തമിഴകത്ത് ഇനി റിലീസില്ല; സെപ്റ്റംബർ ഒന്നു മുതൽ സമരവുമായി നിർമാതാക്കൾ
text_fieldsചെന്നൈ: തമിഴ് സിനിമാ മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. ഒ.ടി.ടി റിലീസ് സംബന്ധിച്ച് തിയേറ്റർ ഉടമകളും വിതരണക്കാരും മുന്നോട്ടുവെച്ച പുതിയ നിബന്ധനകളിൽ പ്രതിഷേധിച്ച് നിർമാതാക്കൾ സമരത്തിലേക്ക് കടക്കുന്നു. സെപ്റ്റംബർ ഒന്നു മുതൽ പുതിയ തമിഴ് ചിത്രങ്ങളൊന്നും തിയേറ്ററുകളിൽ റിലീസ് ചെയ്യില്ലെന്ന് നിർമാതാക്കളുടെ സംഘടനകൾ പ്രഖ്യാപിച്ചു. പുതിയ റിലീസുകൾക്ക് പുറമെ സിനിമകളുടെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും പൂർണമായി നിർത്തിവെക്കാനും തീരുമാനിച്ചിട്ടുണ്ട്.
തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലും (TFPC) തമിഴ്നാട് ആക്റ്റീവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സംയുക്തമായാണ് സിനിമാ മേഖലയെ സ്തംഭിപ്പിക്കുന്ന ഈ നിർണായക തീരുമാനമെടുത്തത്.
തർക്കത്തിന് കാരണം ഒ.ടി.ടി റിലീസ് നിബന്ധന
തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന സിനിമകൾ എട്ടാഴ്ചകൾക്ക് ശേഷമേ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ നൽകാവൂ എന്ന നിബന്ധനയാണ് തമിഴ്നാട് തിയേറ്റർ ഓണേഴ്സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും മുന്നോട്ടുവെച്ചത്. ഇത് സംബന്ധിച്ച് നിർമാതാക്കൾ രേഖാമൂലം കരാർ ഒപ്പിടണമെന്നും, പുതിയ സിനിമകൾക്ക് മുൻകൂർ പണം നൽകില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.
എന്നാൽ, നിർമാതാക്കളുടെ സംഘടനകളുമായി യാതൊരുവിധ കൂടിയാലോചനകളും നടത്താതെ തിയേറ്റർ ഉടമകളും വിതരണക്കാരും ഏകപക്ഷീയമായി എടുത്ത ഈ തീരുമാനങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന കർശന നിലപാടിലാണ് പ്രൊഡ്യൂസേഴ്സ് കൗൺസിൽ.
പ്രതിസന്ധി പരിഹരിക്കപ്പെടാത്ത സാഹചര്യത്തിൽ പുതിയ ചിത്രങ്ങളുടെ റിലീസ് തടയുന്നതിനൊപ്പം നിർമാണ ജോലികൾ കൂടിയാകുമ്പോൾ സിനിമാ മേഖല പൂർണ്ണ സ്തംഭനത്തിലേക്കാണ് നീങ്ങുന്നത്. ചലച്ചിത്ര മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനമാർഗ്ഗത്തെ സമരം ഗുരുതരമായി ബാധിക്കുമെന്നതിനാൽ, പ്രശ്നത്തിൽ തമിഴ്നാട് സർക്കാർ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്ന് സംഘടനകൾ സംയുക്തമായി അഭ്യർത്ഥിച്ചു.
അനിശ്ചിതത്വത്തിലായി ബിഗ് ബജറ്റ് ചിത്രങ്ങൾ
നിർമാതാക്കളുടെ പുതിയ തീരുമാനത്തോടെ സെപ്റ്റംബർ ആദ്യ പകുതിയിൽ റിലീസ് ചെയ്യാനിരുന്ന നിരവധി പ്രധാന ചിത്രങ്ങളുടെ റിലീസാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്.
കാർത്തി നായകനാകുന്ന 'സർദാർ 2' (സെപ്റ്റംബർ 10),ജി.വി. പ്രകാശ് കുമാറിന്റെ 'ഇമ്മോർട്ടൽ',സൂരി നായകനാകുന്ന 'മന്ദാടി',അരുൾനിധിയുടെ 'ഡിമോണ്ടെ കോളനി 3'തുടങ്ങിയ ചിത്രങ്ങളുടെ റിലീസിനെയാണ് സമരം ആദ്യഘട്ടത്തിൽ ബാധിക്കുക. പ്രശ്നപരിഹാരം വൈകിയാൽ 2026-ന്റെ രണ്ടാം പകുതിയിൽ റിലീസിനെത്തുന്ന ബിഗ് ബജറ്റ് ചിത്രങ്ങളായ രജനികാന്തിന്റെ 'ജയിലർ 2', ധനുഷിന്റെ 'ഓം', വിജയ് സേതുപതിയുടെ 'ബത്ത', ദളപതി വിജയ്‌യുടെ മകൻ ജെയ്‌സൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന 'സിഗ്മ' എന്നിവയുടെ റിലീസ് തീയതികളെയും ഈ പ്രതിസന്ധി ദോഷകരമായി ബാധിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

