ആവേശമായി ജേക്സ് ബിജോയും റിമി ടോമിയും ചേർന്ന് പാടിയ ‘വിലായത്ത് ബുദ്ധ’യിലെ പ്രൊമോ ഗാനം
text_fieldsജേക്സ് ബിജോയ്, അഖിൽ ചന്ദ്, റിമി ടോമി എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്ന 'വിലായത്ത് ബുദ്ധ'യിലെ പ്രൊമോ ഗാനം പുറത്ത്. ഭാഷാഭേദമന്യേ ആരാധകരെ സൃഷ്ടിച്ച 'എന്‍ജോയ് എന്‍ജാമി’യുടെ അണിയറ പ്രവർത്തകരാണ് ഈ പ്രൊമോ ഗാനത്തിന് പിന്നിൽ. സിനിമയിലെ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാണ്.
പ്രൊമോ ഗാനത്തിന്‍റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് മോക്ക സ്റ്റുഡിയോയിലെ അമിത്ത് കൃഷ്ണനാണ്. ‘എൻജോയ് എൻജാമി’ ഉള്‍പ്പെടെയുള്ള ഹിറ്റ് ഗാനങ്ങളും കോക്ക് സ്റ്റുഡിയോയുടെ കീഴിൽ ഇറങ്ങിയിട്ടുള്ള നിരവധി ഗാനങ്ങളുടേയും സംവിധായകനാണ് അമിത്ത് കൃഷ്ണൻ. ‘എൻജോയ് എൻജാമി’യുടെ ക്യാമറ ചലിപ്പിച്ച അഭിമന്യൂ സദാനന്ദനാണ് വിലായത്ത് ബുദ്ധ പ്രൊമോ ഗാനത്തിന്‍റേയും ക്യാമറ ചെയ്തിരിക്കുന്നത്. രാജ് ബി ഷെട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളായ 'കരാവലി', 'ജുഗാരി ക്രോസ്' എന്നീ സിനിമകൾക്കും ഛായാഗ്രഹണം നിർവ്വഹിക്കുന്നത് അഭിമന്യൂ സദാനന്ദനാണ്. ഗാനത്തിന്‍റെ കോറിയോ ഗ്രാഫർ റിയ സൂദും ഗാനരചന വിനായക് ശശികുമാറുമാണ് നിർവ്വഹിച്ചിരിക്കുന്നത് .
വിലായത്ത് ബുദ്ധയുടെ തിയറ്റർ റിലീസിന് പിന്നാലെയാണ് സിനിമയുടെ പ്രൊമോ സോങ്ങ് പുറത്തിറക്കിയത്. പൃഥ്വിരാജും ഷമ്മി തിലകനും മത്സരിച്ചഭിനയിച്ചിരിക്കുന്ന വിലായത്ത് ബുദ്ധ തിയറ്ററുകളിൽ പ്രദർശനം തുടർന്നു കൊണ്ടിരിക്കുകയാണ്.
ജി. ആർ ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ വിലായത്ത് ബുദ്ധ അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ', 'സൗദി വെള്ളക്ക' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉർവ്വശി തിയെറ്റേഴ്സിന്റെ ബാനറിൽ ഒരുക്കിയിരിക്കുന്ന സിനിമയാണ് വിലായത്ത് ബുദ്ധ. എ.വി.എ പ്രൊഡക്ഷൻസിനുവേണ്ടി എ.വി അനൂപുമായി ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് അരവിന്ദ് കശ്യപും രെണദേവും ചേർന്നാണ്. ജേക്സ് ബിജോയ് ഒരുക്കിയിരിക്കുന്ന ഗാനങ്ങളും പശ്ചാത്തല സംഗീതവും മികവ് പുലർത്തിയിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

