ജീവനോടെയിരിക്കുന്നതിന് ദൈവത്തിന് നന്ദി -വിജയ് ബാബു
text_fieldsകൊച്ചി: ജീവനോടെയിരിക്കുന്നതിന് ദൈവത്തിന് നന്ദിയെന്ന് നടനും നിർമാതാവുമായ വിജയ് ബാബു. യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞ് ആദ്യമായാണ് വിജയ് ബാബു പ്രതികരിക്കുന്നത്.
'ചോദ്യം ചെയ്യൽ അവസാനിച്ചു. സത്യസന്ധമായും സഹകരിച്ചു. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാൽ മാധ്യമങ്ങളോട് കൂടുതലൊന്നും വെളിപ്പെടുത്താൻ കഴിയില്ല. എഡിറ്റ് ചെയ്യാത്ത തെളിവുകളും വസ്തുതകളും കൈമാറി' -വിജയ് ബാബു സമൂഹമാധ്യമത്തിലെ കുറിപ്പിൽ വ്യക്തമാക്കി.
ഇക്കഴിഞ്ഞ 70 ദിവസവും മനസ്സ് അസ്വസ്ഥമായിരുന്ന എന്നോടൊപ്പം താങ്ങായിനിന്ന് ഈ നിമിഷം വരെ 'ജീവനോടെയിരിക്കാൻ' പ്രേരിപ്പിച്ച ദൈവത്തിന് നന്ദി. അന്തിമ വിജയം സത്യത്തിനു മാത്രമായിരിക്കും. അതുവരെ ഞാനെടുക്കുന്ന സിനിമകൾ എനിക്കുവേണ്ടി സംസാരിക്കും. തൽക്കാലം സിനിമകളെക്കുറിച്ച് മാത്രമേ ഞാൻ സംവദിക്കുകയുള്ളൂ. ഞാൻ എന്നെത്തന്നെ നവീകരിക്കുകയാണെന്നും കുറിപ്പിൽ വ്യക്തമാക്കി.