തലൈവൻ തലൈവി 100 കോടി കടക്കുമോ? വിജയ് സേതുപതി-നിത്യ മേനൻ ചിത്രം ഇതുവരെ നേടിയത്
text_fieldsവിജയ് സേതുപതിയും നിത്യ മേനനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ചിത്രമായ തലൈവൻ തലൈവി ബോക്സ് ഓഫിസിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ്. ചിത്രം ലോകമെമ്പാടുമായി 75 കോടിയിലധികം കലക്ഷൻ നേടിയെന്നാണ് ഔദ്യോഗിക റിപ്പോർട്ട്.
റിലീസ് ചെയ്ത് 12 ദിവസത്തിനുള്ളിൽ ചിത്രം 75 കോടിയിലധികം കലക്ഷൻ നേടിയതായി നിർമാതാക്കൾ സ്ഥിരീകരിച്ചു. കുടുംബ പ്രേക്ഷകരിൽ ചിത്രം മികച്ച സ്വീകാര്യത നേടുന്നുണ്ടെന്നാണ് റിപ്പോർട്ട്. പാണ്ഡിരാജ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം ആദ്യ ദിവസം ഏകദേശം 4.15 കോടി രൂപ (ഇന്ത്യ നെറ്റ്) നേടിയെന്നാണ് സാക്നിൽക് റിപ്പോർട്ട്. പ്രൊമോഷൻ ചെലവ് ഉൾപ്പെടെ 25 കോടിയുടെ മൊത്തത്തിലുള്ള ബജറ്റിലാണ് തലൈവൻ തലൈവി നിർമിച്ചിരിക്കുന്നത്.
വിജയ് സേതുപതിയും നിത്യ മേനനും ഒന്നിച്ച രണ്ടാമത്തെ ചിത്രമാണിത്. 2022ൽ നിരൂപക പ്രശംസ നേടിയ മലയാളം ചിത്രമായ '19(1)(എ)'യിൽ ഇരുവരും ഒന്നിച്ചിരുന്നു. 'തലൈവൻ തലൈവി' അതിന്‍റെ പശ്ചാത്തലവും വൈകാരിക ആഴവും കൊണ്ട് പ്രേക്ഷകരെ ആകർഷിക്കാൻ ഒരുങ്ങുകയാണ്. വിജയ് സേതുപതിയുടെ 51ാം ചിത്രമാണിത്.
ജൂലൈ 25ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രം നിർമിച്ചത് സത്യ ജ്യോതി ഫിലിംസാണ്. ചെമ്പൻ വിനോദ്, യോഗി ബാബു, ആർ.കെ.സുരേഷ്, ശരവണൻ, ദീപ, ജാനകി സുരേഷ്, റോഷിണി ഹരിപ്രിയ, മൈനാ നന്ദിനി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് നാരായണൻ സംഗീതവും എം. സുകുമാർ ഛായാഗ്രഹണവും പ്രദീപ് ഇ. രാഗവ് എഡിറ്റിങ്ങും നിർവഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

