വിക്രമിന്റെ ഉഗ്രൻ സംഘട്ടനരംഗങ്ങൾ; 'തങ്കലാൻ' ചിത്രീകരണ വിഡിയോ
text_fieldsവിക്രമിനെ കേന്ദ്രകഥാപാത്രമാക്കി പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാൻ. പ്രഖ്യാപനം മുതൽ ആരാധകരും ചലച്ചിത്ര പ്രേമികളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറകാഴ്ചകൾ പുറത്തുവിട്ടിരിക്കുകയാണ് തങ്കാലാൻ ടീം. വിക്രമിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് വിഡിയോ റിലീസ് ചെയ്തിരിക്കുന്നത്.
സംഘട്ടനരംഗങ്ങളുടെ ചിത്രീകരണദൃശ്യങ്ങളാണ് വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉഗ്രൻ ഫൈറ്റ് രംഗങ്ങളും വേദന കടിച്ചമർത്തി മേക്കപ്പിടുന്ന വിക്രമിനെയും വിഡിയോയിൽ കാണാം.അർദ്ധനഗ്നനായ കഥാപാത്രമായാണ് തങ്കലാനിൽ വിക്രം എത്തുന്നത്.
കോലാർ സ്വർണ ഖനി പശ്ചാത്തലമായി അണിയിച്ചൊരുക്കിയ പീരിയോഡിക്കൽ ആക്ഷൻ ചിത്രമാണ് തങ്കലാൻ. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ് തങ്കലാൻ എത്തുന്നത്. ചിത്രത്തിൽ പാർവതി തിരുവോത്തും മാളവികാ മോഹനുമാണ് നായികമാർ. പാർവതിയുടെ ഗംഗമ്മയുടെ ക്യാരക്റ്റർ പോസ്റ്റർ പുറത്തുവന്നിരുന്നു.
പശുപതി, ഹരികൃഷ്ണൻ അൻപുദുരൈ, പ്രീതി കരൺ, മുത്തുകുമാർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. നച്ചത്തിരം നഗർകിറത് എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാൻ. സംവിധായകൻ പാ രഞ്ജിത്തും തമിഴ് പ്രഭും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.അഴകിയ പെരിയവൻ സംഭാഷണവും എ കിഷോർ കുമാർ ഛായാഗ്രഹണവും നിർവഹിക്കുന്നു. എസ്. എസ്. മൂർത്തിയാണ് കലാ സംവിധാനം. ജി.വി പ്രകാശ് കുമാറാണ് സംഗീതസംവിധാനം. കെ.യു. ഉമാദേവി, അരിവ്, മൗനൻ യാത്രിഗൻ എന്നിവരുടേതാണ് വരികൾ. നീലം പ്രൊഡക്ഷൻസും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ. ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

