ആർ.ഡി.എക്സിലെ ഗാനം പുറത്തിറങ്ങി
text_fieldsകൊച്ചി: ആക്ഷൻ ചിത്രങ്ങളെ എന്നും നെഞ്ചോട് ചേർക്കാറുള്ള മലയാളികളുടെ നീണ്ട കാത്തിരിപ്പുകൾക്ക് അവസാനം കുറിച്ച് ആർ.ഡി.എക്സ് ഓണം റിലീസായി തീയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കുന്ന ഫാമിലി ആക്ഷൻ ചിത്രമായ ആർ.ഡി.എക്സിലെ ആദ്യ ഗാനം ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ആക്ഷനു ഒപ്പം മലയാളി കൊതിക്കുന്ന സ്റ്റൈലും കൂടി ഒത്തുചേർന്ന ഈ ഗാനം ഒരുക്കിയിരിക്കുന്നത് സാം സി എസ് ആണ്.
ബെന്നി ദയാൽ, രഞ്ജിത്ത് കെ ഗോവിന്ദ്, നരേഷ് അയ്യർ, സാം സി എസ് എന്നിവർ ചേർന്നാലപിച്ചിരിക്കുന്ന ഗാനത്തിൻ്റെ വരികൾ ഒരുക്കിയിരിക്കുന്നത് മനു മഞ്ജിത്താണ്. അന്യഭാഷാ ചിത്രങ്ങളോട് കിടപിടിക്കുന്ന മാസ്സ് ആക്ഷൻ ഫാമിലി ഡ്രാമയായിരിക്കും ഈ ചിത്രം. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് ചിത്രത്തിലെ നായകന്മാർ. നിരവധി വർഷങ്ങൾക്ക് ശേഷമാണ് ഇങ്ങനെ മൂന്ന് നായകന്മാർ ആടിപ്പാടുന്ന ഒരു അടിപൊളി ഗാനം മലയാളി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്.
മലയാളസിനിമയെ ലോകസിനിമയ്ക്ക് മുമ്പിൽ ഉയർത്തിപ്പിടിച്ച ചിത്രമായ മിന്നൽ മുരളി കൂടാതെ ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് ആർ ഡി എക്‌സ് (റോബർട്ട് ഡോണി സേവ്യർ) എത്തുന്നത്. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് നവാഗതനായ നഹാസ് ഹിദായത്താണ്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ.
കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
എഡിറ്റർ - ചമൻ ചാക്കോ, ഛായാഗ്രഹണം - അലക്‌സ് ജെ പുളിക്കൽ, സംഗീതസംവിധാനം - സാം സി എസ്, വരികൾ -മനു മൻജിത്, കോസ്റ്റ്യൂംസ് - ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് - റോണക്‌സ് സേവ്യർ, ആർട്ട് ഡയറക്ടർ - ജോസഫ് നെല്ലിക്കൽ, ഫിനാൻസ് കൺട്രോളർ - സൈബൺ സി സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ പ്രൊഡക്ഷൻ മാനേജർ - റോജി പി കുര്യൻ, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, പി ആർ ഒ - ശബരി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.