തിയേറ്റർ ആരുടെ അതിജീവനം?
text_fieldsഎങ്ങനെ നമ്മുടെ പൈതൃകം കൊള്ളയടിക്കാം? മനുഷ്യരുടെ അടിസ്ഥാന പ്രശ്നങ്ങളെ തമസ്കരിച്ച് എങ്ങനെ ഒറ്റപ്പെടുത്തി തകര്‍ക്കാം? ഇത് വിഭവങ്ങള്‍ ഉള്ളിടത്തല്ലാം സംഭവിക്കാമെന്ന് വിളിച്ചുപറയുകയാണ് സജിന്‍ ബാബു രചനയും സംവിധാനവും നിർവഹിച്ച ‘തിയേറ്റര്‍: ദ മിത്ത് ഓഫ് റിയാലിറ്റി’ എന്ന സിനിമ. പ്രതിസന്ധികൾ ഏറെയുണ്ടെങ്കിലും അതിനെ തരണം ചെയ്തു മുന്നോട്ടുപോകുന്ന, എന്നാൽ അപ്രതീക്ഷിതമായുണ്ടാകുന്ന സംഭവങ്ങളോടെ എല്ലാം തകിടംമറിയുന്ന മീര എന്ന യുവതിയുടെയും അമ്മയുടെയും കഥയാണ് സിനിമ.
സജിന്‍ ബാബു
മിത്തും റിയാലിറ്റിയുമെല്ലാം ബന്ധിപ്പിച്ചുകൊണ്ടുള്ള സിനിമയാണ് ‘തിയേറ്റർ’. പ്രധാന കഥാപാത്രമായ മീരയെ അവതരിപ്പിച്ചിരിക്കുന്നത് റിമ കല്ലിങ്കലാണ്. അമ്മ ശാരദയായി സരസ ബാലുശ്ശേരിയും. പ്രതിസന്ധികളെ അതിജീവിച്ച് ഒറ്റപ്പെട്ട തുരുത്തിൽ ജീവിക്കുന്ന ഇവരുടെ ജീവിതം മീരക്ക് ഒരു അപൂർവ രോഗം പിടിപെടുന്നതോടെ തകിടം മറിയുന്നു. പിന്നീടുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. സമൂഹമാധ്യമ ചൂഷണങ്ങളും സ്വകാര്യതാ ലംഘനങ്ങളും ലൈംഗിക ചൂഷണങ്ങളുടെ ആഘാതവും ആരോഗ്യ സംവിധാനത്തിന്റെ സങ്കീർണതകളുമെല്ലാം സിനിമ ചർച്ചചെയ്യുന്നു.
കാഴ്ചപ്പാട് ലോക സിനിമ
തുടർച്ചയായി വന്ന പത്രവാർത്തയിൽനിന്നുമാണ് ‘തിേയറ്റർ’ സംഭവിക്കുന്നതെന്നും നേരത്തേ ചെയ്ത സിനിമകളിൽനിന്നും വ്യത്യസ്തമായി അവാർഡിനുമപ്പുറം തിയറ്റർ നിറയുന്നതായിരിക്കണം ആസ്വാദനരീതിയെന്നും നിശ്ചയിച്ചാണ് ‘തിയേറ്റര്‍: ദ മിത്ത് ഓഫ് റിയാലിറ്റി’ ഒരുക്കിയതെന്നും സംവിധായകൻ സജിൻ ബാബു പറയുന്നു.
മീര എന്ന കഥാപാത്രമായി മാറാൻ റീമ കല്ലിങ്കൽ എടുത്ത പ്രയത്നം ചില്ലറയല്ല. ഉയരമുള്ള തെങ്ങിന്റെയും പ്ലാവിന്റെയും മുകളിൽ കയറണം. കായികമായും മാനസികയും അതിനുവേണ്ട തയാറെടുപ്പ് നടത്തിയാണ് മീരയായി മാറിയത്. അതിന്റെ ഫലം സിനിമക്ക് ലഭിച്ചു. എന്റെ സിനിമ കാഴ്ചപ്പാട് ലോക സിനിമയെന്നതാണ്. അതിലേക്കുള്ള പ്രയാണമാണ് ഓരോന്നും. ഓരോ സിനിമയും ഇന്റർനാഷനൽതലത്തിൽ അംഗീകരിക്കപ്പെടുമ്പോൾ അത് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. സിനിമ വിട്ടൊരു തൊഴിലുമില്ലെന്ന് ഉറച്ച ബോധ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. വന്ന വഴികൾ തന്ന ദുരിതങ്ങളും കഷ്ടപ്പാടുകളും തന്നെയാണ് എല്ലാ സംവിധായകരുടെയും അടിത്തറയെന്നാണ് വിശ്വാസം -സജിൻ ബാബു കൂട്ടിച്ചേർക്കുന്നു.
മികച്ച ദൃശ്യാനുഭവം
സിനിമ കണ്ടിരുന്ന രണ്ടു മണിക്കൂർ വേറെ ഏതോ ഒരു ലോകത്തായിരുന്നു. ‘തിയേറ്ററി’ൽ വിഷ്വലിലാണ് കഥ നിൽക്കുന്നത്. അത് കണ്ടാലേ കഥ മനസ്സിലാകൂ. ഒരാളെ വിശ്വസിച്ച് ഇത്രയും വലിയ േപ്രാജക്ട് ചെയ്യുന്ന നിർമാതാവിനെ സമ്മതിക്കണം. റിമ കല്ലിങ്കലിന്റെ അഭിനയം അത്ഭുതപ്പെടുത്തിയെന്നും തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി പറയുന്നു.
പ്രവചിക്കാൻ പറ്റാത്ത സിനിമ ‘തിയേറ്റർ’. പിന്നെ ആചാരങ്ങളെ സിനിമയിൽ കണ്ണി ചേർത്തിരിക്കുന്നത് അസാധ്യമായാണ്. സുന്ദരമായ സിനിമ, നല്ല ഷോട്ട്, നല്ല എഡിറ്റിങ്. ‘തിയേറ്റർ’ നൽകുന്നത് മികച്ചൊരു ദൃശ്യാനുഭവം കൂടിയാണെന്ന് സംവിധായകൻ വി.കെ. പ്രകാശ് കൂട്ടിച്ചേർത്തു.
തിയേറ്റർ: വെറും മിത്തല്ല
നല്ലൊരു ഭൂപ്രകൃതി, കാലാവസ്ഥ, ദൃശ്യ മനോഹരമായ പ്രകൃതിഭംഗി ഇതൊന്നുമില്ലെങ്കില്‍ ഒരു പ്രശ്നവും തേടിയെത്തില്ല. എന്നാൽ, ഇവയെല്ലാം ഉണ്ടെങ്കിൽ ഏത് നിമിഷവും നിങ്ങൾ കുടിയിറക്കപ്പെടാം എന്ന് സിനിമ പറഞ്ഞുവെക്കുന്നു. സമൂഹം അടിച്ചേൽപിക്കുന്ന ചിട്ടവട്ടങ്ങള്‍ മറികടന്നുകൊണ്ട് ജീവിതം സാധ്യമാണോ? എന്ന ശക്തമായ ചോദ്യംകൂടിയാണ് ഇൗ സിനിമ ഉയര്‍ത്തുന്നത്.
ഡെയിന്‍ ഡേവിസ്, പ്രമോദ് വെളിയനാട്, കൃഷ്ണന് ബാലകൃഷ്ണന്, ആന്‍ സലിം, മീനാക്ഷി രവീന്ദ്രന്, അരുണ്‍ സോള്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ. ‘അസ്തമയം വരെ’, ‘അയാള്‍ ശശി’, ‘ബിരിയാണി’ എന്നിവയാണ് സജിൻ ബാബുവിന്റെ മറ്റ് സിനിമകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

