സൂര്യയുടെ തിരിച്ചുവരവ്; മാസ്സ് ആക്ഷനും ഇമോഷനുമായി 'കറുപ്പ്' മേയ് 14ന് തിയറ്ററുകളിലേക്ക്
text_fieldsസൂര്യ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന 'കറുപ്പ്' എന്ന ചിത്രം മേയ് 14-ന് തിയറ്ററുകളിൽ എത്തുകയാണ്. പ്രശസ്ത താരം ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു പക്കാ മാസ് ഫെസ്റ്റിവൽ എന്റർടൈനർ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ ചിത്രത്തെക്കുറിച്ച് ആർ.ജെ. ബാലാജി പങ്കുവെച്ച വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ഏകദേശം 32 മാസങ്ങൾ എടുത്താണ് താൻ ഈ സിനിമയുടെ തിരക്കഥ പൂർത്തിയാക്കിയതെന്നും, പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന ആ പഴയ സൂര്യയെ ഈ സിനിമയിൽ തിരികെ കൊണ്ടു വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓരോ പത്ത് മിനിറ്റിലും ആവേശം നിറക്കുന്ന നിമിഷങ്ങളുള്ള ഈ ചിത്രം, സൂര്യയുടെ വമ്പൻ തിരിച്ചുവരവായിരിക്കുമെന്നും ബാലാജി കൂട്ടിചേർത്തു.
സൂര്യയെ സംബന്ധിച്ചിടത്തോളം ഈ ചിത്രം ഒരു വ്യത്യസ്ത അനുഭവം നിറഞ്ഞതാണ്. വൈകാരികമായ ആദ്യ പകുതിയും നാടകീയമായ രണ്ടാം പകുതിയും ചേർന്ന 'കറുപ്പ്' ഒരു സ്പൂഫ് മൂവി കൂടിയാണെന്നും, അത് പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുമെന്നും സൂര്യ പറഞ്ഞു. നീണ്ട രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. യുവ സംഗീതജ്ഞൻ സായ് അഭ്യാങ്കർ ഒരുക്കുന്ന ഗാനങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഇന്ദ്രൻസ്, സ്വാസിക, ശിവദ തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് ക്രഡിറ്റ് സീ തമിഴ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. പുതിയ ലുക്കിലും ഭാവത്തിലും സൂര്യയും തൃഷയും എത്തുമ്പോൾ അത് ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് സിനിമാ ലോകം പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

