2025ലെ ഏറ്റവും മികച്ച 12 ഇന്ത്യൻ സിനിമകൾ; വോഗ് ഇന്ത്യയുടെ ലിസ്റ്റിൽ നാല് മലയാള സിനിമകൾ
text_fieldsഇന്ത്യൻ സിനിമയെ സംബന്ധിച്ച് മാറ്റങ്ങളുടെയും പരീക്ഷണങ്ങളുടെയും വർഷമായിരുന്നു കടന്ന് പോയത്. ഭാഷാഭേദങ്ങൾ മറികടന്ന് പ്രാദേശിക സിനിമകൾ പലതും ലോകശ്രദ്ധ നേടി. ഉള്ളടക്കത്തിന്റെ ശക്തിയും ആവിഷ്‌കാര സ്വാതന്ത്ര്യവും ഈ വർഷം ഇന്ത്യൻ സിനിമയെ കൂടുതൽ ചർച്ചാവിഷയമാക്കി. മലയാള സിനിമയുടെയും മികച്ച വർഷമായിരുന്നു 2025. ഇപ്പോഴിതാ, വോഗ് ഇന്ത്യ പുറത്തിറക്കിയ മികച്ച 12 ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ നാലെണ്ണവും മലയാള സിനിമകളാണ്. ഡീയസ് ഈറെ, ലോക, എക്കോ, തുടരും എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ട മലയാള സിനിമകൾ.
ഡീയസ് ഈറെ
പ്രണവ് മോഹൻലാൽ നായകനായെത്തിയ ഹൊറർ ചിത്രമാണ് ഡീയസ് ഈറെ. രാഹുൽ സദാശിവൻ സംവിധാനവും തിരക്കഥയും ഒരുക്കിയ ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്ന് നിർമിച്ചത്. ഒക്ടോബർ 31നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രണവ് മോഹൻലാലിന്‍റെ ആദ്യ ഹൊറർ ചിത്രമെന്ന പ്രത്യേകതയും 'ഡീയസ് ഈറെ'ക്കുണ്ട്. പ്രണവ് മോഹൻലാലിനൊപ്പം ജിബിൻ ഗോപിനാഥ്, ജയ കുറുപ്പ്, അരുൺ അജികുമാർ, ഷൈൻ ടോം ചാക്കോ, സുഷ്മിത ഭട്ട് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ക്രിസ്റ്റ് സേവ്യർ ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
ലോക
മലയാള സിനിമയില്‍ പുതിയ ചരിത്രം കുറിച്ച ചിത്രമാണ് 'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര'. കല്യാണി പ്രിയദർശൻ നായികയായ ചിത്രം തിയറ്ററുകളില്‍ 100 ദിവസം പൂർത്തിയാക്കിയിരുന്നു. മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായി 300 കോടി ക്ലബില്‍ ഇടം പിടിച്ച ചിത്രം കൂടിയാണിത്. ഡൊമിനിക് അരുണ്‍ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ നസ്ലിനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അഞ്ചുഭാഗങ്ങളുള്ള മെഗാഫാന്റസി സിനിമാറ്റിക് യൂനിവേഴ്‌സിലെ ആദ്യഭാഗമായാണ് 'ലോക' എത്തിയത്. കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രമാണ്. ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചിത്രത്തിൽ അഭിനയിച്ചു.
എക്കോ
മലയാളത്തിലെ മിസ്റ്ററി ത്രില്ലർ ചിത്രമാണ് 'എക്കോ'. കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രം നവംബർ 21നാണ് തിയറ്ററുകളിൽ എത്തിയത്. ഏകദേശം അഞ്ച് കോടി രൂപയുടെ ബജറ്റിൽ നിർമിച്ച ചിത്രം 50 കോടി രൂപ നേടി വൻ വാണിജ്യ വിജയമായെന്നാണ് റിപ്പോർട്ട്. ദിൻജിത്ത് അയ്യത്താൻ, എഴുത്തുകാരനും ഛായാഗ്രാഹകനുമായ ബാഹുൽ രമേശ് എന്നിവരുടെ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം സിനിമാസ്വാദകർക്ക് പുത്തൻ ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്. എക്കോയിൽ സന്ദീപ് പ്രദീപ്, സൗരബ് സച്ച്‌ദേവ്, വിനീത്, നരേൻ, അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ്, ബിയാന മോമിൻ, സീ ഫൈ, രഞ്ജിത് ശങ്കർ, ശ്രീലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തുടരും
മലയാളത്തിലെ എക്കാലത്തെയും മികച്ച വിജയ സിനിമകളിൽ ഒന്നാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം തുടരും. വർഷങ്ങൾക്ക് ശേഷം മോഹൻലാൽ ശോഭന കോംമ്പോ ഒന്നിച്ചു എന്നതായിരുന്നു ചിത്രത്തിന്‍റെ വലിയൊരു പ്രത്യേകത. മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം ചിത്രമാണ് തുടരും. റിലീസ് ദിനത്തില്‍ ചിത്രത്തിന്‍റെ നെറ്റ് കലക്ഷന്‍ 5.25 കോടിയായിരുന്നു. രണ്ടാം ദിനത്തില്‍ ചിത്രത്തിന് വന്‍ അഭിപ്രായം ലഭിച്ചതോടെ ഇത് 8.6 കോടിയായി. ആദ്യ ഞായറാഴ്ച 10.5 കോടിയായും കലക്ഷൻ വർധിച്ചു. എമ്പുരാന് ശേഷം ഏറ്റവും വേഗത്തിൽ 50 കോടി നേടുന്ന മലയാള ചിത്രമായി തുടരും മാറിയിരുന്നു. അന്തിമ ബോക്സ് ഓഫിസ് കണക്കുകൾ പ്രകാരം ചിത്രം ലോകമെമ്പാടുമായി ഏകദേശം 237.37 കോടി കലക്ഷൻ നേടിയിട്ടുണ്ട്.
ലിസ്റ്റിലെ മറ്റ് സിനിമകൾ
ഹോംബൗണ്ട് (ഹിന്ദി)
സൈയാര (ഹിന്ദി)
ടൂറിസ്റ്റ് ഫാമിലി (തമിഴ്)
കാലിധാർ ലാപ്ത (ഹിന്ദി)
ദി ഗ്രേറ്റ് ഷംസുദ്ദീൻ ഫാമിലി (ഹിന്ദി)
കാന്താര: അധ്യായം 1 (കന്നഡ)
ബൈസൺ കാലമാടൻ (തമിഴ്)
സബർ ബോണ്ട (മറാത്തി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

