ഫോറസ്റ്റ് ഗമ്പിന് മുമ്പേ പിറന്ന ഇന്ത്യൻ വിസ്മയം; ഓസ്കറിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ തെലുങ്ക് ചിത്രം ഇതാണ്...
text_fieldsമികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കർ പുരസ്കാരത്തിനായി ഇന്ത്യയിൽ നിന്ന് ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ തെലുങ്ക് ചിത്രം സിരിവെണ്ണല ആണെന്ന് പലപ്പോഴും തെറ്റായി കരുതപ്പെടാറുണ്ട്. എന്നാൽ ആ ബഹുമതി ലഭിച്ച ആദ്യ തെലുങ്ക് ചിത്രം 1986ൽ പുറത്തിറങ്ങിയ 'സ്വാതി മുത്യം' ആണ്. കെ. വിശ്വനാഥ് സംവിധാനം ചെയ്ത ഈ ചിത്രം തെലുങ്ക് സിനിമയിലെ ഒരു ക്ലാസിക് ആയി കണക്കാക്കപ്പെടുന്നു. 59-ാമത് അക്കാദമി അവാർഡുകളിലേക്കാണ് (1987) ഈ ചിത്രം ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി അയക്കപ്പെട്ടത്. ഓസ്കർ എൻട്രിക്ക് പുറമെ, ആ വർഷത്തെ മികച്ച തെലുങ്ക് ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ഈ സിനിമക്ക് ലഭിച്ചു.
ഓട്ടിസം ബാധിച്ച, നിഷ്കളങ്കനായ ഒരു യുവാവ് ഒരു വിധവയെ വിവാഹം കഴിക്കുന്നതും തുടർന്നുണ്ടാകുന്ന സാമൂഹിക വെല്ലുവിളികളുമാണ് സിനിമയുടെ ഇതിവൃത്തം. ഇതൊരു സാധാരണ പ്രണയകഥയല്ല മറിച്ച് സമൂഹത്തിന്റെ മുൻവിധികൾക്കിടയിൽ രണ്ട് നിസ്സഹായരായ മനുഷ്യർ എങ്ങനെ ജീവിതം കെട്ടിപ്പടുക്കുന്നു എന്നതിന്റെ നേർക്കാഴ്ചയാണ്. മുത്തശ്ശിയുടെ ഉപദേശങ്ങളാണ് ശിവയ്യയുടെ ധാർമിക ബോധത്തെ നയിക്കുന്നത്. ചതിയില്ലാതെ ജീവിക്കുകയും പ്രതിഫലം ആഗ്രഹിക്കാതെ ജോലി ചെയ്യുകയും ചെയ്താൽ ലോകം നിങ്ങൾക്ക് ഇടം നൽകുമെന്ന ലളിതമായ സന്ദേശമാണ് ചിത്രം മുന്നോട്ട് വെക്കുന്നത്.
45 ലക്ഷം രൂപയായിരുന്നു ചിത്രത്തിന്റെ ബജറ്റ്. ഇതിൽ അഞ്ചിലൊന്ന് കമൽഹാസന്‍റെ പ്രതിഫലമായിരുന്നു. ഈ വേഷത്തിനായി കമൽഹാസൻ തന്റെ ശാരീരിക ഭാഷയും ഭാവങ്ങളും പൂർണ്ണമായും മാറ്റിമറിച്ചു. യാതൊരു നാടകീയതയുമില്ലാതെ വികാരങ്ങൾ പ്രകടിപ്പിച്ച ഈ പ്രകടനത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള നന്തി അവാർഡും ഏഷ്യ-പസഫിക് ഫിലിം ഫെസ്റ്റിവൽ അവാർഡും ലഭിച്ചു.
ക്ലൈമാക്സിൽ ശിവയ്യയെ കൂടുതൽ പക്വതയുള്ളവനാക്കാനും ലളിതയെ മരിക്കാൻ അനുവദിക്കാതെ ജീവനോടെ നിർത്താനും സംവിധായകൻ കെ. വിശ്വനാഥ് ആഗ്രഹിച്ചിരുന്നു. എന്നാൽ നിർമാതാവ് എഡിഡ നാഗേശ്വര റാവു ഇത് സമ്മതിച്ചില്ല. ലളിതയുടെ മരണശേഷവും അവളുടെ ഓർമകളിൽ ജീവിക്കുന്ന, മാറ്റമില്ലാത്ത ശിവയ്യയുടെ രൂപമാണ് സിനിമയുടെ വൈകാരികമായ കരുത്ത് എന്ന് അദ്ദേഹം വിശ്വസിച്ചു. സിനിമക്ക് 'ശിവയ്യ' എന്ന് പേരിടാനാണ് കമൽഹാസൻ താല്പര്യപ്പെട്ടത്. എന്നാൽ ചിപ്പിക്കുള്ളിലെ മുത്ത് എന്ന അർത്ഥം വരുന്ന 'സ്വാതിമുത്യം' എന്ന പേര് സംവിധായകൻ തിരഞ്ഞെടുക്കുകയായിരുന്നു.
കർണാടക സംഗീതവും നാടൻ പാട്ടുകളും കോർത്തിണക്കിയ ഇളയരാജയുടെ സംഗീതം ചിത്രത്തിന്റെ ആത്മാവായിരുന്നു. ലളിതയുടെ മരണരംഗത്തിന് പശ്ചാത്തല സംഗീതം ഒരുക്കുമ്പോൾ താൻ വികാരാധീനനായിപ്പോയെന്ന് ഇളയരാജ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രശസ്തമായ 'ലാലി ലാലി' എന്ന താരാട്ടുപാട്ട് ഇന്നും ആസ്വാദകരുടെ പ്രിയപ്പെട്ടതാണ്. തമിഴിൽ 'സിപ്പിക്കുൾ മുത്ത്' എന്ന പേരിൽ മൊഴിമാറ്റം ചെയ്യപ്പെട്ട ഈ ചിത്രം 1989ൽ ഹിന്ദിയിൽ 'ഈശ്വർ' എന്ന പേരിൽ പുനർനിർമിക്കപ്പെട്ടു.
റിലീസ് ചെയ്ത് നാല് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ പുതിയ തലമുറയെയും ഈ ചിത്രം ആഴത്തിൽ സ്വാധീനിക്കുന്നു. 1994ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം 'ഫോറസ്റ്റ് ഗമ്പും ശിവയ്യയും തമ്മിലുള്ള സാമ്യം പലപ്പോഴും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. എട്ടു വർഷം മുമ്പേ പുറത്തിറങ്ങിയ സ്വാതിമുത്യം ഒരുപക്ഷേ ആ ചിത്രത്തെ സ്വാധീനിച്ചിട്ടുണ്ടാകാമെന്ന് കമൽഹാസൻ സൂചിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

