2015ൽ ചിത്രീകരണം, ഇന്ന് ജീവിച്ചിരിക്കുന്ന ആർക്കും കാണാനാകാത്ത സിനിമ; റിലീസിന് ഇനിയും നൂറ് വർഷം
text_fieldsഒരുകൂട്ടം മനുഷ്യരുടെ കാത്തിരിപ്പിനൊടുവിലാണ് ഓരോ സിനിമയും പുറത്തുവരുന്നത്. ചിത്രത്തിന്‍റെ ഓരോ അപ്ഡേറ്റുകൾക്കായി ആരാധകർ കാത്തിരിക്കും. ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്തും റിലീസ് തീയതികളെക്കുറിച്ച് മാസങ്ങളോളം ചർച്ച ചെയ്തും നാം കാത്തിരിക്കാറുണ്ട്. എന്നാൽ ഇങ്ങനെയൊന്നും നമുക്ക് ചെയ്യാൻ കഴിയാത്ത ഒരു സിനിമയെക്കുറിച്ച് സങ്കൽപ്പിക്കാൻ കഴിയുമോ? അതെ... അങ്ങനെ ഒരു സിനിമയുണ്ട്. 2015ൽ ചിത്രീകരിച്ച ഒരു സിനിമ പക്ഷേ റിലീസ് ചെയ്യുന്നത് 2115ലാണ് എന്നതാണ് പ്രത്യേകത.
ജോൺ മാൽക്കോവിച്ച് എഴുതി റോബർട്ട് റോഡ്രിഗസ് സംവിധാനം ചെയ്ത ഒരു ഹ്രസ്വചിത്രമാണ് 100 ഇയേഴ്‌സ്: ദി മൂവി യു വിൽ നെവർ സീ. ജോൺ മാൽക്കോവിച്ച്, ഷുയ ചാങ്, മാർക്കോ സറോർ എന്നിവർ സിനിമയിൽ അഭിനയിക്കുന്നു. ഇന്ന് ജീവിച്ചിരിക്കുന്ന ആരും ഇത് കാണില്ല എന്നതാണ് സിനിമയെ സവിശേഷമാക്കുന്നത്. 2115 നവംബർ 18നാണ് റിലീസ് തീയതി. അതുവരെ, ഫ്രാൻസിലെ കോഗ്നാക്കിലുള്ള ശക്തമായ ഒരു നിലവറയിൽ ഡിജിറ്റൽ പ്രിന്‍റ് സൂക്ഷിക്കുമെന്നാണ് വിവരം.
പ്രീമിയറിനായി ആയിരം മെറ്റൽ ടിക്കറ്റുകൾ പ്രത്യേക അതിഥികൾക്ക് നൽകിയിട്ടുണ്ട്. അവർ അത് അവരുടെ മക്കൾക്കും പേരക്കുട്ടികൾക്കും കൈമാറും. അങ്ങനെ 100 വർഷങ്ങൾക്ക് ശേഷം ജീവിച്ചിരിക്കുന്നവർ ആ സിനിമ കാണും. ഒരു ബ്രാണ്ടിയുടെ നിർമാണത്തിൽ നിന്നാണ് ഈ ആശയം നിർമാതാക്കൾക്ക് ലഭിച്ചത്. പ്രസിദ്ധമായ ബ്രാണ്ടി ലൂയിസ് XIII തയാറാക്കാൻ 100 വർഷം എടുക്കും. ഇതിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ചിത്രത്തിന്റെ കഥ എന്ന് പറയപ്പെടുന്നു
റെട്രോ, നേച്ചർ, ഫ്യൂച്ചർ എന്നീ പേരുകളിൽ ചിത്രത്തിന്‍റെ മൂന്ന് ടീസറുകൾ പുറത്തിറങ്ങിയിട്ടുണ്ട്. 2115ലെ ജീവിതം എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ചുള്ള വ്യത്യസ്ത ആശയങ്ങൾ അവ കാണിക്കുന്നു. എന്നാൽ ഈ ടീസറുകൾ യഥാർഥ സിനിമയുടെ ഭാഗമല്ല. ഇവയിൽ സിനിമയുടെ ഒരു രംഗം പോലും ഉൾക്കൊള്ളിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

