രാജ്യാന്തര ചലച്ചിത്രോത്സവം ഒമ്പതിന് കൊടിയേറും
text_fieldsതിരുവനന്തപുരം: 27ാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് ഡിസംബർ ഒമ്പതിന് തിരുവനന്തപുരത്ത് തിരിതെളിയും. എട്ട് ദിവസത്തെ മേളയില്‍ 15 തിയറ്ററിലായി 185 ചിത്രം പ്രദര്‍ശിപ്പിക്കും. പതിനായിരത്തോളം പ്രതിനിധികൾക്കാണ് പ്രവേശനം. ലോക സിനിമയിൽ നിശ്ശബ്ദതയുടെ സൗന്ദര്യം വിളിച്ചോതുന്ന അപൂർവചിത്രങ്ങളും യുദ്ധവും ജീവിതത്തിന്റെ അതിജീവനവും പ്രമേയമാക്കിയ സെർബിയൻ ചിത്രങ്ങളുമാണ് മുഖ്യ ആകർഷണം. സെർബിയയിൽനിന്ന് ആറു ചിത്രങ്ങൾ പ്രദർശിപ്പിക്കും.
അന്താരാഷ്ട്ര മത്സര വിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉള്‍പ്പെടുന്ന ലോകസിനിമ വിഭാഗം, ക്ലാസിക്കുകളുടെ വീണ്ടെടുപ്പ്, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ, കൺട്രി ഫോക്കസ്, ഹോമേജ് തുടങ്ങി 17 വിഭാഗങ്ങളിലായാണ് പ്രദർശനം. എഫ് ഡബ്ല്യു മുർണോ, എമിർ കുസ്റ്റുറിക്ക, ബേലാ താർ, അലഹാന്ദ്രോ ഹോഡറോവ്സ്കി, പോൾ ഷ്രെഡർ എന്നിവരുടെ ചിത്രങ്ങൾ അടങ്ങിയ പ്രത്യേക പാക്കേജുകൾ, സൈലന്റ് ഫിലിംസ് വിത്ത് ലൈവ് മ്യൂസിക് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട് .
സംഘര്‍ഷഭരിതമായ ദേശങ്ങളിലെ ജീവിതം പകര്‍ത്തുന്ന കൺട്രി ഫോക്കസ് വിഭാഗത്തിൽ സെർബിയൻ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. അന്തരിച്ച ഫ്രഞ്ച് സംവിധായകനായ ഴാങ് ലൂക് ഗൊദാർദ്, ടി.പി. രാജീവൻ തുടങ്ങിയവർക്ക് മേളയിൽ ആദരമര്‍പ്പിക്കും. ലോകപ്രസിദ്ധ സംവിധായകരായ ഹോങ് സാങ്സു, ബഹ്മാൻ ഗൊബാഡി, ഹിറോഖാസു കൊറീദ, ഇറാനിയൻ സംവിധായകനായ ജാഫർ പനാഹി, കൊറിയൻ സംവിധായകൻ കിം-കി-ഡുക് തുടങ്ങിയവരുടെ ചിത്രങ്ങളും പ്രദർശിപ്പിക്കും. സിനിമാക്കാഴ്ചകൾക്കൊപ്പം സംഗീത നിശകൾക്കും വേദിയൊരുക്കുന്ന മേള 16ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

