നടൻ സുധീർ വർമ മരിച്ചു; അന്ത്യം ചികിത്സയിലിരിക്കെ
text_fieldsവിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച തെലുങ്ക് താരം സുധീർ വർമ(33) മരിച്ചു. തിങ്കളാഴ്ച വിശാഖപട്ടണത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. നടൻ സുധാകര്‍ കൊമകുലയാണ് സുധീറിന്റെ മരണ വാര്‍ത്ത സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. 'കുന്ദനപ്പു ബൊമ്മ'എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.
ജനുവരി 18 ന് ഹൈദരാബാദിലെ വീട്ടിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായിരുന്ന നടനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി ഞായറാഴ്ച വിശാഖപട്ടണത്തെ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ആത്മഹത്യ എന്നാണ് പ്രഥമിക നിഗമനം. ആത്മഹത്യയിലേക്ക് നയിച്ച കാരണം വെളിവായിട്ടില്ല.
അതേസമയം സിനിമയിൽ അവസരം ലഭിക്കാത്തതിനെ തുടർന്നുളള നിരാശയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. നടന് ആദരാഞ്ജലി അർപ്പിച്ച് തെലുങ്ക് സിനിമാ ലോകം രംഗത്ത് എത്തിയിട്ടുണ്ട്.
നാടകത്തിലൂടെയാണ് സുധീർ വർമ സിനിമയിൽ എത്തുന്നത്. നീക്കു നാക്കു ഡാഷ് ഡാഷ്', 'കുന്ദനപ്പു ബൊമ്മ', സെക്കന്റ് ഹാന്‍ഡ് എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍