തരുൺ മൂർത്തി തുടരും! കൂടെ ഫഹദും നസ്ലെനുമടക്കം വമ്പൻ ടീം
text_fieldsതിയറ്ററിൽ റെക്കോഡ് കളക്ഷനുമായി മുന്നോട്ട് പോകുന്ന മോഹൻലാൽ ചിത്രം തുടരുമിന് ശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തുന്ന പുതിയ ചിത്രത്തിന്‍റെ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ആഷിഖ് ഉസ്മാന്‍റെ പ്രൊഡക്ഷനിലെത്തുന്ന ചിത്രത്തിൽ യുവ താരം നസ്ലിൻ ഗഫൂർ തമിഴ് നടൻ അർജുൻ ദാസ്, ഗണപതി എന്നിവരാണ് നായകൻമാരായി എത്തുന്നത്. ഇവരോടൊപ്പം ഫഹദ് ഫാസിലും വമ്പൻ റോളിൽ എത്തുന്നുണ്ട്.
ടോർപെടൊ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിനു പപ്പു ആണ്. ചിത്രത്തിൻ്റെ ഛായാഗ്രഹണം ജിംഷി ഖാലിദ് ആണ്. സുഷിൻ ശ്യാം ആണ് ചിത്രത്തിന്‍റെ സംഗീതം. വിവേക് ഹർഷൻ ആണ് എഡിറ്റർ. കലാസംവിധാനം ഗോകുൽ ദാസ്, വസ്ത്രാലങ്കാരം മഷർ ഹംസ, സ്റ്റണ്ട് സുപ്രീം സുന്ദർ എന്നിങ്ങനെ വമ്പൻ ടീമാണ് അണിയറക്ക് പിന്നിലുള്ളത്. മേക്കപ്പ് റോണക്‌സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ സുധർമൻ വള്ളിക്കുന്ന്, സ്റ്റിൽസ് അമൽ സി സദർ, ഡിസൈൻ ഓൾഡ് മങ്ക്സ്. സെൻട്രൽ പിക്‌ചേഴ്‌സ് റിലീസ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുക. മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ് ഒബ്സ്ക്യൂറ എൻറർടൈൻമെന്‍റ്സ് ഈ ചിത്രത്തിൻ്റെ കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.
ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക, തുടരും എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മോഹൻലാൽ നായകനായ തുടരും ഏപ്രിൽ 25 നാണ് തിയറ്ററുകളിൽ എത്തിയത്. വമ്പൻ മൌത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം 6 ദിവസം കൊണ്ട് ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് 100 കോടി ഗ്രോസ് നേടിയിരുന്നു. തരുണിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് ഇത്. അതേസമയം "ഓടും കുതിര ചാടും കുതിര" ആണ് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻ്റെ ഉടൻ തിയേറ്ററിൽ എത്തുന്ന ചിത്രം. ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമാവുന്ന ഈ ചിത്രത്തിൽ നായിക കല്യാണി പ്രിയദർശനും സംവിധാനം ചെയ്യുന്നത് അൽത്താഫ് സലീമുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

