'സംവിധാനത്തിലേക്ക് മടങ്ങാൻ ഇനിയും കാത്തിരിക്കണം'; അഭിനയത്തിരക്കുകൾക്കിടയിൽ ധനുഷ് മനസ്സ് തുറക്കുന്നു...
text_fieldsനടനായും സംവിധായകനായും ഗായകനായുമൊക്കെ തെന്നിന്ത്യൻ സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ധനുഷ്, തന്റെ പുതിയ ചിത്രമായ 'കര'യുടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെ ഭാവി സിനിമകളെക്കുറിച്ചും പറഞ്ഞു. മമിത ബൈജു നായികയാകുന്ന 'കര' ഏപ്രിൽ 30-ന് തിയറ്ററുകളിൽ എത്താനിരിക്കെയാണ് താരം തന്റെ അടുത്ത സംവിധാന സംരംഭത്തെക്കുറിച്ചുള്ള ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകിയത്. നിലവിൽ താൻ കരാർ ഒപ്പിട്ടിരിക്കുന്ന സിനിമകൾ പൂർത്തിയാക്കിയതിന് ശേഷം മാത്രമേ ഇനി കാമറക്ക് പിന്നിലേക്ക് എത്തുകയുള്ളൂ എന്ന് ധനുഷ് വ്യക്തമാക്കി. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ഡി 55 എന്ന ചിത്രമാണ് താരം ഇപ്പോൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുന്നത്.
ഏപ്രിൽ 30-ന് റിലീസ് ചെയ്യുന്ന 'കര' എന്ന ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷയിലാണ് സിനിമാ ലോകം. പൊങ്കൽ വേളയിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പ്രൊമോഷൻ വിഡിയോകളും ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. ധനുഷിനൊപ്പം സുരാജ് വെഞ്ഞാറമൂട്, ജയറാം എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സുരാജ് വെഞ്ഞാറമൂടിന്റെ അത്യുഗ്രൻ പ്രകടനം ചിത്രത്തിലുണ്ടാകുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. വേൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഐഷാരി കെ. ഗണേഷ് നിർമിക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് ജി.വി. പ്രകാശ് കുമാറാണ്. തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
തന്റെ അഭിനയ ജീവിതത്തിലെ തിരക്കുകൾ കാരണമാണ് അടുത്ത സംവിധാന സംരംഭത്തിന് കുറച്ചുകൂടി സമയം വേണ്ടി വരുന്നതെന്ന് ധനുഷ് വിശദീകരിച്ചു. രാജ്കുമാർ പെരിയസാമിയുടെ ചിത്രത്തിന് ശേഷം പ്രശസ്ത സംവിധായകൻ മാരി സെൽവരാജിനൊപ്പമുള്ള പുതിയ പ്രോജക്ടിലും, തുടർന്ന് 'ലബ്ബർ പന്ത്' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ പച്ചൈമുത്തു തമിഴരസൻ ഒരുക്കുന്ന ചിത്രത്തിലും ധനുഷ് അഭിനയിക്കുന്നുണ്ട്. ഈ സിനിമകളുടെ ചിത്രീകരണം പൂർത്തിയാക്കാൻ കുറച്ചു വർഷങ്ങളെങ്കിലും വേണ്ടിവരും. അതുകൊണ്ട് തന്നെ തന്റെ അടുത്ത സംവിധാന മോഹങ്ങൾ അതിന് ശേഷം മാത്രമേ പ്രാവർത്തികമാവുകയുള്ളൂ എന്ന് താരം പ്രസ്സ് മീറ്റിനിടെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

