വെട്രിമാരൻ സൂര്യയോടൊപ്പമുള്ള സിനിമ ഉപേക്ഷിച്ചോ? വാടിവാസലിന് എന്ത് സംഭവിച്ചു
text_fieldsതിയറ്റർ റിലീസിന് ശേഷം സമ്മിശ്ര പ്രതികരണമാണ് സൂര്യയുടെ റെട്രോ നേടിയത്. താരം ഇപ്പോൾ തന്റെ അടുത്ത പ്രോജക്റ്റായ സൂര്യ 46ൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരുങ്ങുകയാണ്. വെങ്കി അറ്റ്ലൂരിയാണ് ചിത്രത്തിന്‍റെ സംവിധാനം. എന്നാൽ ആരാധകർ ഏറെ പ്രതിക്ഷയോടെ കാത്തിരുന്ന സൂര്യയുടെ വെട്രിമാരൻ ചിത്രമായ വാടിവാസൽ സംവിധായകൻ ഉപേക്ഷിച്ചു എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വെട്രിമാരൻ തൽക്കാലം വാടിവാസൽ ഉപേക്ഷിച്ചു എന്നാണ് റിപ്പോർട്ട്. പകരം, സിലംബരസൻ ടി.ആറിനെ നായകനാക്കി തന്റെ അടുത്ത പ്രോജക്റ്റ് അദ്ദേഹം ഏറ്റെടുത്തിരിക്കുകയാണ്. എന്നാൽ, നിർമാതാക്കളുടെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക അപ്‌ഡേറ്റുകളൊന്നും ഇല്ലാത്തതിനാൽ ഇവ ഇപ്പോഴും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളായി തുടരുന്നു.
ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്ന് റെട്രോ റിലീസ് സമയത്ത് സൂര്യ സ്ഥിരീകരിച്ചിരുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിക്കപ്പെട്ട സിനിമയുടെ ചിത്രീകരണം എന്ന് ആരംഭിക്കും എന്നതിൽ സ്ഥിരീകരണമൊന്നും വന്നിരുന്നില്ല. സൂര്യ വെട്രിമാരൻ കൂട്ടുകെട്ടിലെ ചിത്രം ആരാധകർക്ക് വൻ പ്രതിക്ഷ നൽകുന്നതായിരുന്നു.
സി. എസ്. ചെല്ലപ്പയുടെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതാണ് സിനിമ. ജല്ലിക്കെട്ടാണ് പശ്ചാത്തലമാകുന്നത്. അച്ഛന്റെ മരണത്തിനു കാരണക്കാരനായ ‘കാരി’ എന്ന കാളയെ ജല്ലിക്കെട്ടില്‍ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്ന ‘പിച്ചി’യുടെ കഥയാണ് നോവല്‍. വി ക്രിയേഷൻസിൻ്റെ ബാനറിൽ താനു ചിത്രം നിർമിക്കും. 2021ലാണ് ചിത്രം പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

