികക്കല്ലായി കണക്കാക്കപ്പെടുന്ന ഒന്നാണ്. ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ഓടിയ ചിത്രമെന്ന റെക്കോഡ് ഇപ്പോഴും ദിൽവാലെ ദുൽഹനിയ ലേ ജായേംഗേക്കാണ്. ഷാരൂഖ് ഖാൻ ചിത്രത്തിൽ അവതരിപ്പിച്ച രാജ് എന്ന നായക കഥാപാത്രം അദ്ദേഹത്തിന് ബോളിവുഡ് സിനിമയിലെ 'കിങ് ഓഫ് റൊമാൻസ്' എന്ന പദവി നേടികൊടുത്തു. കൂടാതെ, കജോളിനെ ബോളിവുഡിലെ മികച്ച നടിമാരിൽ ഒരാളായി മാറ്റുകയും ചെയ്തത് ഈ ചിത്രമാണ്. കാലമിത്ര കഴിഞ്ഞിട്ടും മറ്റൊരു സിനിമക്കും എത്തിപ്പെടാൻ സാധിക്കാത്ത സവിശേഷ ഇടം ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ ബോളിവുഡിൽ സ്വന്തമാക്കിയിട്ടുണ്ട്.
സംവിധായകൻ ആദിത്യ ചോപ്ര ആദ്യം ഈ സിനിമയെ ഒരു ക്രോസ്-കൾച്ചറൽ പ്രണയകഥയായി നിർമിക്കാനായിരുന്നു ഉദ്ദേശിച്ചത്. ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസിനെ രാജ് എന്ന നായകനായി അവതരിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശയം. അമേരിക്കൻ യുവാവും പുരുഷനും ഇന്ത്യക്കാരിയായ പെൺകുട്ടിയും തമ്മിൽ യൂറോപ്പിൽവെച്ച് പ്രണയത്തിലാവുന്ന കഥയായിരുന്നു ആദ്യം മനസ്സിലുണ്ടായിരുന്ന ആശയം. എന്നാൽ, അദ്ദേഹത്തിന്റെ പിതാവും ചലച്ചിത്ര നിർമാതാവുമായ യാഷ് ചോപ്ര, സിനിമയെ ഇന്ത്യൻ പ്രേക്ഷകരിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനായി കഥാപാത്രങ്ങളെ പ്രവാസികളായ ഇന്ത്യക്കാരാക്കാൻ (എൻ.ആർ.ഐ) നിർദേശിച്ചു.
അക്കാലത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളായിരുന്നു ടോം ക്രൂസ്. ഈ ചിത്രത്തിൽ അഭിനയിക്കുന്നതിനായി അദ്ദേഹം എട്ടു ദശലക്ഷം യു.എസ് ഡോളർ ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. എന്നാൽ, സിനിമയുടെ മുഴുവൻ ബജറ്റിനെക്കാൾ മുകളിലായിരുന്നു അത്. ആദിത്യ ചോപ്ര സെയ്ഫ് അലി ഖാനെയും ആമിർ ഖാനെയും ഈ വേഷത്തിനായി പരിഗണിച്ചെങ്കിലും ഇരുവരും നിരസിക്കുകയായിരുന്നു.
ഒടുവിലാണ് ഷാരൂഖ് ഖാനെ തേടി രാജ് എന്ന കഥാപാത്രം എത്തുന്നത്. മുൻകാല ചിത്രങ്ങളിൽ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷാരൂഖ് ആദ്യം മടിച്ചുനിന്നെങ്കിലും പിന്നീടു സമ്മതിച്ചു. റൊമാന്റിക് നായകനായി അഭിനയിക്കുന്നത് സൂപ്പർസ്റ്റാർ എന്ന നിലയിൽ തന്റെ പദവി ഉറപ്പിക്കുമെന്ന് ആദിത്യ ചോപ്ര ഈ ചിത്രം വാഗ്ദാനം ചെയ്തുകൊണ്ട് അദ്ദേഹത്തെ ബോധ്യപ്പെടുത്തി.
ഡി.ഡി.എൽ.ജെ എന്ന ചുരുക്കപ്പേരുള്ള ഈ ചിത്രം ഇന്ത്യൻ സിനിമയിൽ വൻ വിജയമായിരുന്നു. അക്കാലത്ത് 102.5 കോടി രൂപയിലധികം ചിത്രം കളക്ഷൻ നേടി. മുംബൈയിലെ മറാത്ത മന്ദിർ തിയറ്ററിൽ ഇപ്പോഴും ഈ സിനിമ പ്രദർശിപ്പിക്കുന്നു. ഈ ചിത്രം ഷാരൂഖ് ഖാനെ സൂപ്പർസ്റ്റാറായി ഉയർത്തിക്കൊണ്ടുവരുക മാത്രമല്ല, എക്കാലത്തെയും മികച്ച സിനിമാറ്റിക് പ്രണയകഥകളിൽ മികച്ചതായി സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

