വാർധക്യത്തിന്‍റെ ശബ്ദമായി 'ദി സൗണ്ട് ഓഫ് ഏജ്'
text_fieldsആധുനിക ജീവിതത്തിലെ പരിഷ്കാരഭ്രമത്തിന്‍റെ അവശേഷിപ്പുകളാണ് വർധിച്ചു വരുന്ന വൃദ്ധസദനങ്ങൾ. തങ്ങളുടെ സംതൃപ്ത ജീവിതത്തിന് തടസ്സമാകുമെന്ന് കരുതി, ഒരു ജന്മം മുഴുവൻ മക്കൾക്കായി ജീവിച്ച മാതാപിതാക്കളെ യാതൊരു മടിയും കൂടാതെ കൊണ്ട്പോയി തള്ളുന്ന ഇടം തന്നെയാണ് പലപ്പോഴും വൃദ്ധസദനങ്ങൾ. ഇത്തരത്തിൽ, വാർദ്ധക്യം തികച്ചും ഒരു ജീവിതാവസ്ഥ മാത്രമാണെന്ന യാഥാർത്ഥ്യത്തോട് സന്ധിചേരാൻ സാധിക്കാതെ ഒരു ജീവിതത്തിന്‍റെ മൊത്തത്തിലായുള്ള സമര്‍പ്പണത്തെയും വാത്സല്യത്തെയും കരുതലിനെയും ഒറ്റയടിക്ക് നിരാകരിക്കുന്ന മക്കളോട് തന്നെയാണ് ചോദിക്കേണ്ടത് എവിടെയാണ് സ്നേഹം? എവിടെയാണ് രക്തബന്ധം? പിറന്ന എല്ലാ മനുഷ്യരും നടന്നടുക്കേണ്ടത് ഇതേ വാർധക്യത്തിലേക്കാണെന്നത് നിങ്ങൾ മറന്നു പോകുന്നതെന്തു കൊണ്ട്? അത് തന്നെയാണ് നവാഗതനായ ജിജോ ജോര്‍ജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത "ദി സൗണ്ട് ഓഫ് ഏജ്" എന്ന ഹ്രസ്വ ചിത്രം നമ്മളെ കൊണ്ട് ചിന്തിപ്പിക്കുന്നതും.
ഒ.ടി.ടി പ്ലാറ്റ്ഫോമായ നീ സ്ട്രീമാണ് ഷോർട്ട് ഫിലിം റിലീസിനെത്തിച്ചിരിക്കുന്നത്. സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിലേക്ക് എത്തുന്ന കൊച്ചുവീട്ടിൽ എസ്തപ്പൻ മകൻ വറീതിന്‍റെ പരാതിമേലാണ് മക്കളായ ജോണ്, ഫ്രാൻസിസ്, ആന്‍റോ, ആനി എന്നിവർ എത്തിച്ചേരുന്നത്. ഭക്ഷണം പാർപ്പിടം വൈദ്യസഹായം എന്നിവ നൽകി മരണംവരെ അപ്പനെ നോക്കി കൊള്ളുവാൻ വിമുഖത കാണിക്കുന്ന മക്കൾക്കെതിരെ തന്നെയാണ് അപ്പനായ വറീതിന്‍റെ പരാതി ഉയരുന്നതും. അപ്പന്‍റെ ആവശ്യത്തോട് യോജിച്ചുപോകാൻ താങ്കൾക്കാവില്ലെന്ന് മജിസ്ട്രേറ്റ് മുമ്പാകെ അവർ പലവിധത്തിൽ പറയാൻ ശ്രമിക്കുന്നുമുണ്ട്. നിലവിലെ തങ്ങളുടെ സുഖസൗകര്യങ്ങൾക്ക്/ജീവിത്തിന് അപ്പൻ ബാധ്യതയാകും എന്ന് തന്നെയാണ് അതിനു പുറകിലെ കാരണവും.
വാർദ്ധക്യത്തോടുള്ള യുവത്വത്തിന്‍റെ സമീപനവും, മാതാപിതാക്കൾക്ക് മക്കളോടുള്ള അനുഭാവവും, തുടർന്നുള്ള സംഭവവികാസങ്ങളും തന്നെയാണ് ദി സൗണ്ട് ഓഫ് എയ്ജ് പറയുന്നതും. അത്ര നിസ്സാരമായ വിഷയമല്ല ചിത്രം പറയുന്നത്. വാർദ്ധക്യത്തിലെ ശാരീരികവും മാനസികവുമായ അവഗണനകൾ, മക്കളിൽ നിന്നോ, ബന്ധുക്കളിൽ നിന്നോ നേരിടേണ്ടി വരുന്ന സാമ്പത്തിക ചൂഷണങ്ങൾ തുടങ്ങിയ എല്ലാത്തരം വിഷയങ്ങളും ഇവിടെ കൈകാര്യം ചെയ്യുന്നുണ്ട്. വാർദ്ധക്യത്തിൽ അനാഥമാകുന്ന മാതാപിതാക്കളുടെ നിരവധി കഥകൾ വന്നു പോയിട്ടുണ്ട് എങ്കിലും പ്രമേയപരമായി വേറിട്ടത് തന്നെയാണ് ദി സൗണ്ട് ഓഫ് ഏജ്. വാർദ്ധക്യം നമുക്കു മുൻപിലേക്ക് എത്തുവാനും അധികകാലം ഒന്നും ഇല്ല എന്ന ഓർമ്മപ്പെടുത്തലോടെ കൂടി തന്നെയാണ് ചിത്രം അവസാനിക്കുന്നത്.
പാര്‍വ്വതി പ്രൊഡക്ഷന്‍സ് ആൻഡ് ലിമ്മാസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുരേന്ദ്രൻ വാഴക്കാടും ലിമ്മി ആന്‍റോ കെ., മാമ്പ്ര ഫൗണ്ടേഷന്‍റെ ബാനറിൽ മാത്യു മാമ്പ്രയും ചേർന്ന് നിർമിച്ച ഈ ചിത്രത്തില്‍ മജിസ്‌ട്രേറ്റ് ആയി മുത്തുമണി സോമസുന്ദരന്നും, കൈനകരി തങ്കരാജ്, രഞ്ജിത്ത് മനമ്പ്രക്കാട്ടില്‍, ജിന്‍സ് ഭാസ്‌കര്‍, റോഷ്‌ന ആന്‍ റോയ്, പ്രണവ് ഏക, സ്വാതി പുത്തന്‍വീട്ടില്‍ തുടങ്ങിയവർ പ്രധാന കഥാപാത്രങളുമായും എത്തുന്നു. നവീന്‍ ശ്രീറാമിന്‍റെ ഛായാഗ്രഹണം, ബിജിബാലിന്‍റെ സംഗീതം തുടങ്ങിയവ മികച്ചതാണ്. ഷോർട്ട് ഫിലിം രംഗത്തോടുള്ള സാങ്കേതികപരമായ ഇടപെടലുകളിൽ വലിയ രീതിയിലുള്ള മാറ്റം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു എന്നതിനുള്ള തെളിവ് കൂടിയാണ് ഈ ചിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

