സൂര്യയുടെ 50-ാമത്തെ ചിത്രം മാരി സെൽവരാജിനൊപ്പം...
text_fieldsസൂര്യ തന്റെ 50-ാമത്തെ ചിത്രത്തിനായി സംവിധായകൻ മാരി സെൽവരാജുമായി സഹകരിക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. വി ക്രിയേഷൻസ് ബാനറിൽ കലൈപ്പുലി എസ്. താണുവാണ് ചിത്രം നിർമിക്കുന്നത് എന്നാണ് വിവരം. നേരത്തെ സൂര്യയും വെട്രി മാരനും ഒന്നിക്കുന്ന വാടിവാസൽ എന്ന ചിത്രത്തിന്റെ നിർമാണം ആരംഭിക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. വി ക്രിയേഷൻസ് ആണ് ഇത് നിർമിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ സിലംബരശൻ ടി.ആർ നായകനാകുന്ന വട ചെന്നൈ (2018) യുനിവേഴ്സിന്‍റെ പുതിയ ചിത്രമായ അരസനുമായി വെട്രിമാരൻ മുന്നോട്ട് പോകുന്നതിനാൽ പദ്ധതി നിർത്തിവെച്ചിരിക്കുകയാണ്.
വെങ്കി അറ്റ്‌ലൂരിയാണ് അദ്ദേഹത്തിന്‍റെ 46-ാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത്. മമിത ബൈജുവും രവീണ ടണ്ടനുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ചിത്രത്തിൽ ദുൽഖർ സൽമാൻ അതിഥി വേഷത്തിൽ എത്തുമെന്നാണ് സൂചന. ആവേശത്തിന്‍റെ സംവിധായകൻ ജിത്തു മാധവനാണ് സൂര്യയുടെ 47-ാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത്. സൂര്യ പൊലീസ് വേഷത്തിൽ എത്തുന്ന ആക്ഷൻ കോമഡി ചിത്രത്തിന്‍റെ ചിത്രീകരണം ഇതിനകം ആരംഭിച്ചിട്ടുണ്ട്. നസ്രിയ നസീമാണ് നായിക. സൂര്യയുടെ 48, 49 ചിത്രങ്ങളുടെ വിശദാംശങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പിന്‍റെ റിലീസിനായി കാത്തിരിക്കുകയാണ് സൂര്യ. 2025ൽ റിലീസ് ചെയ്യും എന്നറിയിച്ചിരുന്ന ചിത്രമായിരുന്നു കറുപ്പ്. ചില പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ തീർപ്പാക്കാത്തതിനാൽ റിലീസ് മാറ്റിവെക്കുകയായിരുന്നു. ചിത്രം 2026 ഫെബ്രുവരിയിൽ റിലീസിനെത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. തൃഷ കൃഷ്ണനായാണ് നായിക. ഇന്ദ്രൻസ്, നട്ടി സുബ്രഹ്മണ്യം, സ്വാസിക, ശിവദ, അനഘ മായ രവി, സുപ്രീത് റെഡ്ഡി, യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കൂടാതെ ആർ.ജെ. ബാലാജി തന്നെ ഒരു അതിഥി വേഷത്തിൽ എത്തും എന്ന സൂചനയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

