Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightആദ്യ മിസ്സ് കേരള,...

ആദ്യ മിസ്സ് കേരള, കെ.ജി ജോർജിന്‍റെ ആദ്യ നായിക, ഐ.വി ശശിയുടെ പ്രിയതമ; 27ാം വയസ്സിൽ അപ്രതീക്ഷിത മരണം, റാണി ചന്ദ്രയുടെ ജീവിതമിങ്ങനെ...

text_fields
bookmark_border
ആദ്യ മിസ്സ് കേരള, കെ.ജി ജോർജിന്‍റെ ആദ്യ നായിക, ഐ.വി ശശിയുടെ പ്രിയതമ; 27ാം വയസ്സിൽ അപ്രതീക്ഷിത മരണം, റാണി ചന്ദ്രയുടെ ജീവിതമിങ്ങനെ...
cancel
camera_alt

റാണി ചന്ദ്ര

ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായ കെ.ജി. ജോർജ് തന്‍റെ സംവിധാന ജീവിതം ആരംഭിച്ച സിനിമയാണ് സ്വപ്നാടനം (1976). അതുവരെ മലയാള സിനിമ കണ്ടതിൽ നിന്ന് വേറിട്ടുനിന്നിരുന്നു സ്വപ്നാടനം. പമ്മന്‍റെയും ജോർജിന്‍റെയും തിരക്കഥയിൽ ഒരുങ്ങിയ ബ്ലാക്ക് ആന്‍റ് വൈറ്റ് സൈക്കോളജിക്കൽ ചിത്രമാണ് ഇത്. സൈക്കോ മുഹമ്മദിന്‍റെ കഥ പറയുന്ന ചിത്രം വ്യാപകമായ നിരൂപക പ്രശംസ നേടി. മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും മികച്ച മലയാളം ഫീച്ചർ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര അവാർഡും ചിത്രം സ്വന്തമാക്കി.

ചിത്രത്തിലെ നായികയും ആദ്യ മിസ്സ് കേരള ജേതാവുമായ റാണിചന്ദ്രയുടെ അഭിനയവും അന്ന് ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ അഭനയത്തിന് മികച്ച നടിക്കുള്ള കേരള സർക്കാറിന്‍റെ പുരസ്കാരം റാണിയെ തേടി എത്തി. ആ ഉയർച്ച സിനിമ രംഗത്തെ പുതിയ നായികയുടെ ഉദയത്തിന് വഴിത്തിരിവായെന്നിരിക്കെ പെട്ടന്നായിരുന്നു ഒരു വിമാന അപകടത്തിൽപെട്ട് ആ 27 കാരിക്ക് ജീവൻ നഷ്ടമായത്.

1949ൽ അന്നത്തെ തിരുക്കൊച്ചിയിൽ ചന്ദ്രന്‍റെയും കാന്തിമതിയുടെയും മകളായാണ് റാണി ചന്ദ്ര ജനിച്ചത്. അക്കാലത്ത് പാശ്ചാത്യ രാജ്യങ്ങളിൽ മാത്രം പ്രചാരത്തിലുണ്ടായിരുന്ന സൗന്ദര്യമത്സരം കേരളത്തിൽ ആദ്യമായി നടന്നപ്പോൾ വിദ്യാർഥിനിയായ റാണി ആദ്യത്തെ മിസ്സ് കേരളയായി കിരീടമണിഞ്ഞു. തന്റെ നൃത്തലുള്ള പ്രത്യേക കഴിവുകൊണ്ടുതന്നെ അവർ വളരെ പെട്ടെന്ന് ചലച്ചിത്ര പ്രൊഫഷണലുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. ആ കാലയളവിൽ അവർ 'മിസ് കേരള ആൻഡ് പാർട്ടി' എന്ന പേരിൽ ഒരു നൃത്തസംഘം നടത്തിയിരുന്നു. പിതാവിന്റെ ബിസിനസ്സ് പരാജയപ്പെട്ടപ്പോൾ തന്‍റെ കുടുംബത്തെ സംരക്ഷിക്കാനായി റാണി എറണാകുളത്തെ സെന്റ് തെരേസാസ് കോളജിൽ നിന്ന് ബിരുദം നേടിയ ശേഷം തന്റെ നൃത്തസംഘത്തിലും അഭിനയ ജീവിതത്തിലും പൂർണമായും ശ്രദ്ധ കേന്ദ്രീകരിച്ചു.

റാണി ചന്ദ്രക്ക് സിനിമയിലെ പ്രശസ്തിയിലേക്ക് എത്താൻ അധികനാൾ വേണ്ടിവന്നില്ല. താമസിയാതെ, പ്രേം നസീർ, മധു തുടങ്ങിയ താരങ്ങളുമായി സ്‌ക്രീൻ പങ്കിടാനുള്ള അവസരങ്ങൾ അവർക്ക് ലഭിച്ചു. ചെമ്പരത്തി, ദേവി, ബ്രഹ്മചാരി, ജീസസ്, പച്ച നോട്ടുകൾ, ആരാധിക, സൗന്ദര്യ പൂജ തുടങ്ങിയ സിനിമകളിലെ അഭിനയം കൂടുതൽ ശ്രദ്ധ നേടാൻ സഹായിച്ചു. ഇതിഹാസ ചലച്ചിത്ര നിർമാതാവ് രാമു കാര്യാട്ടിന്റെ നെല്ല് (1974) എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയും ശക്തമായ പ്രകടനത്തിലൂടെയും റാണി പ്രേക്ഷകരിലും സിനിമ മേഖലയിലുള്ളവരിലും മായാത്ത മുദ്ര പതിപിച്ചു. സ്വപ്നാടനത്തിൽ അഭിനയിക്കുന്നതിൽ നെല്ല് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കാരണം മുൻ ചിത്രത്തിന്റെ തിരക്കഥ രാമുവും അദ്ദേഹത്തിന്റെ അസിസ്റ്റന്റായിരുന്ന കെ.ജി. ജോർജും ഒന്നിച്ച് എഴുതിയതായിരുന്നു.

കാമിനി, നാത്തൂൻ, ഭൂഗോളം തിരിയുന്നു, സ്വാമി അയ്യപ്പൻ, അയോധ്യ, ബോയ്ഫ്രണ്ട്, മുച്ചീടുകളികാരന്റെ മകൾ, ഉത്സവം, ചിരിക്കുടുക്ക, അംബ അംബിക അംബാലിക തുടങ്ങി നിരവധി ചിത്രങ്ങളിൽ റാണി ചന്ദ്ര പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു. അതേസമയം, തമിഴ് സിനിമയിലും അവർ അരങ്ങേറ്റം കുറിച്ചു. തേൻ സിന്ധുധേ വാനം, ഭദ്രകാളി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. അവിടെ കമലഹാസൻ, ശിവകുമാർ തുടങ്ങിയ അഭിനേതാക്കളുമായി സഹകരിച്ചു.

എന്നാൽ 1976 ഒക്ടോബർ 12ന് ബോംബെയിൽ നിന്ന് മദ്രാസിലേക്കുള്ള യാത്രയിൽ അവളുടെ എല്ലാ സ്വപ്നങ്ങളും തകരുകയായിരുന്നു. ബോംബെ വിമാനത്താവളത്തിൽ (ഇപ്പോൾ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം) അടിയന്തര ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ തകർന്ന ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് 171ൽ അവർ ഉണ്ടായിരുന്നു. നടിയും അമ്മയും മൂന്ന് സഹോദരിമാരും ഉൾപ്പെടെ 95 യാത്രക്കാരും മരിച്ചു. മരിച്ച യാത്രക്കാരിൽ റാണിയുടെ നൃത്തസംഘത്തിലെ അംഗങ്ങളും സംഗീതജ്ഞരും ഉണ്ടായിരുന്നു.

മരണ സമയത്ത് 27 വയസുമാത്രമായിരുന്നു താരത്തിനു പ്രായം. ആ സമയം തമിഴ് ചിത്രമായ ഭദ്രകാളിയിൽ അഭിനയിക്കുന്നുണ്ടായിരുന്നു. ഈ ചിത്രത്തിന്‍റെ പല ഭാഗങ്ങളും പിന്നീട് ട്യൂപ്പിനെ വെച്ചാണ് ചിത്രീകരിച്ചത്. തന്‍റെ ചെറിയ സിനിമ ജീവിതത്തിനുള്ളിൽ 70ൽ ഏറെ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.

സംവിധായകൻ ഐ.വി. ശശി റാണിയെ പലപ്പോഴും നന്ദിയോടെ അനുസ്മരിച്ചിരുന്നു. ചലച്ചിത്ര രംഗത്തെ തന്‍റെ ആദ്യഘട്ടങ്ങളിൽ നിർമാതാവായി അരങ്ങേറ്റം കുറിക്കാൻ ശശി പാടുപെട്ടിരുന്നു. അന്ന് ഒന്നും പ്രതീക്ഷിക്കാതെ റാണി അദ്ദേഹത്തെ വളരെയധികം സഹായിച്ചു. ഒടുവിൽ അദ്ദേഹം തന്റെ ആദ്യ ചിത്രമായ ഉത്സവം നിർമിച്ചപ്പോൾ റാണി അതിൽ ശക്തമായ ഒരു കഥാപാത്രം ചെയ്തു. പിന്നീട് അഭിനന്ദനം, ഊഞ്ഞാൽ തുടങ്ങിയ സിനിമകളിലും അവർ ഒന്നിച്ചു പ്രവർത്തിച്ചു.

താൻ ആദ്യമായി പ്രണയത്തിലായ സ്ത്രീ റാണി ചന്ദ്രയാണെന്ന് ശശി എപ്പോഴും തുറന്നു പറയുമായിരുന്നു. ശശി അവരോട് വിവാഹാഭ്യർഥന നടത്തിയിരുന്നു പക്ഷെ അവരത് സൗമ്യമായി നിരസിച്ചു. അതേ ആവശ്യവുമായി വീണ്ടും സമീപിച്ചപ്പോൾ 'നീ ഇനിയും ഒരുപാട് ഉയരത്തിൽ എത്തിപെടാനുള്ള ആളാണ്. ഞാൻ അതിന് അർഹയല്ല' എന്നവർ മറുപടി നൽകി. ആ സമയത്ത് കാരണം ശശിക്ക് മനസ്സിലായില്ലെങ്കിലും, തന്നോടുള്ള അമിതമായ സൗഹൃദത്തിൽ നിന്നാണ് അവളുടെ വിസമ്മതം ഉണ്ടായതെന്ന് അയാൾ പിന്നീട് മനസ്സിലാക്കിയതായി അദ്ദേഹം പറഞ്ഞു.

മുംബൈയിൽ നിന്നുള്ള തന്‍റെ അവസാന യാത്രക്ക് മുൻപും റാണി എയർപ്പോർട്ട് ടെലിഫോൺ വഴി ഐ.വി ശശിയെ വിളിച്ചിരുന്നു. തന്‍റെ ദുബൈ യാത്രയിൽ ശശിക്കായി വാങ്ങിയ സമ്മാനങ്ങളെ കുറിച്ച് അവർ സംസാരിച്ചു. പക്ഷെ അത് അവരുടെ അവസാന കോൾ ആയിരിക്കുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നില്ല. റാണി ചന്ദ്രയുടെ അപ്രതീക്ഷിത വിയോഗം ഐ.വി ശശിയുടെ ജീവിതത്തെ വല്ലാതെ പിടിച്ചുലച്ച സംഭവമായിരുന്നു. അവരെ കുറിച്ചുള്ള ഓർമകൾ 'റാണി...മൈ ഡിയറസ്റ്റ് റാണി...' എന്ന തലക്കുറിപ്പോടെ ഐ.വി ശശി ഒരു ഫിലിം മാഗസിനിൽ എഴുതിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plane CrashMalayalam Cinemaiv sasiK G GeorgeMOLLYWOODWomen in malayalam cinemaDeathsRani Chandra
News Summary - The First Miss Kerala Who Became KG George's Heroine And Lost Her Life Too Soon
Next Story