Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right54-ാമത് അന്താരാഷ്ട്ര...

54-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് ഗോവയിൽ ഇന്ന് തുടക്കം

text_fields
bookmark_border
54-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് ഗോവയിൽ ഇന്ന് തുടക്കം
cancel

ഗോവ: 54-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് ഗോവയിൽ ഇന്ന് തുടക്കം. നവംബർ 28 വരെ നടക്കുന്ന മേളയുടെ ഉദ്ഘാടനച്ചടങ്ങുകൾ വൈകീട്ട് ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ നടക്കും. മലയാള സിനിമ 'ആട്ടം' ആണ് പനോരമയില്‍ ഉദ്ഘാടന ചിത്രം. നവാഗതനായ ആനന്ദ് ആകര്‍ഷി സംവിധാനം ചെയ്ത ആട്ടത്തില്‍ വിനയ് ഫോര്‍ട്ട് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏഴ് മലയാള ചിത്രങ്ങളാണ് ഇന്ത്യൻ പനോരമയില്‍ ഇടംപിടിച്ചത്. 408 സിനിമകളില്‍ നിന്ന് സംവിധായകൻ ടി.എസ്. നാഗാഭരണ അധ്യക്ഷനായ ജൂറിയാണ് സിനിമകള്‍ തെരഞ്ഞെടുത്തത്.

ഗോവ ഗവർണർ ശ്രീധരൻ പിള്ള, കേന്ദ്ര വാർത്താ വിനിമയപ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ, സഹമന്ത്രി എൽ. മുരുകൻ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവർ പങ്കെടുക്കും. 'സത്യജിത്ത് റേ ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം' ഹോളിവുഡ് നടനും നിർമാതാവുമായ മൈക്കിൾ ഡഗ്ലസിന് സമ്മാനിക്കും.

വിവിധ വിഭാഗങ്ങളിലായി 270ലേറെ ചിത്രങ്ങളാണ് ഇത്തവണ പ്രദർശനത്തിനെത്തുന്നത്. സംവിധായകൻ ശേഖർ കപൂറാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിന്‍റെ ജൂറി ചെയർമാൻ. മാധുരി ദീക്ഷിത്, വിജയ് സേതുപതി, പങ്കജ് ത്രിപാഠി, സണ്ണി ഡിയോൾ, സാറാ അലിഖാൻ, ഷാഹിദ് കപൂർ, നിർമാതാവും സംവിധായകനുമായ കരൺ ജോഹർ, സംഗീത സംവിധായകൻ ശന്തനു മൊയ്ത്ര, ഗായകരായ ശ്രേയാ ഘോഷാൽ, സുഖ്‌വീന്ദർ സിങ്‌ തുടങ്ങിയവർ പങ്കെടുക്കും.

നാൽപ്പതിലേറെ വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് ഇത്തവണ വ്യത്യസ്ത വിഭാഗങ്ങളിൽ പ്രദർശനത്തിനെത്തുന്നത്. പുതിയ തലമുറയിലെ സിനിമാ പ്രതിഭകളെ കണ്ടെത്താനായി യങ് ക്രിയേറ്റീവ് മൈൻഡ്‌സ് ഓഫ് ടുമാറോ പദ്ധതിയുടെ 75 വിജയികളെ മേളയിൽ പ്രഖ്യാപിക്കും. ആദ്യമായി ഏറ്റവും മികച്ച വെബ് സീരീസിനും പുരസ്കാരമുണ്ട്.

കാഴ്ച ശക്തിയും കേൾവി ശക്തിയും ഇല്ലാത്തവർക്ക് പ്രത്യേക പ്രദർശനം ഉണ്ടായിരിക്കും. മത്സരവിഭാഗത്തിലെ ഏറ്റവും മികച്ച ചിത്രത്തിന് സുവർണ മയൂരവും 40 ലക്ഷം രൂപയും പുരസ്കാരമായി ലഭിക്കും. മികച്ച സംവിധായിക/സംവിധായകൻ, മികച്ച നടി, നടൻ, മികച്ച നവാഗത സംവിധായിക/ സംവിധായകൻ തുടങ്ങി വിവിധ വിഭാഗങ്ങളിൽ പുരസ്കാരമുണ്ട്. അമേരിക്കൻ ചിത്രം ‘ദ ഫെതർ വെയ്റ്റാണ്’ സമാപനചിത്രം.

Show Full Article
TAGS:Goa54th International Film Festival
News Summary - The 54th International Film Festival begins today in Goa
Next Story