തീയറ്ററുകളില്ല; ഓണത്തിന് വീട്ടിലെത്തി പുതിയ സിനിമ
text_fieldsകോട്ടയം: കോവിഡിൽ തിയറ്ററുകൾ അടഞ്ഞുകിടന്നപ്പോൾ ഓണസിനിമ വീട്ടിലെത്തിച്ച് നിർമാതാക്കൾ. ടൊവിനോ തോമസ് നായകനായ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് എന്ന സിനിമയാണ് ഓണത്തിന് മലയാള ടെലിവിഷൻ ചാനലിലൂടെ റിലീസ് ചെയ്തത്. മാർച്ചിൽ തിയറ്ററുകളിൽ റിലീസ് ചെയ്യാനിരുന്ന സിനിമയാണ് അഞ്ചുമാസം വൈകി ടെലിവിഷനിലൂടെ ആദ്യ പ്രദർശനത്തിനെത്തിയത്.
ഓണക്കാലത്ത് കുട്ടികളെയും കൂട്ടി കുടുംബസമേതം തീയറ്റിലെത്തി സിനിമ കാണുന്ന പതിവ് കോവിഡ് തെറ്റിച്ചപ്പോഴാണ് പുതിയ സിനിമ തിരുവോണത്തിന് വീട്ടിലെത്തിയത്. ഇതോടെ വീട്ടുകാരൊന്നിച്ച് ഓണത്തിന് പുതിയ സിനിമ കാണുകയെന്ന പതിവിന് ഭംഗവും വന്നില്ല. ടൊവിനോ തോമസും ഗോപി സുന്ദറും ചേർന്ന് നിർമിച്ച സിനിമയിൽ അമേരിക്കക്കാരിയായ ഇൻഡിയ ജാർവിസ് ആണ് നായിക.
മുമ്പ് പ്രഥ്വിരാജ് നായകനായ 'കഥ' എന്ന സിനിമയടക്കം ചുരുക്കം മലയാളം ഫീച്ചർ സിനിമകൾ ചാനൽ റിലീസിങ് നടത്തിയിട്ടുണ്ടെങ്കിലും തിയറ്റർ അടച്ചിട്ട കാലത്തെ ഈ മറുവഴി തേടൽ ശ്രദ്ധേയമായി.
സൂഫിയും സുജാതയും എന്ന ജയസൂര്യ സിനിമയാണ് കോവിഡ് കാലത്ത് ആദ്യം ഇൻറർനെറ്റ് ഇടത്തിൽ റിലീസിങ് നടത്തിയത്. ഇൻറർനെറ്റ് ഉപഭോക്താക്കളിൽപ്പെട്ടവർ മാത്രമായിരുന്നു അതിെൻറ പ്രേക്ഷകർ. ആ പരിമിതിയാണ് ടെലിവിഷൻ എന്ന ജനകീയ മാധ്യമത്തിലെ റിലീസിങ്ങിലൂടെ മറികടക്കാനാവുന്നത്.
കോടികൾ മുടക്കി പൂർത്തിയാക്കിയ നിരവധി സിനിമകളുടെ തിയറ്റർ പ്രദർശനം എന്നു നടത്താനാവുമെന്നറിയാതെ കാത്തിരിപ്പിലാണ് നിർമാതാക്കൾ. ഈ സാഹചര്യത്തിൽ ടെലിവിഷൻ റിലീസിങ് എന്ന സാധ്യത കൂടുതൽ ഉപയോഗപ്പെടുത്താനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

