ഗ്ലോബൽ ട്രെൻ്റിൽ ഒന്നാമതായി തപ്‌സിയുടെ 'ഗാന്ധാരി'; നെറ്റ്ഫ്ലിക്സിന്റെ ആഗോള നോൺ-ഇംഗ്ലീഷ് ചാർട്ടിൽ ഒന്നാമതെത്തി ഹിന്ദി ചിത്രം
text_fieldsബോളിവുഡ് നടി തപ്സി പന്നുവിന്റെ കരിയറിൽ പുതിയൊരു വലിയ നേട്ടം കൂടി. തപ്സി പന്നു നായികയായി എത്തിയ ആക്ഷൻ ത്രില്ലർ ചിത്രം ‘ഗാന്ധാരി നെറ്റ്ഫ്ലിക്സിന്റെ നോൺ-ഇംഗ്ലീഷ് സിനിമകളുടെ ആഗോള ഗ്ലോബൽ ചാർട്ടിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. റിലീസ് ചെയ്ത് രണ്ടാം ആഴ്ചയിൽ തന്നെ 96 ലക്ഷം വ്യൂസ് വാരിക്കൂട്ടിയാണ് ചിത്രം ഈ റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. ആദ്യ ആഴ്ചയിൽ ലഭിച്ച 59 ലക്ഷം വ്യൂസിന് പിന്നാലെയാണ് രണ്ടാം ആഴ്ചയിൽ ചിത്രത്തിന്റെ കാഴ്ചക്കാരുടെ എണ്ണം ഗണ്യമായി ഉയർന്നത്.
നെറ്റ്ഫ്ലിക്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഒരു ഇന്ത്യൻ നെറ്റ്ഫ്ലിക്സ് ഒറിജിനൽ സിനിമക്ക് ഒരു ആഴ്ചയിൽ ലഭിച്ച ഏറ്റവും ഉയർന്ന വ്യൂസ് എന്ന നേട്ടവും ‘ഗാന്ധാരി’ സ്വന്തമാക്കിയതായി പറയുന്നു.
തപ്സി പന്നുവിന്റെ കരിയറിനെ നോക്കുമ്പോൾ ഈ നേട്ടത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഒരേ തരത്തിലുള്ള കഥാപാത്രങ്ങളിൽ ഒതുങ്ങിനിൽക്കാതെ വ്യത്യസ്തവും വെല്ലുവിളി നിറഞ്ഞതുമായ വേഷങ്ങൾ തെരഞ്ഞെടുക്കുന്നതിലൂടെ സ്വന്തം അഭിനയശൈലി രൂപപ്പെടുത്തിയ നടിയാണ് തപ്സി. ‘പിങ്ക്’ എന്ന ചിത്രത്തിലെ മിനാൽ എന്ന കഥാപാത്രത്തിലൂടെയാണ് അവർ വലിയൊരു പ്രേക്ഷകശ്രദ്ധ നേടിയത്. തുടർന്ന് ‘ബേബി’, ‘നാം ഷബാന’ തുടങ്ങിയ ചിത്രങ്ങളിലൂടെ ആക്ഷൻ രംഗങ്ങളിലേക്കും അവർ കടന്നു.
‘ഗാന്ധാരി’യിൽ തപ്സി അവതരിപ്പിക്കുന്നത് ബാനി എന്ന അമ്മയുടെ കഥാപാത്രമാണ്. തട്ടിക്കൊണ്ടുപോയ മകളെ കണ്ടെത്താനുള്ള ഒരു അമ്മയുടെ പോരാട്ടമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. മകളോടുള്ള സ്നേഹം, വേദന, കോപം, പ്രതികാരബോധം, പ്രതീക്ഷ എന്നിവയെല്ലാം ഒരേസമയം പ്രകടിപ്പിക്കേണ്ട കഥാപാത്രമാണിത്. അതിനാൽ തന്നെ ശാരീരികമായും മാനസികമായും ഏറെ തയാറെടുപ്പ് ആവശ്യമായ വേഷമായിരുന്നു ബാനിയുടേത്.
തപ്സിയുടെ കരിയറിലെ വ്യത്യസ്ത ഘട്ടങ്ങൾ പരിശോധിക്കുമ്പോൾ, ‘ഗാന്ധാരി’യിലെ വിജയം അവരുടെ യാത്രയിലെ മറ്റൊരു പ്രധാന അധ്യായമായി മാറുകയാണ്. സാമൂഹിക പ്രസക്തിയുള്ള ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള തപ്സിയുടെ കഴിവ് തെളിയിച്ച ചിത്രമായിരുന്നു ‘പിങ്ക്’. തുടർന്ന് ‘ബദ്ല’, ‘തപ്പഡ്’, ‘രശ്മി റോക്കറ്റ്’, ‘ഹസീൻ ദിൽറുബ’ തുടങ്ങിയ ചിത്രങ്ങളിലൂടെ വ്യത്യസ്ത സ്വഭാവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് അവർ സ്വന്തം അഭിനയപരിധി കൂടുതൽ വിപുലപ്പെടുത്തി.
ഇപ്പോൾ ‘ഗാന്ധാരി’യിലൂടെ തപ്സി വീണ്ടും വ്യത്യസ്തമായൊരു കഥാപാത്രത്തെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിരിക്കുന്നത്. ഒരു അമ്മയുടെ വൈകാരിക പോരാട്ടത്തെയും അതിനൊപ്പം ശക്തമായ ആക്ഷൻ രംഗങ്ങളെയും കൂട്ടിച്ചേർത്തതാണ് ചിത്രത്തിന്റെ പ്രത്യേകത. രണ്ടാം ആഴ്ചയിൽ വ്യൂസ് വലിയ തോതിൽ ഉയർന്നതും ആഗോള നോൺ-ഇംഗ്ലീഷ് സിനിമാ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയതും ചിത്രത്തിന് അന്താരാഷ്ട്ര തലത്തിൽ ലഭിച്ച ശ്രദ്ധ വ്യക്തമാക്കുന്നതാണ്.
തപ്സി പന്നുവിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു സിനിമയുടെ വിജയത്തിൽ മാത്രം ഒതുങ്ങുന്ന നേട്ടമല്ല. വ്യത്യസ്ത കഥാപാത്രങ്ങളെ തുടർച്ചയായി പരീക്ഷിക്കുകയും പരമ്പരാഗത നായികാ സങ്കൽപ്പങ്ങളിൽ നിന്ന് മാറി പുതിയ മേഖലകളിലേക്ക് കടക്കുകയും ചെയ്ത അവരുടെ കരിയറിലെ മറ്റൊരു ശ്രദ്ധേയമായ നാഴികക്കല്ലാണ് ‘ഗാന്ധാരി’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

