'ദി ഹഞ്ച്ബാക്ക് ഓഫ് നോട്രെ ഡാം'താരം ജിന ലോലോ ബ്രിജിഡ അന്തരിച്ചു
text_fieldsജിന ലോലോബ്രിജിഡ
ഇറ്റാലിയൻ സിനിമയിൽ അനിർവചനീയമായ സംഭാവന നൽകിയ ജിന ലോലോ ബ്രിജിഡ വിടവാങ്ങി. 1950 കളിലും 60 കളുടെ തുടക്കത്തിലും ഇറ്റാലിയൻ സിനിമയുടെ നെടുംതൂണായ യൂറോപ്യൻ നടിമാരിൽ ഒരാളായിരുന്നു ലോലോ.
ഹോളിവുഡ് സിനിമയുടെ സുവർണ്ണ കാലഘട്ടത്തിൽ, അരനൂറ്റാണ്ടിലേറെ ഇറ്റാലിയൻ സിനിമ അടക്കിവാണ താരറാണിയാണ് വിടവാങ്ങിയത്. പ്രധാനമന്ത്രി ജോർജിയ മെലോണി ലോലോ ബ്രിജിഡയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
1947ലെ മിസ് ഇറ്റലി മത്സരത്തിൽ റണ്ണർ അപ്പായതിനുശേഷമാണ് ലോലോ സിനിമയിലേക്ക് വരുന്നത്. ലൂയിജി കോമെൻസിനിയുടെ 1953 ലെ ക്ലാസിക് "ബ്രെഡ്, ലവ് ആൻഡ് ഡ്രീംസ്", ജീൻ ഡെലാനോയുടെ 1956 ലെ "ദി ഹഞ്ച്ബാക്ക് ഓഫ് നോട്ടർ ഡാം" എന്നിവയിലൂടെ പ്രശസ്തയായ ലോലോ ബ്രിജിഡ എറോൾ ഫ്‌ലിൻ, ബർട്ട് ലങ്കാസ്റ്റർ, ഹംഫ്രി ബൊഗാർട്ട് എന്നിവരുൾപ്പെടെ അക്കാലത്തെ നിരവധി പ്രമുഖർക്കൊപ്പം അഭിനയിച്ചു. ഇറ്റലിയുടെ ഓസ്‌കാറിന് തുല്യമായ ഏഴ് ഡേവിഡ് ഡി ഡൊണാറ്റെല്ലോ അവാർഡുകൾ ലോലോക്ക് ലഭിച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ എന്നു വിശേഷിക്കപ്പെട്ടിരുന്ന ലോലോ 1970-കളോടെ അഭിനയത്തിൽ നിന്ന് ശിൽപനിർമ്മാണത്തിലേക്കും ഫോട്ടോ ജേർണലിസത്തിലേക്കും തിരിഞ്ഞിരുന്നു. ക്യൂബൻ നേതാവ് ഫിഡൽ കാസ്ട്രോയുമായി ലോലോ നടത്തിയ അഭിമുഖത്തെ അടിസ്ഥാനമാക്കി അവർ തന്നെ നിർമ്മിച്ച ഡോക്യുമെന്‍ററി ബർലിൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിരുന്നു.
തുടയെല്ല് പൊട്ടിയതിനെത്തുടർന്ന് സെപ്റ്റംബറിൽ റോമിലെ ഒരു ക്ലിനിക്കിൽ ലോലോ ഓപ്പറേഷന് വിധേയയായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച റോമിലെ പിയാസ ഡെൽ പോപ്പോളോയിലെ പള്ളിയിൽ നടക്കുമെന്ന് എഎൻഎസ്എ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

