ജോർജുകുട്ടിക്ക് ഇനി എന്ത് സംഭവിക്കും? 'ദൃശ്യം 3' ടീസർ നാളെ വൈകുന്നേരം; റിലീസ് ലാലേട്ടന്റെ ജന്മദിനത്തിൽ
text_fieldsകൊച്ചി: ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ഫ്രാഞ്ചൈസികളിലൊന്നായ 'ദൃശ്യം' പരമ്പരയിലെ മൂന്നാം ഭാഗത്തിന്റെ ടീസർ ഏപ്രിൽ 29ന് പുറത്തിറങ്ങും. ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ടീസർ വൈകുന്നേരം അഞ്ച് മണിക്കാണ് റിലീസ് ചെയ്യുന്നത്. പുതിയ പോസ്റ്ററിനൊപ്പമാണ് അണിയറപ്രവർത്തകർ ഈ വിവരം പുറത്തുവിട്ടത്.
മോഹൻലാലിന്റെ ജന്മദിനമായ മെയ് 21നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഏപ്രിൽ 2ന് നിശ്ചയിച്ചിരുന്ന റിലീസ് ചില കാരണങ്ങളാൽ മാറ്റിവെക്കുകയായിരുന്നു. ആദ്യ രണ്ട് ഭാഗങ്ങൾ പോലെ തന്നെ മൂന്നാം ഭാഗവും സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫാണ്. ജോർജുകുട്ടിയായി മോഹൻലാൽ വീണ്ടും വെള്ളിത്തിരയിലെത്തുമ്പോൾ ആകാംക്ഷയുടെ മുൾമുനയിലാണ് ആരാധകർ.
ചിത്രത്തിൽ മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ, ആശ ശരത്, സിദ്ദിഖ്, മുരളി ഗോപി, കെ.ബി. ഗണേഷ് കുമാർ തുടങ്ങി മുൻ ഭാഗങ്ങളിലുണ്ടായിരുന്ന പ്രധാന താരങ്ങളെല്ലാം മൂന്നാം ഭാഗത്തിലും എത്തുന്നുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. പെൻ സ്റ്റുഡിയോസും പനോരമ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.
2013ൽ തുടങ്ങിയ ദൃശ്യം പരമ്പരയിലെ ആദ്യ രണ്ട് ഭാഗങ്ങളും ആഗോളതലത്തിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. രണ്ടാം ഭാഗത്തിൽ പൊലീസിനെ വെട്ടിച്ച് വീണ്ടും രക്ഷപ്പെട്ട ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും കഥ എങ്ങോട്ടാണ് നീങ്ങുന്നത് എന്നറിയാനാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്. ഇതിനോടകം തന്നെ ചിത്രത്തിന്റെ ഹിന്ദി റീമേക്കും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. അജയ് ദേവ്ഗണാണ് ഹിന്ദിയിൽ വേഷമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

