പഠിക്കാനും കളിക്കാനും ആഗ്രഹിച്ച മീന സിനിമയിലെത്തി, 39-ാം വയസ്സില്‍ മദ്യം കവര്‍ന്ന ജീവന്‍; ‘ബോളിവുഡിന്റെ ട്രാജഡി ക്വീനി’ന്‍റെ അറിയാകഥകൾ
text_fieldsശാലീനമായ സൗന്ദര്യം, അതുല്യമായ അഭിനയം, അവസാനിക്കാത്ത അസന്തുഷ്ടി ഇവ മൂന്നിന്റെയും അപൂര്‍വ മിശ്രിതമായിരുന്നു മീനാ കുമാരി. ബോളിവുഡിന്റെ ട്രാജഡി ക്വീൻ എന്നറിയപ്പെടുന്ന മീനാ കുമാരിയുടെ ജീവിതം അവരുടെ സിനിമകളിലെ കഥാപാത്രങ്ങളെപ്പോലെ ദുരന്തപൂർണമായിരുന്നു. പ്രശസ്തിയുടെയും വിജയത്തിന്റെയും ഉന്നതിയിൽ നിൽക്കുമ്പോഴും ഏകാന്തതയും ദുരിതങ്ങളും നിറഞ്ഞതായിരുന്നു അവരുടെ ജീവിതം.
1933 ഓഗസ്റ്റ് 1ന് മുംബൈയിലെ ഒരു ദരിദ്ര കുടുംബത്തിലാണ് മീനാ കുമാരി എന്ന മഹ്ജബീൻ ബാനു ജനിച്ചത്. പിതാവ് അലി ബക്ഷ് ഒരു പാർസി തിയറ്റർ നടനും, മാതാവ് പ്രഭാവത്ദേവി (ഇഖ്ബാൽ ബീഗം) സ്റ്റേജ് നടിയുമായിരുന്നു. ആൺകുഞ്ഞിനെ പ്രതീക്ഷിച്ച അവർക്ക് മീനയുടെ ജനനം നിരാശപ്പെടുത്തി. ഡോക്ടർക്ക് കൊടുക്കാൻ പണമില്ലാത്തതുകൊണ്ട് പിതാവ് അവളെ ഒരു അനാഥാലയത്തിന് മുന്നിൽ ഉപേക്ഷിച്ചു. പിന്നീട് കുറ്റബോധം തോന്നി തിരികെ വന്നപ്പോൾ ഉറുമ്പുകൾ ശരീരത്തിൽ അരിക്കുന്ന നിലയിലായിരുന്നു കുഞ്ഞിനെ കണ്ടത്. തുടർന്ന് പിതാവ് അവളെ തിരിച്ചെടുത്തു.
ചെറുപ്പത്തിൽ പഠിക്കാനും കളിക്കാനും ആഗ്രഹിച്ച മീനയെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഏഴാം വയസ്സിൽ അഭിനയിക്കാൻ നിർബന്ധിച്ചു. പിന്നീട് കുടുംബത്തിന്റെ ഏക വരുമാനമാർഗ്ഗമായി അവൾ മാറുകയായിരുന്നു. ബാലതാരമായി എത്തിയ മീനകുമാരി 'ബേബി മീന' എന്നറിയപ്പെടാൻ തുടങ്ങി. 1952ലെ ബൈജു ബാവ്ര എന്ന സിനിമയിലൂടെ അവർ പ്രശസ്തിയിലേക്ക് ഉയർന്നു. ബൈജു ബാവര, ചാന്ദ്നി ചൗക്, പരിണീത, ബഹു ബേഗം, ഭീഗി രാത്, ചിത്രലേഖ, ആസാദ്, ആര്‍തി, കാജല്‍, ബേനസീര്‍, മൈം ചുപ്ത രഹേംഗി, ദില്‍ അപ്നാ ഔര്‍ പ്രീത് പരായി, പ്യാര്‍ കാ സാഗര്‍, ബഹാറോം കി മന്‍സില്‍, ദില്‍ ഏക് മന്ദിര്‍, ഭാഭി കി ചൂഡി യാം, കിനാരെ കിനാരെ, മിസ് മേരി, ശരാരത് അഭിലാഷ്, ദുള്‍മന്‍, എല്ലാം ജൂബിലിഹിറ്റുകള്‍. പലതും നിർമാതാക്കളുടെ അമിതമായ പ്രതീക്ഷകളേയും അതിലംഘിച്ച വിജയങ്ങള്‍.
പ്രശസ്ത സംവിധായകൻ കമൽ അമ്രോഹിയുമായുള്ള മീന കുമാരിയുടെ വിവാഹം അവരുടെ ജീവിതത്തിലെ മറ്റൊരു ദുരന്തമായിരുന്നു. കമൽ അമ്രോഹിക്ക് മുമ്പ് രണ്ട് വിവാഹങ്ങൾ ഉണ്ടായിരുന്നു. കൂടാതെ അദ്ദേഹത്തിന് നാല് കുട്ടികളുമുണ്ടായിരുന്നു. ഈ ബന്ധം മീനയുടെ പിതാവ് ഇഷ്ടപ്പെട്ടിരുന്നില്ല. വിവാഹശേഷം കമൽ അമ്രോഹിയുടെ വീട്ടിലെ നിയന്ത്രണങ്ങൾ കാരണം മീനക്ക് പല സ്വാതന്ത്ര്യങ്ങളും നഷ്ടപ്പെട്ടു. ഷൂട്ടിങ് കഴിഞ്ഞാൽ വൈകുന്നേരം 6:30ന് മുമ്പ് വീട്ടിലെത്തണമെന്നും മേക്കപ്പ്മാൻ ആയി ഒരാൾ മാത്രം മതിയെന്നും പോലുള്ള കർശനമായ വ്യവസ്ഥകൾ ഉണ്ടായിരുന്നു.
അമ്രോഹിയുമായുള്ള ബന്ധം തകർന്നതോടെ മീന കുമാരി വിഷാദരോഗത്തിന് അടിമയായി. ഉറക്കമില്ലായ്മ ചികിത്സിക്കാൻ ഡോക്ടർ നിർദേശിച്ച ബ്രാൻഡി ക്രമേണ മദ്യപാനത്തിന് അടിമയാക്കി. ഇത് അവരുടെ ആരോഗ്യത്തെ സാരമായി ബാധിച്ചു. സാഹിബ് ബീബി ഔർ ഗുലാം, പാകീസ പോലുള്ള സിനിമകളിലെ ദുരിതമനുഭവിക്കുന്ന കഥാപാത്രങ്ങൾ അവരുടെ യഥാർത്ഥ ജീവിതത്തെ പ്രതിഫലിക്കുന്നതായിരുന്നു.
പാകീസ എന്ന സിനിമയുടെ ഷൂട്ടിങ് 14 വർഷത്തോളം നീണ്ടുനിന്നു. ആരോഗ്യപ്രശ്നങ്ങളും വ്യക്തിപരമായ ദുരിതങ്ങളും കാരണം അവർക്ക് ഷൂട്ടിങ് പൂർത്തിയാക്കാൻ ബുദ്ധിമുട്ടായിരുന്നു. ഒടുവിൽ 1972ൽ സിനിമ പുറത്തിറങ്ങി. വൻ വിജയമായിരുന്നു. എന്നാൽ അതിന്‍റെ പൂർണ്ണമായ വിജയം മീനകുമാരിക്ക് കാണാൻ കഴിഞ്ഞില്ല. കടുത്ത കരൾ രോഗം ബാധിച്ച് 1972 മാർച്ച് 31ന് 38-ാം വയസ്സിൽ മീനാ കുമാരി അന്തരിച്ചു. മരണസമയത്ത് പോലും അവരുടെ ആശുപത്രി ബില്ലുകൾ അടക്കാൻ പോലും പണമില്ലാത്ത അവസ്ഥയിലായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. ജീവിതത്തിൽ സ്വന്തമായി സമ്പാദിച്ചതെല്ലാം ചുറ്റുമുള്ളവർ കൈക്കലാക്കിയിരുന്നു. ഒരു ഇതിഹാസമായി കണക്കാക്കപ്പെട്ടിട്ടും ജീവിതത്തിൽ സന്തോഷവും സമാധാനവും കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

