കോവിഡ് പ്രതിരോധത്തിന് 25 ലക്ഷം രൂപ സംഭാവന നൽകി തമിഴ് താരം അജിത്
text_fieldsനടൻ അജിത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനൊപ്പം
ചെന്നൈ: കോവിഡ് സ്ഥിതിഗതികൾ രൂക്ഷമായ തമിഴ്നാട്ടിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് 25 ലക്ഷം രൂപ ധനസഹായം നൽകി തമിഴ് സൂപ്പർതാരം അജിത്. തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് 25 ലക്ഷം രൂപ അജിത് സംഭാവന ചെയ്തത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാവരുടെയും പിന്തുണ വേണമെന്നും സർക്കാറിന്റെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകൾ നൽകണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കഴിഞ്ഞ ദിവസം അഭ്യർഥിച്ചിരുന്നു. ഇതിന് പിന്തുണ പ്രഖ്യാപിച്ചാണ് അജിത് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയതെന്ന് അദ്ദേഹത്തിന്റെ മാനേജർ സുരേഷ് ചന്ദ്ര ട്വിറ്ററിലൂടെ അറിയിച്ചു.
കഴിഞ്ഞ ദിവസം മാത്രം 30000ത്തിലധികം കോവിഡ് കേസുകളും മുന്നൂറിനടത്ത് മരണങ്ങളുമാണ് തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അവിടെ നിന്ന് യഥാർഥ കണക്കുകൾ പുറത്തുവരുന്നില്ലെന്നും മരണം കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്നും ആരോപണങ്ങളുമുണ്ട്.

