കാത്തിരിപ്പുകൾക്കൊടുവിൽ ദി ബാറ്റ്മാൻ 2 ചിത്രീകരണം ആരംഭിച്ചു; റിലീസ് 2027-ലേക്ക് നീട്ടി
text_fieldsലണ്ടൻ: ലോകമെമ്പാടുമുള്ള ഡിസി ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ദി ബാറ്റ്മാൻ: പാർട്ട് 2 ചിത്രീകരണം ലണ്ടനിൽ ആരംഭിച്ചു. കോവിഡ് പ്രതിസന്ധികളും ഹോളിവുഡ് സമരങ്ങളും കാരണം നീണ്ടുപോയ ചിത്രീകരണമാണ് ഒടുവിൽ ആരംഭിച്ചിരിക്കുന്നത്. മാറ്റ് റീവ്സും മാറ്റ്സൺ ടോംലിനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
തീയേറ്ററുകളിൽ വൻ തരംഗം സൃഷ്ടിച്ച ആദ്യ ഭാഗത്തിന് ശേഷം റോബർട്ട് പാറ്റിൻസൺ ഒരിക്കൽ കൂടി ബാറ്റ്മാന്റെ കുപ്പായമണിയുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ആദ്യ ഭാഗത്തിൽ വില്ലൻ വേഷം കൈകാര്യം ചെയ്ത കോളിൻ ഫാരെൽ ദി പെൻഗ്വിൻ ആയി വീണ്ടും തിരിച്ചെത്തുന്നു. ഇവർക്ക് പുറമെ കമ്മീഷണർ ജെയിംസ് ഗോർഡനായി ജെഫ്രി റൈറ്റും, ആൽഫ്രഡ് പെന്നിവർത്തായി ആൻഡി സെർകിസും ചിത്രത്തിലുണ്ടാകും.
ഓഫീസർ മാർട്ടിനെസ്സായി ഗിൽ പെരസ്-അബ്രഹാം, ഗോതം സിറ്റി മേയർ ബെല്ല റിയാലായി ജെയ്മി ലോസൺ എന്നിവരും വേഷമിടുന്നുണ്ട്. കൂടാതെ ഹാർവി ഡെന്റിന്റെ പിതാവായി പ്രശസ്ത നടൻ ചാർലസ് ഡാൻസും എത്തുന്നു. ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ അവസാനം പ്രത്യക്ഷപ്പെട്ട ബാരി കിയോഗൻ തന്നെയാകും ഇത്തവണയും 'ജോക്കർ' ആയി എത്തുക എന്നാണ് സൂചനകൾ.
സെബാസ്റ്റ്യൻ സ്റ്റാൻ, സ്കാർലറ്റ് ജോഹാൻസൺ, സെബാസ്റ്റ്യൻ കോച്ച്, ബ്രയാൻ ടൈറി ഹെൻറി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ടെങ്കിലും ഇവരുടെ കഥാപാത്രങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
സെബാസ്റ്റ്യൻ സ്റ്റാൻ പ്രശസ്ത വില്ലൻ കഥാപാത്രമായ ഹാർവി ഡെന്റ് ആയി എത്തുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ പുതിയ വിവരങ്ങൾ അനുസരിച്ച് ബ്രയാൻ ടൈറി ഹെൻറി ആയിരിക്കും ഹാർവി ഡെന്റ് ആകുക എന്നും, സെബാസ്റ്റ്യൻ സ്റ്റാൻ ക്രൂരനായ കൊലയാളി വിക്ടർ സാസ് എന്ന കഥാപാത്രത്തെയായിരിക്കും അവതരിപ്പിക്കുക എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
2022 ഏപ്രിലിൽ, ആദ്യ ഭാഗം റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തിൽ 2025 ഒക്ടോബർ 3-നായിരുന്നു റിലീസ് നിശ്ചയിച്ചിരുന്നത്. പിന്നീട് ഇത് 2026 ഒക്ടോബർ 2-ലേക്ക് മാറ്റിയെങ്കിലും, ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ചിത്രം 2027 ഒക്ടോബർ 1-നേ തീയേറ്ററുകളിൽ എത്തുകയുള്ളൂ. ആഗോളതലത്തിൽ 772 മില്യൺ ഡോളറിലധികം കളക്ഷൻ നേടിയ ആദ്യ ഭാഗം റിലീസ് ചെയ്ത് അഞ്ച് വർഷങ്ങൾക്ക് ശേഷമായിരിക്കും രണ്ടാം ഭാഗം പ്രേക്ഷകരിലേക്ക് എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

