തിയറ്ററുകളിൽ തരംഗമായ സൂരി ചിത്രം 'മണ്ടാടി' നെറ്റ്ഫ്ലിക്സിൽ; സ്ട്രീമിംഗ് ആരംഭിച്ചു
text_fieldsചെന്നൈ: ആഗോളതലത്തിൽ 150 കോടിയിലധികം രൂപ കളക്ഷൻ നേടി ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച സൂരിയുടെ സൂപ്പർഹിറ്റ് ആക്ഷൻ ഡ്രാമ ചിത്രം 'മണ്ടാടി' ഒടിടിയിൽ. ചിത്രത്തിന്റെ സ്ട്രീമിംഗ് നെറ്റ്ഫ്ലിക്സിൽ ആരംഭിച്ചു. ഒടിടി റിലീസിനായി കാത്തിരുന്ന ആരാധകർക്ക് ആവേശമായി ഇന്ന് മുതലാണ് ചിത്രം ലഭ്യമായിത്തുടങ്ങിയത്. മതിമാരൻ പുകഴേന്തി സംവിധാനം ചെയ്ത ചിത്രത്തിൽ മലയാളിയായ മഹിമ നമ്പ്യാരാണ് നായിക. റിലീസ് ദിനം മുതൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ 'മണ്ടാടി',തമിഴ്‌നാട്ടിൽ നിന്ന് മാത്രം 100 കോടിയാണ് വാരിയത്.
തമിഴ്‌നാട്ടിലെ 100 കിലോമീറ്റർ ദൈർഘ്യമുള്ള തീരപ്രദേശത്ത് നടക്കുന്ന സവിശേഷമായ കായികയിനത്തെ (സെയിലിംഗ് ബോട്ട് മത്സരം) കേന്ദ്രീകരിച്ചാണ് ഈ കടലോര ആക്ഷൻ ഡ്രാമ ഒരുക്കിയിരിക്കുന്നത്. ഈ മത്സരത്തിലെ മത്സ്യബന്ധന സംഘത്തിന്റെ നേതാവായ 'മണ്ടാടി' എന്ന കഥാപാത്രത്തെയാണ് സൂരി അവതരിപ്പിക്കുന്നത്. സൂരിയെ കരിയറിലെ തന്നെ ഏറ്റവും മികച്ച മാസ്സ് ലുക്കിൽ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്. ആർ.എസ് ഇൻഫോടെയ്ൻമെൻ്റിൻ്റെ ബാനറിൽ എൽറെഡ് കുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തെലുങ്ക് നടൻ സുഹാസ് ആണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്.
ചിത്രത്തിൻ്റെ കേരളത്തിലെ വിതരണം ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ് ആണ് നിർവഹിച്ചിരുന്നത്. സൂരിയെ കൂടാതെ പ്രശസ്ത നടൻ സത്യരാജും ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ, സ്റ്റൺ ശിവ, കൃതിക ബാലസുബ്രഹ്മണ്യം എന്നിവരാണ് മറ്റ് നിർണ്ണായക വേഷങ്ങളിൽ എത്തുന്നത്. ദേശീയ പുരസ്‌കാര ജേതാവ് ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. എസ്.ആർ കതിർ ഛായാഗ്രഹണവും പ്രദീപ് ഇ രാഘവ് എഡിറ്റിംഗും നിർവഹിച്ചു. തമിഴിന് പുറമെ തെലുങ്കിലും ചിത്രം പ്രദർശനത്തിനെത്തിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

