ദളപതിയുടെ ജനനായകന് പിന്നാലെ റിലീസിനൊരുങ്ങി സൂര്യയുടെ ഫാന്‍റസി ആക്ഷൻ ചിത്രം ‘കറുപ്പ്’
text_fieldsസൂര്യ
ആർ. ജെ ബാലാജിയുടെ സംവിധാനത്തിൽ തമിഴ് സൂപ്പർ സ്റ്റാർ സൂര്യ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം കറുപ്പ് തിയറ്ററിലേക്ക്. 2025ൽ റിലീസ് ചെയ്യും എന്നറിയിച്ചിരുന്ന ചിത്രത്തിന്‍റെ ചില പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ തീർപ്പാക്കാത്തതിനാൽ റിലീസ് മാറ്റിവെക്കുകയായിരുന്നു. എന്നാൽ ചിത്രം 2026 ഫെബ്രുവരിയിൽ റിലീസിനെത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. തൃഷ കൃഷ്ണയാണ് നായിക.
സമൂഹത്തിലെ ചില വിഭാഗങ്ങൾ നേരിടുന്ന അനീതിക്കെതിരെ പോരാടാൻ ദൈവത്താൽ സ്വാധീനിക്കപ്പെടുന്ന ഒരു അഭിഭാഷകന്റെ കഥയാണ് കറുപ്പ് എന്ന ചിത്രം പറയുന്നത്. ചിത്രം കഴിഞ്ഞ വർഷം ദീപാവലിക്ക് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. സൂര്യയെ കൂടാതെ തൃഷ കൃഷ്ണൻ, ഇന്ദ്രൻസ്, നട്ടി സുബ്രഹ്മണ്യം, സ്വാസിക, ശിവദ, അനഘ മായ രവി, സുപ്രീത് റെഡ്ഡി, യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കൂടാതെ ആർ.ജെ.ബി തന്നെ ഒരു അതിഥി വേഷത്തിൽ എത്തും എന്ന സൂചനയുമുണ്ട്.
വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന 'സൂര്യ46' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രമായിരിക്കും അടുത്തതായി പുറത്തിറങ്ങുന്ന സൂര്യ ചിത്രം. മമിത ബൈജുവും രവീണ ടണ്ടനുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ചിത്രത്തിൽ ദുൽഖർ സൽമാൻ അതിഥി വേഷത്തിൽ എത്തുമെന്നാണ് സൂചന.
സൂര്യ പൊലീസ് വേഷത്തിൽ എത്തുന്ന ആക്ഷൻ കോമഡി ചിത്രമായ സൂര്യ47 ന്റെ ചിത്രീകരണവും ഇതിനകം ആരംഭിച്ചിട്ടുണ്ട്. ആവേശത്തിന്‍റെ സംവിധായകൻ ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നസ്രിയ നസീമാണ് നായിക. നസ്ലെിനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഈ പ്രോജക്ടിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ജഗരം സ്റ്റുഡിയോസിന്റെ ബാനറിൽ സൂര്യ തന്നെയാണ് ചിത്രം നിർമിക്കുന്നത്. കൂടാതെ സംഗീതസംവിധായകൻ സുഷിൻ ശ്യാമിന്റെ തമിഴ് അരങ്ങേറ്റവുമാണ് ഈ ചിത്രം. ചിത്രത്തിന്‍റെ പൂജയുടേതായി പുറത്തുവന്ന ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

