ഋതുഭേദങ്ങളുടെ പൂക്കാലം
text_fields‘പത്തുമാസ’ത്തിലെ രംഗം
‘കാട്ടുപൂവിന്റെ ചേലാണ് പെണ്ണ്
കാത്തിരിപ്പിന്റെ ചൂരാണ് പെണ്ണ്
കാഞ്ഞ തീയിന്റെ ചൂടാണ് പെണ്ണ്
കാരിരുമ്പിൻ കരുത്താണ് പെണ്ണ്’ എന്ന ടൈറ്റിൽ സോങ്ങിൽ തുടങ്ങി കേരളത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയെ കിനാവുകാണുന്ന പെൺകുട്ടിയിൽ അവസാനിക്കുന്ന സിനിമയാണ് സുമോദും ഗോപുവും ചേർന്ന് രചനയും സംവിധാനവും നിർവഹിക്കുന്ന ‘പത്തുമാസം’. ഒരു ഗർഭകാലത്തിനകത്തു സംഭവിക്കുന്ന പ്രസീത എന്ന സ്ത്രീയുടെ ജീവിതം മാത്രമല്ല ഇതിലുള്ളത്; ആൺതുണയില്ലാതെ ജീവിക്കാനാവുമെന്നും പെൺതുണതന്നെ ധാരാളമെന്നും തുറന്നുപറയുന്ന ഒരുവളുടെ നിലപാടുകൂടിയാണ്.
പെൺകരുത്ത്
തൊഴിലുറപ്പുതൊഴിലാളിയും അടിയുറച്ച സഖാവുമായ പ്രസീത പെൺകരുത്തിന്റെ പ്രതീകമാണ്. നിലപാടും വെളിപാടുമില്ലാത്ത കണവനെ വീട്ടിൽനിന്ന് ആട്ടിയിറക്കുകയും ‘കാല് പിടിച്ചും കെട്ടിപ്പിടിച്ചും ഉമ്മവെച്ചുമൊക്കെ നാടകം കളിക്കുമ്പൊ എല്ലാം മറന്ന് ഫാമിലിഫോട്ടോക്ക് പോസ് ചെയ്യുന്ന പെണ്ണുങ്ങളുടെ കൂട്ടത്തിൽ കൂട്ടണ്ട നീയെന്നെ’ എന്ന് മുഖത്തടിച്ച് പറയുകയും ചെയ്യുന്നവൾ. ദേഹോപദ്രവത്തോളമെത്തുന്ന ആൺകോയ്മയോടാണ് അവൾ പൊരുതുന്നത്. ‘ന്റെ കുട്ടീനെ പെറ്റ് നോക്കാൻ യ്ക്കറിയാം’ എന്ന് വ്യക്തമാക്കുന്നതോടൊപ്പം ‘പള്ളേലുണ്ടാവുന്നത് അസുഖാണോ’ എന്നും ചോദിക്കുന്നുണ്ടവൾ. ‘ഞാനൊരു തൊഴിലാളിയാണ്. മണ്ണിൽ പണിയെടുക്കുന്നവൾ.
എന്നെപ്പോലെയുള്ള ഒരാൾക്ക് ജീവിതംതന്നെ ഒരു പോരാട്ടമാണ്’ എന്നും വ്യക്തമാക്കുന്നു. പാർട്ടിയാപ്പീസിൽ സ്ഥാനാർഥിനിർണയ ചർച്ച നടക്കവെ, പ്രസീത പറ്റിയ സ്ഥാനാർഥിയാണെന്നും എന്നാൽ അവൾ ഗർഭിണിയാണല്ലോ എന്നും അഭിപ്രായപ്പെട്ട നേതാവിനോട് ‘അതിന് പ്പൊ എന്താ സഖാവേ?’ എന്ന് ചോദിക്കുന്ന അവൾ എതിരാളിയെക്കൊണ്ടുപോലും ‘ഓലൊരു പെർഫെക്ട് കാൻഡിഡേറ്റാ’ എന്ന് പറയിപ്പിക്കുന്നു. ഗർഭവും ഇലക്ഷൻപ്രചാരണവും ഒന്നിച്ചുകൊണ്ടുപോവാൻ പ്രയാസമാവില്ലേ എന്നതിന് ‘പുരുഷന്മാർക്കല്ലേ ഇതൊക്കെ വലിയ സ്ട്രെയിൻ? ഞങ്ങൾക്കതൊക്കെ ശീലാ...’ എന്നാണ് മറുപടി.
നിലപാടുകളുടെ രാഷ്ട്രീയം
ഇതൊരു പെൺപക്ഷ സിനിമയാണ്. അതോടൊപ്പം നിലപാടിന്റെയും നിലയുറപ്പിന്റെയും സൂക്ഷ്മരാഷ്ട്രീയം മുന്നോട്ടുവെക്കുന്നുമുണ്ട്. കാലങ്ങളായി എതിരാളികൾ ജയിക്കുന്ന ഒരു വാർഡിൽ മത്സരിക്കാൻ തയാറാവുന്ന പ്രസീത തന്റെ ശാരീരിക മാനസികവ്യഥകളെ തൃണവൽഗണിച്ചുകൊണ്ട് ‘പാർട്ടി പറഞ്ഞാൽ ഏതു തീരുമാനവും അനുസരിക്കും’ എന്ന രാഷ്ട്രീയദാർഢ്യത്തിൽ നിലയുറപ്പിക്കുന്നു. നിലപാടുകളാണ് പ്രധാനം, വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ... തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും പണിക്കുപോവുന്ന അവർ ‘അതെന്റെ ഒര് നിലപാടാ’ എന്നാണ് ഉദ്ഘോഷിക്കുന്നത്.
വേറിട്ട രാഷ്ട്രീയ വഴികൾ
എതിരാളിയെ ബഹുമാനിക്കുകയും എതിർപാർട്ടിക്കാർക്കുപോലും സ്വകാര്യമായി സംഭാവന കൊടുക്കുകയും, ജയിച്ചവൻ(ൾ) തോറ്റവള (നെ) മാലയിട്ട് അഭിനന്ദിക്കുകയും ചെയ്യുന്ന സൗഹൃദരാഷ്ട്രീയത്തിന്റെ പുതിയ സമവാക്യം സിനിമ സൃഷ്ടിക്കുന്നുണ്ട്. സ്ത്രീപക്ഷ നിലപാടിന്റെ കരുത്താണ് കുറഞ്ഞ ചെലവിൽ ഒരുക്കിയെടുത്ത ഈ സിനിമയെ വേറിട്ടതാക്കുന്നത്. കേരളത്തിൽ ഇതുവരെയും ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടായില്ല എന്ന കാര്യത്തെയും സിനിമ പ്രശ്നവത്കരിക്കുന്നുണ്ട്.
കവിത ജോസ്, സുരേഷ് തിരുവാലി, റൈസ ബിജ്ലി തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ കൈകാര്യംചെയ്തിട്ടുള്ളത്. ഷാജി കേശവിന്റെ കലാസംവിധാനവും സുധീർ കെ. സുധാകരന്റെ ഛായാഗ്രഹണവും മികച്ചതാണ്. ഒ.എസ്. ഉണ്ണികൃഷ്ണന്റെ വരികൾക്ക് ജിൻസ് ഗോപിനാഥ് ഈണമിട്ടിരിക്കുന്നു. സുമോദ്-ഗോപു കൂട്ടുകെട്ടിന്റെ മൂന്നാമത്തെ സിനിമയായ പത്തുമാസം മനോരമ മാക്സാണ് പ്രദർശിപ്പിക്കുന്നത്.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

