തരുൺ മൂർത്തി-മോഹൻലാൽ കൂട്ടുകെട്ട് തുടരും; പുതിയ ചിത്രത്തിന് തുടക്കമായി
text_fieldsമെഗാ ഹിറ്റായ 'തുടരും' എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും ഒത്തുചേരുന്ന പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്. നിരവധി വിജയ ചിത്രങ്ങൾ നിർമിച്ചിട്ടുളള ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ 21ാമത്തെ ചിത്രം കൂടിയാണിത്. പ്രസിദ്ധമായ വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്ന തിരക്കഥ പൂജയോടെയാണ് ചിത്രത്തിന്റെ ഔദ്യോഗികമായ ആരംഭം കുറിച്ചത്.
തരുൺ മൂർത്തിയുടെ എല്ലാ ചിത്രങ്ങൾക്കും തുടക്കമിട്ടത് വൈക്കം മഹാദേവ ക്ഷേത്രത്തിലാണ്. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക, തുടരും എന്നിവയാണ് തരുണിന്‍റെ മുൻ ചിത്രങ്ങൾ. തികച്ചും ലളിതമായ ചടങ്ങിൽ ചിത്രത്തിന്റെ പ്രധാന അണിയറ പ്രവർത്തകർ മാത്രമാണ് പങ്കെടുത്തത്.
ഒരു വലിയ ഇടവേളക്കുശേഷം മോഹൻലാൽ പൊലീസ് കഥാപാത്രമായി തിരിച്ചെത്തുകയാണ് ഈ ചിത്രത്തിലൂടെ. മീര ജാസ്മിനാണ് നായിക. മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. രതീഷ് രവിയുടേതാണ് തിരക്കഥ. സംഗീതം - ജെയ്ക്ക് ബിജോയ്സ്. ഛായാഗ്രഹണം - ഷാജികുമാർ. എഡിറ്റിങ്- വിവേക്ഹർഷൻ. ശബ്ദസംവിധാനം -വിഷ്ണു ഗോവിന്ദ് , വസ്ത്രാലങ്കാരം- മഷർ ഹംസ. പ്രൊഡക്ഷൻ ഡിസൈനർ-ഗോകുൽ ദാസ്. കോ ഡയറക്ഷൻ -ബിനു പപ്പു പ്രൊഡക്ഷൻ കൺട്രോളർ-സുധർമ്മൻ വള്ളിക്കുന്ന്. ജനുവരി 23ന് തൊടുപുഴയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം സെൻട്രൽ പിക്‌ചേഴ്‌സാണ് പ്രദർശനത്തിനെത്തിക്കുന്നത്.
അതേസമയം, കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് 'തുടരും'. റിലീസ് ദിനത്തില്‍ ചിത്രത്തിന്‍റെ നെറ്റ് കലക്ഷന്‍ 5.25 കോടിയായിരുന്നു. രണ്ടാം ദിനത്തില്‍ ചിത്രത്തിന് വന്‍ അഭിപ്രായം ലഭിച്ചതോടെ ഇത് 8.6 കോടിയായി. ആദ്യ ഞായറാഴ്ച 10.5 കോടിയായും കലക്ഷൻ വർധിച്ചു. എമ്പുരാന് ശേഷം ഏറ്റവും വേഗത്തിൽ 50 കോടി നേടുന്ന മലയാള ചിത്രമായി തുടരും മാറിയിരുന്നു. അന്തിമ ബോക്സ് ഓഫിസ് കണക്കുകൾ പ്രകാരം ചിത്രം ലോകമെമ്പാടുമായി ഏകദേശം 237.37 കോടി കലക്ഷൻ നേടിയിട്ടുണ്ട്.
രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് ചിത്രം നിർമിച്ചത്. തരുൺ മൂർത്തിയും കെ.ആർ. സുനിലും ചേർന്നാണ് തിരക്കഥ. ശോഭന, ബിനു പപ്പു, മണിയൻപിള്ള രാജു, ഫർഹാൻ ഫാസിൽ, ഇർഷാദ് അലി, കൃഷ്‌ണ പ്രഭ, തോമസ് മാത്യു, അമൃത വർഷിണി, അബിൻ ബിനോ, ഷൈജു അടിമാലി തുടങ്ങിയവരും മറ്റ് സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

