ശിവകാർത്തികേയന്‍റെ പരാശക്തിയും ദളപതിയുടെ ജന നായകനും ഒരേ ദിവസമോ? പ്രതികരിച്ച് സംവിധായിക
text_fieldsസുധ കൊങ്കര സംവിധാനം ചെയ്യുന്ന ശിവകാർത്തികേയൻ ചിത്രം പരാശക്തിയും ദളപതി വിജയ്യുടെ അവസാന ചിത്രമായ ജന നായകനും ഒരേ ദിവസം പ്രദർശനത്തിന് എത്തുമെന്ന അഭ്യൂഹങ്ങൾക്കിടെ പ്രതികരണവുമായി സംവിധായിക. പരാശക്തി റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
തന്റെ ചിത്രത്തിന്റെ ഏകദേശം 40 ദിവസത്തെ ഷൂട്ടിങ് ഇനിയും ബാക്കിയുണ്ടെന്നും, ശിവകാർത്തികേയന്റെ മറ്റൊരു പ്രോജക്റ്റ് പൂർത്തിയാക്കിയാൽ നിർമാണം പുനരാരംഭിക്കുമെന്നും സംവിധായിക വെളിപ്പെടുത്തി. റിലീസ് തീയതി സംബന്ധിച്ച വാർത്തകളെക്കുറിച്ച് സംസാരിക്കവേ, അന്തിമ തീരുമാനം നിർമാതാക്കളുടേതാണെന്ന് സുധ കൊങ്കര വ്യക്തമാക്കി. വിജയ് ചിത്രവുമായി ബന്ധപ്പെടുത്തിയുള്ള വാർത്തകൾ വെറും ഊഹാപോഹമാണെന്നും അവർ കൂട്ടിച്ചേർത്തു.
സുധ കൊങ്ങരയുമായി ശിവകാർത്തികേയൻ ആദ്യമായി സഹകരിക്കുന്ന ചിത്രമാണ് പരാശക്തി. ഒരു യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിൽ രവി മോഹൻ, അഥർവ, ശ്രീലീല, തുടങ്ങിയവരും അഭിനയിക്കുന്നു. 1937-ലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിലൂടെ ശ്രദ്ധേയനായ അണ്ണാമലൈ സർവകലാശാലയിലെ ഒരു വിദ്യാർഥിയെയാണ് ശിവകാർത്തികേയൻ അവതരിപ്പിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമായ ജനനായകൻ 2026 ലെ പൊങ്കലിന് റിലീസ് ചെയ്യുമെന്നാണ് വിവരം. വിജയ് അവസാനമായി സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ചിത്രം എന്ന നിലയിൽ, ആരാധകർക്കിടയിൽ വലിയ ആവേശവും പ്രതീക്ഷയും ജന നായകൻ സൃഷ്ടിച്ചിട്ടുണ്ട്. പൂജ ഹെഗ്ഡെ, ബോബി ഡിയോൾ, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, പ്രിയാമണി, രേവതി, മമിത ബൈജു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

