ഒ.ടി.ടിയിൽ കാണാം ഈ അഞ്ച് ഹൊറർ ചിത്രങ്ങൾ
text_fieldsഹൊറർ സിനിമകൾക്ക് എന്നും പ്രത്യേക ഫാൻബേസുണ്ട്. ഹൊറർ, ഫാന്റസി, ഫോക്‌ലോർ വിഭാഗത്തിൽപ്പെട്ട തുംബാദ്, ശൈത്താൻ, ബുൾബുൾ,പരി, ഭ്രമയുഗം ഇവ ഒ.ടി.ടിയിൽ കാണാം.
1. തുംബാദ്
ഹൊറർ, ഫാന്റസി, ഫോക്‌ലോർ വിഭാഗത്തിൽപ്പെട്ട തുംബാദ് ആമസോൺ പ്രൈം വിഡിയോയിൽ കാണാം. 2018ൽ പുറത്തിറങ്ങിയ തുംബാദ് മറാഠി ഫോക്‌ലോറിന്‍റെയും ഇന്ത്യൻ പുരാണങ്ങളുടെയും പശ്ചാത്തലത്തിൽ മനുഷ്യന്‍റെ അത്യാഗ്രഹത്തെയും അതിന്‍റെ ഭീകരമായ പ്രത്യാഘാതങ്ങളെയും കുറിച്ചുമാണ് പറയുന്നത്. രാഹി അനിൽ ബാർവെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലെ തുംബാദ് എന്ന ഇന്ത്യൻ ഗ്രാമത്തിൽ 20-ാം നൂറ്റാണ്ടിലെ ഒരു മറഞ്ഞിരിക്കുന്ന നിധിക്കായുള്ള അന്വേഷണത്തിന്റെ കഥയാണിത്. 64-ാമത് ഫിലിംഫെയർ അവാർഡുകളിൽ എട്ട് നോമിനേഷനുകൾ ചിത്രം നേടി. മികച്ച ഛായാഗ്രഹണം, മികച്ച കലാസംവിധാനം, മികച്ച ശബ്ദ രൂപകൽപ്പന എന്നിവക്കുള്ള മൂന്ന് അവാർഡുകളും ചിത്രം നേടി.
2. ശൈത്താൻ
സൈക്കോളജിക്കൽ ഹൊറർ, സൂപ്പർനാച്ചുറൽ ത്രില്ലറായ ശൈത്താൻ നെറ്റ്ഫ്ലിക്സിൽ കാണാവുന്നതാണ്. അജയ് ദേവ്ഗൺ, ആർ. മാധവൻ, ജ്യോതിക എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം മനസുകളുടെ കളിയും ദുർമന്ത്രവാദവും പ്രമേയമാക്കുന്നു. കുടുംബത്തോടൊപ്പമുള്ള ഒരു അവധിക്കാലം, വൻരാജ് എന്ന അപരിചിതൻ അവരുടെ വീട്ടിൽ പ്രവേശിക്കുന്നതോടെ ഭീകരമായി മാറുന്നു. വികാസ് ബാൽ സംവിധാനം ചെയ്ത ചിത്രം ദേവ്ഗൺ ഫിലിംസ്, ജിയോ സ്റ്റുഡിയോസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് നിർമിച്ചത്. 2023ൽ പുറത്തിറങ്ങിയ ഗുജറാത്തി ചിത്രമായ വാഷിൽ ബോഡിവാലയും അഭിനയിച്ച ചിത്രത്തിന്റെ ഒരു പതിപ്പാണ് ഈ ചിത്രം. 2024ലാണ് ചിത്രം ഇറങ്ങിയത്.
3. ബുൾബുൾ
ഗോഥിക് ഹൊറർ, ഫെമിനിസ്റ്റ് ഫോക്‌ലോർ വിഭാഗത്തിൽപ്പെട്ട ബുൾബുൾ നെറ്റ്ഫ്ലിക്സിൽ കാണാൻ സാധിക്കും. 19-ാം നൂറ്റാണ്ടിലെ ബംഗാളിൽ ഒരു 'ചുഡൈൽ' (ദുർദേവത) ചെയ്യുന്ന കൊലപാതകങ്ങളെക്കുറിച്ചാണ് ഈ സിനിമ പറയുന്നത്. അനാചാരങ്ങളും ദുരന്തങ്ങളും എങ്ങനെ ഒരു സ്ത്രീയെ പ്രതികാരദാഹിയായ അമാനുഷിക ശക്തിയായി മാറ്റുന്നു എന്ന് കവിതാത്മകമായ ദൃശ്യങ്ങളിലൂടെ ഈ ചിത്രം പറയുന്നു. 2020ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അൻവിത ദത്താണ്. ക്ലീൻ സ്ലേറ്റ് ഫിലിംസിന്റെ കീഴിൽ അനുഷ്ക ശർമയും കർണേഷ് ശർമയുംചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
4. പരി
അനുഷ്ക ശർമ കേന്ദ്ര കഥാപാത്രമായി എത്തിയ ഡാർക്ക് ഹൊറർ വിഭാഗത്തിൽപ്പെട്ട പരി ആമസോൺ പ്രൈം വിഡിയോയിൽ കാണാം. 2018ൽ പുറത്തിറങ്ങിയ ഈ ചിത്രം പ്രോസിത് റോയ്യാണ് സംവിധാനം ചെയ്തിരിക്കുന്നത്. പ്രോസിത് റോയ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. അനുഷ്ക ശർമയുടെ നിർമാണ കമ്പനിയായ ക്ലീൻ സ്ലേറ്റ് ഫിലിംസ്, ക്രിആർജ് എന്റർടൈൻമെന്റ്, കൈറ്റ പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
5. ഭ്രമയുഗം
മലയാളം സൈക്കോളജിക്കൽ ത്രില്ലറായ ഭ്രമയുഗം സോണി ലിവിൽ കാണാവുന്നതാണ്. ഈ ചിത്രത്തിനെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം ലഭിച്ചത്. എട്ടാം തവണയാണ് മമ്മൂട്ടിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിക്കുന്നത്. ഭൂതകാലം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം ഫെബ്രുവരി 15നാണ് തിയറ്ററിൽ എത്തിയത്. ബ്ലാക്ക് ആൻഡ് വൈറ്റിലെത്തിയ ചിത്രം ബോക്സ്ഓഫിസിൽ മികച്ച വിജയം നേടി. 60കോടിയാണ് ചിത്രം ആഗോളതലത്തിൽ നിന്ന് സമാഹരിച്ചത്. കൊടുമൺ പോറ്റിയായുള്ള മമ്മൂട്ടിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. സിദ്ധാർഥ് ഭരതനും അർജുൻ അശോകനുമായിരുന്നു മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

