സിനിമയിലെ ഹോളി ആഘോഷങ്ങൾക്ക് തുടക്കമിട്ട ഗാനം; 86 വർഷം പഴക്കമുള്ള ചരിത്രം ഇതാ...
text_fieldsഇന്ന് പലയിടത്തും ഹോളി ആഘോഷം തകൃതിയായി നടക്കുകയാണ്. ബോളിവുഡ് സിനിമയും ഹോളിയും തമ്മിൽ വേർപിരിക്കാനാവാത്ത ബന്ധമാണുള്ളത്. എന്നാൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും മുമ്പേ ബോളിവുഡിൽ ഹോളി ഗാനങ്ങൾ പിറന്നിരുന്നു എന്നത് പലർക്കും പുതിയ അറിവായിരിക്കും. വർണ്ണാഭമായ സിനിമാ ദൃശ്യങ്ങൾ വരുന്നതിനും പതിറ്റാണ്ടുകൾക്ക് മുമ്പ്, 1940ൽ പുറത്തിറങ്ങിയ ഔരത്ത് എന്ന ചിത്രത്തിലാണ് ആദ്യമായി ഒരു ഹോളി ഗാനം ഉൾപ്പെടുത്തിയത്. ‘ആജ് ഹോളി ഖേലേംഗെ സജൻ കേ സംഗ്’ എന്നതായിരുന്നു ആ ഗാനം. പ്രശസ്ത സംഗീത സംവിധായകൻ അനിൽ ബിശ്വാസ് ആണ് ഈ ഗാനം ചിട്ടപ്പെടുത്തിയതും ആലപിച്ചതും.
മലയാളി പ്രേക്ഷകർക്ക് പോലും സുപരിചിതമായ 'മദർ ഇന്ത്യ' (1957) എന്ന വിഖ്യാത ചിത്രം മെഹബൂബ് ഖാൻ സംവിധാനം ചെയ്ത 'ഔരത്ത്' എന്ന സിനിമയുടെ റീമേക്കായിരുന്നു. സർദാർ അക്തർ, സുരേന്ദ്ര, യാക്കൂബ്, കനയ്യലാൽ എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്. പുരുഷാധിപത്യം നിലനിന്നിരുന്ന കാലത്ത് സ്ത്രീപക്ഷ ചിന്താഗതികൾ ഉയർത്തിപ്പിടിച്ച സിനിമയായിരുന്നു ഇത്. 1957ൽ നർഗീസ്, സുനിൽ ദത്ത്, രാജേന്ദ്ര കുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മെഹബൂബ് ഖാൻ തന്നെ ഈ ചിത്രം വീണ്ടും നിർമിച്ചു.
ഏകദേശം 60 ലക്ഷം രൂപ ചെലവിൽ നിർമിച്ച ചിത്രം അക്കാലത്ത് 8 കോടി രൂപയോളം കലക്ഷൻ നേടി. അതായത് നിർമാണച്ചെലവിന്റെ ഏഴിരട്ടി. ഭർത്താവ് ഉപേക്ഷിച്ചുപോയ രാധ എന്ന ദരിദ്രയായ ഗ്രാമീണ സ്ത്രീ തന്റെ മക്കളെ വളർത്താൻ നടത്തുന്ന പോരാട്ടമാണ് ചിത്രം പറഞ്ഞത്. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കർ നാമനിർദേശം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ ചിത്രം എന്ന ചരിത്രനേട്ടം മദർ ഇന്ത്യ സ്വന്തമാക്കി. കാതറിൻ മയോ എന്ന അമേരിക്കൻ എഴുത്തുകാരി ഇന്ത്യൻ സംസ്‌കാരത്തെ വിമർശിച്ചുകൊണ്ട് എഴുതിയ 'മദർ ഇന്ത്യ' എന്ന പുസ്തകത്തിന് മറുപടിയായാണ് സിനിമക്ക് ഈ പേര് നൽകിയത്.
ഇന്ന് ബോളിവുഡിൽ ഹോളിയെന്നാൽ തകർപ്പൻ നൃത്തവും ഡിജെ പാട്ടുകളുമാണ്. എന്നാൽ 1940ൽ 'ഔരത്ത്' എന്ന ചിത്രത്തിലൂടെ വളരെ ശാന്തമായി തുടങ്ങിയ ആ പാരമ്പര്യമാണ് ഇന്നും ഇന്ത്യൻ സിനിമയിൽ തുടരുന്നത്. 'ആജ് ഹോളി ഖേലേംഗെ...' എന്ന ഗാനം ഇന്നത്തെ പ്ലേലിസ്റ്റുകളിൽ ഉണ്ടാകില്ലെങ്കിലും, അത് എക്കാലത്തെയും വലിയൊരു ചരിത്ര നാഴികക്കല്ലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

